ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുന്നുണ്ട്. ഈ തെളിവുകൾ ഇന്ത്യയുമായി പങ്കുവെച്ചു. എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
അന്വേഷണവുമായി സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി നല്ല ബന്ധമാണ്. കാനഡയിലെ ഇന്ത്യൻ സമൂഹത്തിൻറെ ആശങ്ക മനസിലാക്കുന്നു. എന്നാൽ കാനഡയുടെ പരമാധികാരത്തെ ബാധിക്കുന്ന ഇന്ത്യയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. രാജ്യ സുരക്ഷാക്കാണ് പ്രഥമ പരിഗണന. ഇന്ത്യൻ അധികൃതരുമായി സഹകരിക്കാൻ കനേഡിയൻ അധികൃതർ പലതവണ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായും ട്രൂഡോ കൂട്ടിച്ചേർത്തു. പുറത്തു വരുന്നത് ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.നിജ്ജർ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയും മറ്റ് നയതന്ത്ര പ്രതിനിധികളും സംശയനിഴലിലാണെന്ന് കഴിഞ്ഞ ദിവസമാണ് കാനഡ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചത്.
ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ അജൻഡയുടെ ഭാഗവുമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ട്രൂഡോ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ വിമശിച്ചു. മന്ത്രിസഭയിൽ ഇന്ത്യൻ വിഘടനവാദികളെയും തീവ്രനിലപാടുകാരെയും ഉൾപ്പെടുത്തിയതിലൂടെ ട്രൂഡോയുടെ ഇന്ത്യാവിരോധം മറനീക്കി പുറത്തു വന്നിരുന്നു. ഭീകരവാദികളെ ഉപയോഗിച്ച് ഇന്ത്യൻ സമുദായ നേതാക്കളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ട്രൂഡോ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. ഇന്ത്യയിലെ കാനഡ ഹൈക്കമിഷൻ ട്രൂഡോ സർക്കാരിന്റെ രാഷ്ട്രീയ അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരം ശ്രമങ്ങൾ തുടർന്നാൽ ശക്തമായ നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സഞ്ജയ് കുമാർ വർമ്മ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചു വിളിക്കുകയും ചെയ്തു. എന്നാൽ ഇവരെ പുറത്താക്കിയെന്നും ഉടൻ രാജ്യം വിടണമെന്നുമായിരുന്നു കനേഡിയൻ സർക്കാരിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെ ഇന്ത്യയിലെ ആക്ടിങ് കനേഡിയൻ ഹൈ കമ്മീഷണർ അടക്കം ആറുപേരെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. ഒക്ടോബർ 19ന് മുൻപ് രാജ്യം വിടണമെന്ന് ഇവർക്ക് വിദേശകാര്യമന്ത്രാലയം അന്ത്യശാസനം നൽകി.
ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീണ്ടും ഇന്ത്യ‑കാനഡ ബന്ധം വഷളാകുന്നത് കാനഡയിലെ ഇന്ത്യക്കാർക്കിടയിൽ ആശങ്ക ശക്തമാക്കിയിട്ടുണ്ട്. കാനഡയിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര വിദ്യാർഥികളെയെത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 18 ലക്ഷം ഇന്ത്യൻ വംശജർ ഉൾപ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ കാനഡയിൽ താമസിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.