22 December 2024, Sunday
KSFE Galaxy Chits Banner 2

ഡോ. മേരി പുന്നൻ ലൂക്കോസ് ഇന്ത്യയിൽ ആദ്യ വനിതാ സാമാജിക സ്ഥാനമേറ്റിട്ട് നൂറു വര്‍ഷം

Janayugom Webdesk
September 24, 2024 2:34 pm

1924 സെപ്റ്റംബർ 23നാണ് ഇന്ത്യയിൽ ആദ്യമായി ഒരു വനിത ഒരു നിയമനിർമ്മാണസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നത്. അന്നത്തെ ദർബാർ ഫിസിഷ്യനായിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസ് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതോടെയാണ് നിയമനിർമ്മാണസഭകളിലെ സ്ത്രീപ്രാതിനിധ്യത്തിന് അടിത്തറ പാകിയത്.
ആദ്യ വനിതാ സാമാജിക സ്ഥാനമേറ്റതിന്റെ ശതാബ്ദി ആചരിക്കുകയാണ് കേരള നിയമസഭ. തിരുവിതാംകൂറിലെ ആദ്യ ബിരുദധാരിണി, ലണ്ടനിൽ നിന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത, തിരുവിതാംകൂർ ദർബാർ ഫിസിഷ്യനായ ആദ്യ വനിതാ സാമാജിക തുടങ്ങി പല നിലകളിൽ ആദ്യസ്ഥാനക്കാരിയാണ് ഡോ. മേരി പുന്നൻ ലൂക്കോസ്.
കോട്ടയം അയ്മനം തേർത്താനത്ത് കുടുംബാംഗമായിരുന്നു ഡോ. മേരി. അച്ഛൻ ഡോ. ടി ഇ പുന്നനും കൊട്ടാരം വൈദ്യനായിരുന്നു. 1925, 1928 കൗൺസിലുകളിലും 1933ലെ ശ്രീമൂലം അസംബ്ലിയുടെ ഒന്നും രണ്ടും സഭകളിലും ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലിന്റെ ഒന്നും രണ്ടും സമിതികളിലും അംഗമായി.

ഇംഗ്ലണ്ടിൽനിന്ന് മടങ്ങിവന്നപ്പോൾ ഡോ. മേരി തൈക്കാട് ആശുപത്രിയിൽ ചേർന്നു. ഇവിടെ സൂപ്രണ്ടുമായി. റാന്തൽവെളിച്ചത്തിൽ ഇവർ നടത്തിയ സിസേറിയൻ കേരളത്തിലെ ആദ്യത്തേതാണ്. 1938ൽ ആദ്യ വനിതാ സർജൻ ജനറലായി. നഴ്സുമാർക്കായി പരിശീലനകേന്ദ്രങ്ങളും നാഗർകോവിലിൽ ക്ഷയരോഗ സാനിറ്റോറിയവും തിരുവനന്തപുരത്ത് എക്സ്‌റേ ആന്റ് റേഡിയം ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കാൻ നേതൃത്വംനൽ‌കി. 1975ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു.
ട്രാവൻകൂർ ഹൈക്കോടതി ജഡ്ജിയായിരുന്ന കെ കെ ലൂക്കോസായിരുന്നു ഭർത്താവ്. മകൻ: കെ പി ലൂക്കോസ് ബൾഗേറിയയിൽ അംബാസഡറായി. മകൾ: ഡോ. ഗ്രേസ് ലൂക്കോസ്.

സ്ഥാനമേറ്റതിന്റെ ശതാബ്ദി നിയമസഭ ആചരിക്കും
നിയമസഭകളിൽ സ്ത്രീപ്രാതിനിധ്യത്തിന് അടിത്തറയിട്ട സംഭവത്തിന്റെ ശതാബ്ദി കേരള നിയമസഭ ആചരിക്കും. കേരള നിയമസഭയ്ക്കു വേണ്ടി, സഭാ ടിവി തയ്യാറാക്കിയ ‘ഡോ. മേരി പുന്നൻ ലൂക്കോസ്: ചരിത്രം പിറന്ന കൈകൾ’ എന്ന ഡോക്യുമെന്ററി 15-ാം കേരള നിയമസഭയുടെ ഒക്ടോബർ നാല് മുതൽ ആരംഭിക്കാനിരിക്കുന്ന 12-ാം സമ്മേളന കാലയളവിൽ റിലീസ് ചെയ്യും.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.