19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 12, 2024
December 11, 2024
December 9, 2024
December 8, 2024
December 7, 2024
December 6, 2024
December 4, 2024
December 3, 2024

ആരംഭിച്ചു, ഇന്ത്യന്‍ ചെസില്‍ സുവര്‍ണകാലം

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2024 10:58 pm

കറുപ്പും വെളുപ്പും കളങ്ങളില്‍ ഇന്ത്യയുടെ സുവര്‍ണയുഗാരംഭം. ചെസ്‌ ഒളിമ്പ്യാഡിൽ സമഗ്രാധിപത്യത്തോടെയുള്ള ഇരട്ടസ്വര്‍ണം ഇതിനെ ഔദ്യോഗികമായി അടയാളപ്പെടുത്തുന്നു. ചെസില്‍ ഏറെക്കാലമായി ഇന്ത്യ തുടരുന്ന മികച്ച പ്രകടനങ്ങളുടെ തുടർച്ചയാണ് ചെസ് ഒളിമ്പ്യാഡിലെ കിരീടനേട്ടം. ടീം സ്വർണത്തിന് പുറമെ ഇന്ത്യ നാല് വ്യക്തിഗത സ്വർണ മെഡലുകളും നേടി. ഓപ്പണ്‍ വിഭാഗത്തില്‍ ഡി ഗുകേഷ്, അർജുൻ എറിഗൈസി. വനിതാ വിഭാഗത്തിൽ ദിവ്യ ദേശ്മുഖ്, വന്തിക അഗർവാൾ എന്നിവരാണ് വ്യക്തിഗത സ്വർണത്തിന് അര്‍ഹരായത്. മികച്ച ഓവറോൾ പ്രകടനത്തിനുള്ള നോന ഗപ്രിന്ദാഷ്വിലി ട്രോഫിയും ഇന്ത്യ സ്വന്തമാക്കി. ജോര്‍ജിയന്‍ വനിതാ ഗ്രാന്‍ഡ്‌മാസ്റ്റര്‍ നോന ഗപ്രിന്ദാഷ്വിലിയുടെ പേരിലുള്ള ഓവറോള്‍ ട്രോഫി 2022 ല്‍ ചെന്നൈയില്‍ നടന്ന ഒളിമ്പ്യാഡിലും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 

ഇത്തവണ ഓപ്പൺ വിഭാഗത്തിൽ 11 റൗണ്ടിൽ ഒറ്റക്കളിയും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടത്തിലെത്തിയത്. നിലവിലെ ചാമ്പ്യൻമാരായ ഉസ്‌ബക്കിസ്ഥാനോട്‌ ഒമ്പതാംറൗണ്ടിൽ സമനിലയായി. കരുത്തരായ അമേരിക്കയെയും ചൈനയെയും അനായാസം കീഴടക്കി. ആകെ നേടാന്‍ കഴിയുന്ന 22ല്‍ 21 പോയിന്റോടെയാണ് ഇന്ത്യ ജേതാക്കളായത്. യുഎസിനെയും ഉസ്ബെക്കിസ്ഥാനെയും അപേക്ഷിച്ച് നാല് പോയിന്റ് മുന്നില്‍. 2008‑ൽ മാച്ച് പോയിന്റ് സമ്പ്രദായം ആരംഭിച്ചതിന് ശേഷം സ്വർണ‑വെള്ളി മെഡൽ ജേതാക്കൾ തമ്മിലുള്ള ഏറ്റവും വലിയ വിടവാണിത്. വനിതകളുടെ ഇനത്തിൽ 22 ല്‍ 19 സ്കോർ ഇന്ത്യ നേടി. റണ്ണറപ്പായ കസാക്കിസ്ഥാൻ 18 പോയിന്റ് നേടി. 

ലോക മൂന്നാം റാങ്കുകാരനായ അർജുൻ എറിഗൈസിയുടെ മികവ്‌ നിർണായകമായി. 11 കളിയിലും അണിനിരന്ന എറിഗൈസി ഒമ്പതിലും വിജയം നേടി. രണ്ടെണ്ണത്തിൽ സമനില. ഡി ഗുകേഷും മികച്ച ഫോമിലായിരുന്നു. പത്തുകളിയിൽ എട്ടും ജയിച്ചു. രണ്ടെണ്ണം സമനിലയായി. ആർ പ്രഗ്യാനന്ദ പ്രതീക്ഷിച്ച ഫോമിലായിരുന്നില്ല. ടീമിലെ ഏക തോൽവി പ്രഗ്യാനന്ദയുടെ പേരിലാണ്. പത്തു കളിയിൽ മൂന്നു ജയം. ആറെണ്ണം സമനിലയായി. വിദിത് ഗുജറാത്തി അഞ്ചുവീതം ജയവും സമനിലയും നേടി. ടീമിലെ അഞ്ചാമനായ പി ഹരികൃഷ്‌ണയ്‌ക്ക്‌ മൂന്നു കളിയിലാണ്‌ അവസരം കിട്ടിയത്‌. രണ്ടെണ്ണം ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയായി. 

ഇന്ത്യ ചെസിന്റെ അമരത്തേക്ക് എത്തുമ്പോള്‍ വിശ്വനാഥൻ ആനന്ദിന് ഏറെ പങ്കുണ്ട്. ഒളിംപ്യാഡില്‍ പങ്കെടുത്ത പ്രഗ്യാനന്ദയും ഗുകേഷും അടക്കമുള്ളവർ ആനന്ദിന്റെ ചെസ് അക്കാദമിയിലൂടെ വന്നവരാണ്. ടീമിലെ പല താരങ്ങളുടേയും ഉപദേഷ്ടാവും ആനന്ദ് തന്നെയാണ്. ‘നല്ല സ്വര്‍ണ പ്രതീക്ഷ തനിക്കുണ്ടായിരുന്നുവെന്ന് ആനന്ദ് പറഞ്ഞു. ഇത് യാദൃശ്ചികമൊന്നുമല്ല. പക്ഷേ എന്റെ പ്രതീക്ഷകളെയും കടത്തി വെട്ടുന്നതാണ്. യുവതാരങ്ങളെ വഴി കാട്ടുന്നതില്‍ സംതൃപ്തനാണ്. സവിശേഷ കഴിവുകളുള്ള നിരവധി താരങ്ങളുണ്ട്. അവർ എന്നില്‍ വിശ്വാസം അർപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാ ഭാഗങ്ങളിലും കഴിവുള്ള താരങ്ങളെ ഒരുമിച്ച്‌ കിട്ടിയതും അതെല്ലാം നേരായ രീതിയില്‍ സമന്വയിക്കപ്പെട്ട് ഫലമായി മാറിയതുമാണ് സുവർണ നേട്ടത്തിലെത്താൻ കാരണമായതെന്ന് ആനന്ദ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.