പാകിസ്ഥാൻ ക്രിക്കറ്റില്‍ മുൻ നായകൻ ബാബർ അസമിനെ പുറത്തിരുത്തിയ തീരുമാനത്തില്‍ വന്‍ വിമർശനം. താരത്തിന്റെ മോശം ഫോമിനെ തുടർന്നാണ് പുറത്തിരുത്തിയത്. കൂടാതെ, പേസർമാരായ ഷഹീൻ അഫ്രീദിയെയും നസീം ഷായെയും ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകള്‍ക്കുള്ള ടീമില്‍നിന്നാണ് സൂപ്പർതാരം ബാബറിനെ ഒഴിവാക്കിയത്. എന്നാല്‍ പിസിബി തീരുമാനത്തിനെതിരെ സഹതാരം ഫഖർ സമാൻ ഉള്‍പ്പെടെയുള്ളവർ പരസ്യമായി രംഗത്തുവന്നിരുന്നു.
കഴിഞ്ഞ അഞ്ചു ഇന്നിങ്സുകളില്‍ 22, 31, 11, 30, അഞ്ച് എന്നിങ്ങനെയാണ് ബാബറിന്റെ പ്രകടനം. 2022 ഡിസംബറില്‍ കറാച്ചിയില്‍ ന്യൂസിലൻഡിനെതിരെയാണ് താരം അവസാനമായി ഒരു സെഞ്ചുറി നേടിയത്. മുൻ ഇംഗ്ലീഷ് നായകൻ മൈക്കല്‍ വോണും തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ബാബറിനെ ഒഴിവാക്കിയത് മണ്ടൻ തീരുമാനമെന്നാണ് മൈക്കല്‍ വോണ്‍ വിശേഷിപ്പിച്ചത്. ‘പാകിസ്ഥാൻ തുടർച്ചയായി തോല്‍ക്കുകയാണ്.. പരമ്പരയില്‍ 1–0ത്തിന് പിന്നിലാണ്, മികച്ച ബാറ്ററായ ബാബർ അസമിനെ ടീമില്‍നിന്ന് ഒഴിവാക്കി, പക്ഷേ ഇതൊരു മണ്ടത്തരമാണെന്ന് വോണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഒരു വർഷമായി ടെസ്റ്റില്‍ ഒരു അർധ സെഞ്ചുറി പോലും ബാബറിന് നേടാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലും 30, അഞ്ച് എന്നിങ്ങനെയാണ് ബാബറിന്റെ സ്കോർ.
ബൗളർമാർക്ക് യാതൊരു സാധ്യതയും നല്‍കാത്ത മുള്‍ട്ടാനിലെ പിച്ചിലും ബാബർ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെയാണ് വിമർശനം ശക്തമായത്. പുതിയ സെലക്ഷൻ കമ്മിറ്റിയാണ് രണ്ടും മൂന്നും ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. മോശം ഫോമിലൂടെ കടന്നുപോയപ്പോള്‍ വിരാട് കോലിയെ ബിസിസിഐ പുറത്താക്കിയിട്ടില്ലെന്നും ബാബറിനെ ഒഴിവാക്കിയ നടപടി ടീമിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഫഖർ സമാൻ വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.