29 September 2024, Sunday
KSFE Galaxy Chits Banner 2

എലിപ്പനി; ജാഗ്രത പാലിക്കണം: കാസര്‍കോട് ജില്ലാ മെഡിക്കൽ ഓഫിസർ

Janayugom Webdesk
കാസര്‍കോട്
September 25, 2024 5:05 pm

ജില്ലയിൽ ചില പ്രദേശങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എലിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു. ലെപ്‌റ്റോസ്‌പൈറ (Lep­tospiro­sis) ബാക്ടീരിയ മൂലമുണ്ടാകുന്ന രക്ത അണുബാധയാണ് എലിപ്പനി , ഇത് മനുഷ്യരെയും നായ്ക്കളെയും എലികളെയും മറ്റ് വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ബാധിക്കും.
പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ — ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കൂടി കണ്ടാൽ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാൽ മരണം സംഭവിക്കാം.
എലിപ്പനി വരാതിരിക്കുന്നതിനായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുകയോ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യാതിരിക്കുക.എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിക്ക് കാരണമാകും.

കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവർ, മൃഗ പരിപാലകർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി രോഗബാധയേൽക്കാൻ സാധ്യതയുള്ളവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം.
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി ഉപയോഗിക്കുക. അവൽ പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയുള്ള സാഹചര്യത്തിൽ തയ്യാറാക്കിയവ മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക,ശീതള പാനീയ കുപ്പികളും പാക്കറ്റുകളും കുടിവെള്ള കുപ്പികളും മറ്റു ഭക്ഷണ പാക്കറ്റുകളും എലി കയറാത്ത രീതിയിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ കച്ചവടക്കാർ ശ്രദ്ധിക്കണം. 

ഇത്തരം പാക്കറ്റുകളും കുപ്പികളും വൃത്തിയാക്കിയ ശേഷം പൊട്ടിച്ചു ഉപയോഗിക്കാനും ശ്രദ്ധിക്കണം. രോഗസാധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർ പനി അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടണം. ഡോക്ടറോട് ജോലി ചെയ്ത ഇടത്തെ കുറിച്ച് സൂചിപ്പിക്കുകയും അസുഖവിവരം അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ചെയ്യുക. സ്വയം ചികിത്സ പാടില്ലെന്നും ഡി എം ഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.