16 January 2026, Friday

Related news

January 16, 2026
January 11, 2026
December 26, 2025
December 9, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 23, 2025
November 10, 2025

സിപിഐ ജില്ലാ നേതൃത്വ ക്യാമ്പിന് തുടക്കമായി, തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകാന്‍; കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കണം: ബിനോയ് വിശ്വം

Janayugom Webdesk
കോട്ടയം
September 29, 2024 11:09 am

തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ നേട്ടങ്ങളും വിജയങ്ങളും എല്ലാവരുടെയും കൂടിയാണ്. പരാജയങ്ങളിലും എല്ലാവര്‍ക്കും പങ്കുണ്ട്. ആവശ്യമായ തിരുത്തലുകളുമായി മൂല്യബോധമുള്ള, ഉള്‍ക്കാമ്പുള്ള പാര്‍ട്ടിയായി മുന്നോട്ട് പോകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കണം. ഏതവസ്ഥയിലും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ നിലവാരം ഉറപ്പാക്കണം. സമൂഹത്തിലെ കാതലായ വിഷയങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണം. നേരും നെറിയും സമത്വവുമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് സാധിക്കുന്നത്. ജനബന്ധമാണ് പാര്‍ട്ടിയുടെ പ്രാണവായു. അത് നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞാല്‍ വിജയവും ഉറപ്പാണ്. ഒപ്പം കമ്യൂണിസ്റ്റ് മൂല്യങ്ങളിലും ആശയങ്ങളിലും പ്രവര്‍ത്തനത്തിലും പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. അതിന് ആശയപരമായ വിദ്യാഭ്യാസം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടയത്ത് കുട്ടികളുടെ ലൈബ്രറി കോമ്പൗണ്ടിലുള്ള ശ്രുതി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പില്‍ അഡ്വ. തോമസ് വി ടി ലീഡറും ഹേമലത പ്രേംസാഗര്‍ ഡെപ്യൂട്ടി ലീഡറുമായിരുന്നു. 2025 ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ന് പൊതുചര്‍ച്ച നടക്കും. ജില്ലയിലെ പതിനൊന്ന് മണ്ഡലം കമ്മറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറ്റിഅമ്പതു പ്രതിനിധികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഉച്ചകഴിഞ്ഞ് സിപിഐ ദേശീയ നിർവാഹക സമിതിയംഗം അഡ്വ. കെ പ്രകാശ്ബാബു ക്ലാസ് നയിച്ചു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാം വർഷമാണ് 2025. ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ പരിപാടികൾക്ക് ക്യാമ്പിൽ രൂപം നൽകും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ ഇന്ന് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, പി കെ കൃഷ്ണന്‍, ഒ പി എ സലാം, അഡ്വ. വി കെ സന്തോഷ് കുമാര്‍, ലീനമ്മ ഉദയകുമാര്‍, അഡ്വ. ശുഭേഷ് സുധാകരന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ മോഹന്‍ ചേന്നംകുളം, ജോണ്‍ വി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.