മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരം ഹോട്ടല്‍ ശൃംഖലയാക്കന്നുള്ള ഡാല്‍മിയ ഗ്രൂപ്പിന്റെ നീക്കത്തിന് തല്‍ക്കാലം ചുവപ്പ് കൊടി. സിമന്റ് നിര്‍മ്മാണ മേഖലയിലെ വമ്പന്‍മാരുടെ പദ്ധതി വിവരം പുറത്തുവന്നത് വന്‍ വിവാദം സൃഷ്ടിച്ചതോടെയാണ് ആദ്യതീരുമാനത്തില്‍ നിന്ന് കേന്ദ്ര സംസ്കാരിക മന്ത്രാലയം പിന്നാക്കം പോയത്.
ഡാല്‍മിയ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സഭ്യത ട്രസ്റ്റിന് ഹുമയൂണിന്റെ ശവകുടീരത്തില്‍ റസ്റ്ററന്റ്, എലിവേറ്റര്‍ തുടങ്ങിയ സംവിധാനം ഏര്‍പ്പെടുത്തി മോടിപിടിപ്പിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതി അനുവദിച്ച രേഖ ‘ദി വയര്‍’ ആണ് പരസ്യമാക്കിയത്. വിവാദ തീരുമാനത്തെ എതിര്‍ത്ത് സംസ്കാരിക‑ചരിത്ര പണ്ഡിതന്‍മാരും മുസ്ലിം സംഘടനകളും രംഗത്തുവന്നതോടെയാണ് യുനസ്കോ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ശവകുടീരം സ്വകാര്യ ഗ്രൂപ്പിന് നല്‍കില്ലെന്ന് സംസ്കാരിക മന്ത്രാലയം നിലപാട് മാറ്റിയത്.
ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഫേ, എലിവേറ്റര്‍ സംവിധാനം എന്നിവ അനുവദിക്കില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ലൈറ്റ് ആന്റ് സൗണ്ട് ഷോ, പാചകം എന്നിവ നടത്താനും നിരോധമുണ്ട്. ഡാല്‍മിയ ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതിരേഖയില്‍ ഹുമയൂണ്‍ ശവകുടീരത്തിന് പുറമേ സഫ്ദര്‍ജങ് ശവകൂടീരം. പുരാന ക്വില, മെഹ്റൗളി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും സഭ്യത ഗ്രൂപ്പിന്റെ കച്ചവട സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശമുണ്ട്.
രാജ്യത്തെ പൈതൃക കേന്ദ്രങ്ങള്‍ കച്ചവട കേന്ദ്രങ്ങളും ഹോട്ടലുകളുമാക്കി മാറ്റാനുള്ള വിവാദ തീരുമാനം വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. എന്നാല്‍ പദ്ധതികള്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നാണ് സംസ്കാരിക മന്ത്രാലയം വിശദമാക്കുന്നത്. ഹൂമയൂണ്‍ ശവകുടീരം അടക്കമുള്ള ഇടങ്ങളില്‍ ഹോട്ടല്‍— എലിവേറ്റര്‍ എന്നിവ സ്ഥാപിച്ച് വിനോദസഞ്ചാരത്തിനായി നല്‍കാനുള്ള സഭ്യത ഫൗണ്ടേഷന്‍ പദ്ധതിരേഖ പരിശോധിച്ച് വരികയാണെന്നും മന്ത്രാലയം പറഞ്ഞു. എന്നാല്‍ ദി വയര്‍ നടത്തിയ അന്വേഷണത്തില്‍ മന്ത്രാലയവും സഭ്യത ഫൗണ്ടേഷനും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണാ പത്രം ഒപ്പിട്ടതായി പറയുന്നു.
രാജ്യത്തെ പൈതൃക കേന്ദ്രങ്ങളുടെ പരിപാവനത നശിപ്പിക്കുന്നവിധത്തില്‍ ഹോട്ടലുകളും കഫേകളും സ്ഥാപിച്ച് വാണിജ്യവല്‍ക്കരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനം ചരിത്രത്തെ ഇരുട്ടറയില്‍ അടയ്ക്കാനുള്ള ഗൂഢപദ്ധതിയുടെ ആരംഭമാണെന്ന് ചരിത്രകാരന്മാര്‍ പ്രതികരിച്ചു. മുഗള്‍ ചക്രവര്‍ത്തിമാരുടെ ശവകുടീരം തന്നെ ഇത്തരം കേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ പ്രത്യേക താല്പര്യം അടങ്ങിയിരിക്കുന്നതായും ഇവര്‍ പറഞ്ഞു. മുസ്ലിം ചരിത്രവും ചക്രവര്‍ത്തിമാരെയും തിരസ്കരിക്കാനുള്ള ആസൂത്രിത നീക്കം ഇതിനു പിന്നിലുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.