18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024
October 1, 2024
September 27, 2024
September 25, 2024
September 24, 2024
September 10, 2024

ജോലിയിലെ മാനസിക ആരോഗ്യം; ഇന്ന് ലോക മാനസികാരോഗ്യ ദിനം

നിതിൻ എ എഫ്
October 10, 2024 7:00 am

ക്ടോബര്‍ 10ന് എല്ലാ വര്‍ഷവും ആചരിക്കുന്നത് പോലെ ഈ വര്‍ഷവും നമ്മള്‍ ലോക മാനസികാരോഗ്യ ദിനം ആചരിക്കുകയാണ്. “ജോലിയിലെ മാനസികാരോഗ്യം” എന്നതാണ് ഈ വര്‍ഷത്തെ ലോക ആരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പ്രമേയം. തൊഴില്‍ മേഖലകളില്‍ ഇന്ന് നേരിടുന്ന മാനസിക സമ്മര്‍ദ്ദവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോള്‍. തൊഴിലുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളെല്ലാം ഇന്ന് ആത്യന്തികമായി കൂടുതലും വിലയിരുത്തപ്പെടുന്നത് തൊഴില്‍ ദാതാവിന്റെ കുഴപ്പങ്ങള്‍കൊണ്ടാണെന്നാണ്. ഇത് തൊഴില്‍ ദാതാവും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും അഭിപ്രായ വത്യാസത്തിലേക്കും ആണ് നയിക്കുന്നത്. തൊഴില്‍ ദാദാവുമായി തര്‍ക്കിക്കുന്നത് ആത്യന്തികമായി തൊഴില്‍ മേഖലയെയോ മാനസിക സമ്മര്‍ദ്ദം നേരിടുന്ന വ്യക്തിയെയോ സഹായിക്കുകയില്ല എന്നുള്ളതാണ് വസ്തുത. തൊഴില്‍ ദാതാക്കള്‍ മാനസിക സമ്മര്‍ദ്ദം ലഘുകരിക്കുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുകയും അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രമിക്കേണ്ടതും ആവശ്യകത തന്നെയാണ്. എന്നാല്‍ അതിലുപരി തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദ്ദം കൂടുതലും പരിഹരിക്കപ്പെടേണ്ടത് തൊഴിലാളികളില്‍ നിന്ന് തന്നെയാണ്. അല്ലാതെ തൊഴിലിടങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തിനുള്ള എല്ലാ ഉത്തരവാദിത്വങ്ങളും തൊഴില്‍ ദാദാവിന്റെ തലയില്‍ വച്ച് കെട്ടിയാല്‍ പല തൊഴില്‍ നല്‍കുന്ന വ്യവസായങ്ങളും ആത്യന്തികമായി നിന്നു പോകുന്നതിനും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും സാഹചര്യമുണ്ടാകും. അതുകൊണ്ട് തൊഴിലാളികളുടെ തലത്തില്‍ തന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നതാണ് ഏറ്റവും പ്രായോഗികമായ പോംവഴി.

തൊഴില്‍നേടുള്ള സമീപനവും തൊഴിലിനെ നോക്കിക്കാണുന്ന രീതിയും കുറച്ച് കൂടി പ്രായോഗികമാക്കി മാറ്റേണ്ടുന്നത് ഓരോ തൊഴിലാളിയുടെയും അത്യന്താപേക്ഷിതമായ കാര്യമാണ്. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ജീവിതവും തൊഴിലും സന്തുലിതമായി കൊണ്ടുപോകാന്‍ കഴിയുന്ന അവസ്ഥ. പലരും ജീവിതത്തെക്കാളും തൊഴിലിനു വളരെയേറെ പ്രാധാന്യം കൊടുക്കുന്നതായി കാണാന്‍ കഴിയും. പലരും ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം നിറവേറ്റാന്‍ ആഗ്രഹിക്കുന്നത് തൊഴിലിലൂടെയാണ്. ഇത് പലപ്പോഴും സാധിക്കുന്നില്ല എന്നുള്ളതാണ് പ്രധാന വസ്തുത. ജീവിതത്തിന്റെ അടിസ്ഥാനപരമായ പ്രചോദനം തൊഴിലില്‍ നിന്ന് നേടാന്‍ ശ്രമിക്കുന്നത് ഭൂരിഭാഗവും ഫലം കാണുകയില്ല എന്നുള്ളതാണ് വസ്തുത. യുവതലമുറയെ ആധുനിക സമൂഹം തെറ്റായി പഠിപ്പിക്കുന്നത് വിവാഹത്തെക്കാളും കുടുംബ ജീവിതത്തെക്കാളും ജോലിക്ക് പ്രാധാന്യം കൊടുക്കുക എന്നാണ്. ഇത് പ്രായോഗികമല്ലാത്തതും യാഥാര്‍ത്ഥ്യബോധം ഇല്ലാത്തതും ആയ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ്. കാരണം ഒരു ജോലിയില്‍ പ്രവേശിച്ച് ആറു മാസം കഴിയുമ്പോള്‍ ആധുനിക സമൂഹം ജോലിയില്‍ നിന്നു കിട്ടുമെന്ന് പഠിപ്പിച്ചവയില്‍ ഭൂരിഭാഗവും കിട്ടുന്നില്ല എന്ന് മനസ്സിലാകും. അപ്പോഴാണ് ജീവിതത്തെ കുറിച്ച് നിരാശ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിനെ തൊഴിലിനേക്കാളും പ്രധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്. ജോലി ചെയ്യുന്നത് കുടുംബത്തിന് വേണ്ടിയാണെന്നുള്ള കാഴ്ചപ്പാടിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. അല്ലാതെ ജോലിക്ക് വേണ്ടിയല്ല കുടുംബ ജീവിതം. ഈ സമീപനം തൊഴിലാളിയെ കൂടുതല്‍ ആത്മാര്‍ഥമായും സത്യസന്ധമായും ജോലി ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നു.

ഒരു ജോലിയില്‍ നിന്നും നമുക്ക് കിട്ടുന്നത് പ്രധാനമായും ആറ് കാര്യങ്ങളാണ്. വരുമാനം, സോഷ്യല്‍ സ്റ്റാറ്റസ്, സംതൃപ്തി, അധികാരം, പോപ്പുലാരിറ്റി, ജീവിക്കുന്നതിന്റെ അര്‍ത്ഥം തുടങ്ങിയവയാണ്. ഇതില്‍ ബഹുഭൂരിഭാഗം അവസരങ്ങളിലും ഭൂരിഭാഗം പേര്‍ക്കും ആത്യന്തികമായി ലഭിക്കുന്നത് വരുമാനം മാത്രമാണ്. എന്നാല്‍ പലരും തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നത് പോലും പലപ്പോഴും സോഷ്യല്‍ സ്റ്റാറ്റസ് ഉയര്‍ത്തുന്നതിനും പോപ്പുലാരിറ്റിക്കും അധികാരത്തിനും വേണ്ടിയാണ്. ഇത് യുവതലമുറ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷത്തിന് കാരണമാവുകയും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവര്‍ അത്യന്തികമായി ഉദ്ദേശിച്ച അല്ലെങ്കില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ കിട്ടുന്നില്ല എന്ന് മനസ്സിലാക്കുന്നതിനും സാധിക്കും. ഇത് അവരില്‍ വലിയ നിരാശയ്ക്ക് കാരണമാകുന്നു. ആയതിനാല്‍ ഒരു തൊഴിലില്‍ നിന്ന് നമ്മള്‍ ലക്ഷ്യം വയ്‌ക്കേണ്ടത് ജീവിതത്തിന് ഒരു അര്‍ത്ഥം കണ്ടെത്തുന്നതും വരുമാനം നേടുന്നതും സംതൃപ്തി കണ്ടെത്തുന്നതിനുമായുള്ള ഒരു സ്രോതസ് ആയിട്ടാണ്. അല്ലാതെ സോഷ്യല്‍ സ്റ്റാറ്റസ് ഉയര്‍ത്തുന്നതിന് വേണ്ടിയിട്ടുള്ളതോ അധികാരം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ളതോ പോപ്പുലാരിറ്റി കൂട്ടുന്നതിന് വേണ്ടിയിട്ടുള്ളതോ ആയ മാധ്യമമായി തൊഴിലിനെ കാണാതിരിക്കുക. ഇവിടെ ഓര്‍ക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നതിന് വേണ്ടിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ് ഒരിക്കലും ജോലി അല്ല, നേരെമറിച്ച് വിവാഹവും കുടുംബജീവിതവും ആണ് എന്ന് ഓര്‍ക്കുക. ഈ സമീപനം ജോലിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നതായിട്ടാണ് കാണുന്നത്. കൂടാതെ ജീവിതം വളരെയധികം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും സാധിക്കുന്നു.

സാമ്പത്തിക സ്വയം നിയന്ത്രണം ഇല്ലാതിരിക്കുമ്പോള്‍ പല തൊഴില്‍ മേഖലകളിലും തൊഴിലാളികള്‍ വളരെയേറെ സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്നു. പലരും കടത്തിന്‍മേല്‍ കടവും ധാരാളം EMI യും സാമ്പത്തിക ഭദ്രത തകര്‍ത്ത് കളയുന്നതായിട്ടാണ് കാണുന്നത്. പൊതുവില്‍ സാമ്പത്തിക വിദഗ്ദ്ധരെല്ലാം അഭിപ്രായപ്പെടുന്നത് ആകെ വരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ മാസം കടം വീട്ടാന്‍ ചെലവാക്കാന്‍ പാടില്ല എന്നുള്ളതാണ്. 

നിതിൻ എ എഫ്
കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്,
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.