19 December 2024, Thursday
KSFE Galaxy Chits Banner 2

സ്വർണവില വീണ്ടും കുതിക്കുന്നു

എവിൻ പോൾ
കൊച്ചി
September 25, 2024 1:36 pm

സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചിട്ടും അന്താരാഷ്ട്ര വിപണിയിലെ സ്വാധീനത്തെ തുടർന്ന് രാജ്യത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇതോടെ സ്വർണം വാങ്ങുകയെന്നത് സാധാരണക്കാർക്ക് അപ്രാപ്യമായി. കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഇന്നലെ ഗ്രാമിന് റെക്കോഡ് വിലയായ 7060 രൂപയിലേക്കെത്തി. പവന് 480 രൂപ വർധിച്ച് 56,480 രൂപയായി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ സ്വർണത്തിന് 2700 രൂപയിലധികം വില ഉയർന്നിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ ഉപയോക്താക്കൾക്ക് പണിക്കൂലിയും ജിഎസ്‌ടിയും ചേർത്ത് 61,000 രൂപയോളമാണ് ചെലവാക്കേണ്ടി വരിക. 24 കാരറ്റ് സ്വർണത്തിന് 7,702 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,777 രൂപയിലുമായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണ വ്യാപാരം.

ഇന്ത്യയിൽ ഉപയോഗിക്കുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാൽ ഇറക്കുമതി തീരുവ രാജ്യത്തെ സ്വർണ വില നിർണയിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. കസ്റ്റംസ് തീരുവ ആറ് ശതമാനമാക്കി കേന്ദ്രം കുറച്ചതിനെ തുടർന്ന് ജൂലൈ പകുതിയോടെ വിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടത് ഒഴിച്ചാൽ പിന്നീട് സ്വർണ വിലയിൽ കുതിച്ചു ചാട്ടം തുടരുകയായിരുന്നു. ഈ മാസം ആദ്യം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,695 രൂപയും 24 കാരറ്റ് സ്വർണത്തിന് 7,304 രൂപയായിരുന്നു വില. പടിപടിയായി ഉയർന്ന സ്വർണവില ഈ മാസം പകുതിയോടെയാണ് വലിയ രീതിയിൽ കുതിപ്പ് ആരംഭിച്ചത്. നിലവിൽ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി. അന്താരാഷ്ട്ര സ്വർണവില 2,665 ഡോളറിലെത്തിയപ്പോൾ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വിലക്രമാതീതമായി വർധിക്കുന്നതെന്നാണ് സ്വർണ വ്യാപാരികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.