28 December 2025, Sunday

Related news

December 23, 2025
December 19, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025

സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം;നിശബ്ദമാണെങ്കിലും പ്രചോദനമായി സാന്ദ്ര

Janayugom Webdesk
കണ്ണൂര്‍
October 4, 2024 10:20 pm

നന്ദി… മകള്‍ നന്നായി നൃത്തം ചെയ്തുവെന്ന ആ നല്ല വാക്കുകള്‍ക്ക്’ ആംഗ്യഭാഷയില്‍ സുഭാഷ് അതു പറഞ്ഞപ്പോള്‍ മകള്‍ സാന്ദ്രയെ ചേര്‍ത്തുനിര്‍ത്തി ഭാര്യ സന്ധ്യയും മൂകമായി ഒപ്പം ചേര്‍ന്നു. കോഴിക്കോട് കരുണാ സ്പീച്ച് ആന്റ് ഹിയറിങ്ങ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സാന്ദ്ര, നാടോടിനൃത്തത്തില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിന് സദസിന്റെ നിറഞ്ഞ കയ്യടി നേടി.
സുഭാഷിനും സന്ധ്യക്കും മാത്രമല്ല സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന് മക്കള്‍ക്കൊപ്പം എത്തിയ എല്ലാ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പറയാനുള്ളത് ഇങ്ങനെയൊരവസരം ലഭിച്ചതില്‍ ഏറെ സന്തോഷമാണെന്നാണ്. പരിമിതികളെ മറികടന്നുള്ള ഓരോ കുട്ടികളുടെയും പ്രകടനത്തിന് അകമഴിഞ്ഞ പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

പൂര്‍ണമായും കേള്‍വിശക്തിയില്ലാത്ത സാന്ദ്ര എട്ടുദിവസം കൊണ്ടാണ് നൃത്തച്ചുവടുകള്‍ പഠിച്ചെടുത്തത്. സാധാരണ സംഘനൃത്തത്തിന് മത്സരിക്കാറുണ്ടെങ്കിലും ആദ്യമായാണ് നാടോടി നൃത്തം അവതരിപ്പിച്ചത്. എ ഗ്രേഡും ഈ കൊച്ചുമിടുക്കി കരസ്ഥമാക്കി. നൃത്താധ്യാപകന്‍ ദിലീപ് വേദിക്കുപുറത്തുനിന്ന് കാണിച്ചുകൊടുത്ത ചുവടുകള്‍ സാന്ദ്രക്ക് വേദിയില്‍ സഹായമായി. 

മലപ്പുറം താനൂര്‍ സ്വദേശികളായ സുഭാഷിന്റെയും സന്ധ്യയുടെയും മൂത്ത മകളാണ് സാന്ദ്ര. തിരൂരങ്ങാടിയിലെ എംപ്ലോയിമെന്റ് എക്സ്ചേഞ്ചില്‍ എല്‍ഡി ക്ലര്‍ക്ക് ആയ സുഭാഷിനും ഭാര്യ സന്ധ്യക്കും കേള്‍വിശക്തിയും സംസാരശേഷിയുമില്ല. മൂന്നാം ക്ലാസുകാരനായ മകന്‍ സാരംഗിനും പരിമിതികളുണ്ട്. മക്കള്‍ രണ്ടുപേരും കോഴിക്കോട് ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. ബുദ്ധിപരമായ വെല്ലുവിളികള്‍, കാഴ്ചപരിമിതി, കേള്‍വിപരിമിതി എന്നീ മൂന്നു വിഭാഗങ്ങളിലായി 1,600 ഓളം കുട്ടികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.