30 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024
May 30, 2024
May 20, 2024
May 20, 2024
May 16, 2024
May 16, 2024

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഇഡി അന്വേഷണം

Janayugom Webdesk
ബംഗളൂരു
September 30, 2024 10:39 pm

മുഡ ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രംഗത്ത്. സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡിയും കേസെടുത്തിരിക്കുന്നത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി നിര്‍ദേശപ്രകാരമായിരുന്നു ലോകായുക്ത പൊലീസിന്റെ കേസ്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് നല്‍കിയ അനുമതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയായിരുന്നു. ഭൂമികുംഭകോണ കേസില്‍ ഇഡി കേസെടുക്കുന്നതോടെ സിദ്ധരാമയ്യയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും കടക്കാന്‍ കഴിയും. കേസില്‍ ഉടന്‍തന്നെ സിദ്ധരാമയ്യയ്ക്കും മറ്റ് പ്രതികള്‍ക്കും നോട്ടീസ് നല്‍കുമെന്നും ഇഡി വൃത്തങ്ങള്‍ സൂചന നല്‍കി.

മലയാളിയായ വിവരാവകാശ പ്രവർത്തകന്‍ ടി ജെ എബ്രഹാം അടക്കം മൂന്നുപേരാണ് ലോകായുക്തയില്‍ പരാതി നല്‍കിയിട്ടുള്ളത്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിട്ടി (മുഡ)യുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്. ഇത് പ്രകാരം കുറഞ്ഞ വിലയുള്ള ഭൂമി ഏറ്റെടുത്ത ശേഷം ഉയര്‍ന്ന വിലയുള്ള ഭൂമി പകരം വിട്ടുനല്‍കി സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. 

സിദ്ധരാമയ്യയ്‌ക്കെതിരായ ആരോപണത്തില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകായുക്ത പൊലീസിന്റെ നാല് സ്‌പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക. മൈസൂരു ലോകായുക്ത ഡിവൈഎസ്‌പി എസ് കെ മല്‍തീഷ്, ചാമരാജ് നഗര്‍ ഡിവൈഎസ്‌പി മാത്യു തോമസ്, മൈസൂരു പൊലീസ് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍, മടിക്കേരി ഇന്‍സ്‌പെക്ടര്‍ ലോകേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകള്‍ അന്വേഷണം നടത്തുമെന്ന് മൈസൂരു ലോകായുക്ത എസ് പി ടി ജെ ഉദേഷ് അറിയിച്ചു.

കേസില്‍ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി എം പാര്‍വതി രണ്ടും പ്രതികളാണ്. പാര്‍വതിയുടെ സഹോദരന്‍ ബി മല്ലികാര്‍ജുന സ്വാമിയാണ് മൂന്നാം പ്രതി. വിവാദ ഭൂമിയുടെ പഴയ ഉടമ എ ദേവരാജ് നാലാം പ്രതിയാണ്. 1988ലെ അഴിമതി തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കര്‍ണാടക ഭൂമി പിടിച്ചെടുക്കല്‍ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണം നടത്തി ഡിസംബര്‍ 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മൈസൂരു പ്രത്യേക കോടതിയുടെ ഉത്തരവ്.
അഴിമതിക്കേസിൽ പ്രതിയാക്കപ്പെടുന്ന ഏറ്റവും ഒടുവിലത്തെ പ്രതിപക്ഷ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. നേരത്തെ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേൻ, ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അടുത്തിടെ രാജിവച്ച അരവിന്ദ് കെജ്‌രിവാൾ എന്നിവരെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസത്തോളം തിഹാർ ജയിലിൽ കിടന്നതിന് ശേഷമാണ് കെജ്‌രിവാളിന് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. അഞ്ച് മാസത്തിന് ശേഷമാണ് സൊരേന് ജാമ്യം നേടാനായത്. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ചോദ്യം ചെയ്ത് ഇഡി സുപ്രീം കോടതിയിലെത്തിയെങ്കിലും പരമോന്നത കോടതി ഇടപെട്ടിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.