15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 15, 2024
October 11, 2024
October 9, 2024
September 27, 2024
September 1, 2024
July 12, 2024
July 10, 2024
July 1, 2024
May 9, 2024
March 25, 2024

സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശബരിമലയില്‍ സ്പോട്ട് ബുക്കിംങ് ഒഴിവാക്കിയതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍

Janayugom Webdesk
തിരുവനന്തപുരം
October 9, 2024 4:10 pm

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗ മാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം 80,000‑ന് മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. ഇതിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മാത്രം മതിയോ എന്നും സ്പോട്ട് ബുക്കിംഗ് അനുവദിക്കേണ്ടതുണ്ടോ എന്നും യോഗം വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. സ്പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയാല്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞുപോകുന്നതാണ് മുന്‍കാലങ്ങളില്‍ കാണുന്നത്. തിരക്ക് വര്‍ധിക്കുന്നത് തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തിരിക്ക് നിയന്ത്രിക്കുന്നതിനും മറ്റ് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതിനും പ്രതികൂലമായി ബാധിക്കുമെന്നും സുഗമമായ തീര്‍ത്ഥാടനത്തിന് തടസ്സം വരുത്തുമെന്നും യോഗം വിലയിരുത്തി. അതുകൊണ്ടു തന്നെ 2024–25 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിമാത്രം തീര്‍ത്ഥാടകരെ അനുവദിക്കുന്നതാണ് സുഗമമായ തീര്‍ത്ഥാടനത്തിന് ഉചിതമെന്ന് വിലയിരുത്തി തീരുമാനമെടുത്തെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ തീർത്ഥാടനകാലത്ത് ആദ്യഘട്ടത്തിൽ വെർച്ച്വൽ ക്യൂ വഴി 90000 പേർക്കും സ്പോട്ട് ബുക്കിങ്ങിൽ 10000 പേർക്ക് പ്രവേശനം നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ 80000 വും 10000 വുമായി നിജപ്പെടുത്തി മൂന്നാം ഘട്ടത്തിൽ ഇത് 70000 വും 10000 മായി കുറച്ചിരുന്നു. ഈ അനുഭവംകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി പറഞ്ഞു. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുകയും വെര്‍ച്വല്‍ ക്യൂ മുഖേന പ്രതിദിനം 80,000 തീര്‍ത്ഥാടകരെ അനുവദിക്കുകയും ചെയ്തു.

കൂടാതെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതിനായി തീര്‍ത്ഥാടകര്‍ ഏത് പാതയാണ് തീര്‍ത്ഥാടനത്തിന് തെരെഞ്ഞെടുക്കുന്നതെന്ന വിവരം കൂടി വെര്‍ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ബുക്കിങ്ങ് സുഗമമാക്കാൻ വെര്‍ച്വൽ ക്യൂവിലെ സ്ലോട്ടിന് കളര്‍ കോഡിംഗ് നല്‍കി കൂടുതല്‍ തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്തിട്ടുള്ള സ്ലോട്ടുകള്‍ എളുപ്പത്തില്‍ മനസിലാക്കുന്ന തരത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വെര്‍ച്വല്‍ ക്യൂ സോഫ്റ്റ് വെയറില്‍ വരുത്തും.

ക്രമീകരണങ്ങൾ സുഗമമാക്കാൻ ഓരോദിവസവും വെര്‍ച്വല്‍ ക്യൂവഴി ബുക്ക്ചെയ്യുന്ന തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചിത ഫോര്‍മാറ്റില്‍ ജില്ലാ ഭരണകൂടത്തിനും പോലീസിനും കാലേകൂട്ടി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.