17 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 16, 2024
October 15, 2024
October 15, 2024
October 11, 2024
October 8, 2024
October 4, 2024
October 2, 2024
September 30, 2024
September 29, 2024

പോപ്പ് ഗായകന്‍ ലിയാം പെയ്ൻ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Janayugom Webdesk
ബ്യൂണസ് ഐറിസ്
October 17, 2024 7:57 pm

ലോക പ്രശസ്ത പോപ്പ് ബാൻഡ് സംഘമായ വൺ ഡയറക്ഷന്റെ ഗായകൻ ലിയാം പെയ്ൻ(31) ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. അർജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് സംഭവം. മയക്കുമരുന്ന് ലഹരിയിൽ പെയ്ൻ, മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണതാണെന്നാണ് നിഗമനം. മരണത്തിന് മുന്‍പ് ഹോട്ടല്‍ ലോബിയില്‍ വച്ച് താരം അസ്വഭാവികമായി പെരുമാറിയിരുന്നെന്നും ലാപ്ടോപ് തല്ലിതകര്‍ത്ത് മുറിയിലേക്ക് പോകുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ മദ്യപിച്ച ഒരാള്‍ ബഹളമുണ്ടാക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പിന്നാലെ നടത്തിയ തിരച്ചിലിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

ലിയാം പെയ്ൻ താമസിച്ചിരുന്ന മുറിയില്‍ ലഹരിമരുന്ന് കണ്ടെത്തിയതായും മുറിയിലെ ടിവി തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് കാമുകിക്കൊപ്പമുള്ള വിഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. ലിയാം പെയിനും കാമുകിയും സെപ്റ്റംബര്‍ 30നാണ് അവധിക്കാലം ചെലവഴിക്കാന്‍ അര്‍ജന്റീനയിലെത്തിയത്. ഈ മാസം 14ന് കാമുകി തിരിച്ച് പോകുകയും ലിയാം അര്‍ജന്റീനയില്‍ തന്നെ തുടരുകയുമായിരുന്നു. താന്‍ കടുത്ത മദ്യപാനിയായിരുന്നെന്നും മാനസികപ്രശ്നങ്ങളോട് പോരാടുന്നതായും അദ്ദേഹം തന്നെ മുന്‍പ് പല അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് വ്യക്തിജീവിതത്തിലും കരിയറിലും പ്രശ്നങ്ങള്‍ക്ക് കാരണമായി. കടുത്ത മദ്യാസക്തിയെ നേരിടാന്‍ ചികില്‍സയിലായിരുന്നുവെന്നും ലിയം പെയ്ൻ തുറന്നു പറഞ്ഞിട്ടുണ്ട്.

2008 ൽ 14-ാം വയസിൽ ദി എക്‌സ് ഫാക്ടറിനായുള്ള ഓഡിഷനിലൂടെയാണ് പെയ്ൻ ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് ഫ്രാങ്ക് സിനാത്രയുടെ ‘ഫ്ലൈ മി ടു ദ മൂൺ’ എന്ന ഗാനം ആലപിച്ച പെയ്ന് ബ്രിട്ടിഷ് ജനത നിറഞ്ഞ കയ്യടിയാണ് നൽകിയത്. പിന്നീട് പെയിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. നിക്കോൾ ഷെർസിംഗർ പെയ്നെ സ്റ്റൈൽസ്, ടോംലിൻസൺ, ഹൊറാൻ, മാലിക് എന്നിവരോടൊപ്പം വൺ ഡയറക്ഷൻ രൂപീകരിച്ചു. വൺ ഡയറക്ഷന്റെ പര്യടനങ്ങളിലൂടെ പെയ്ൻ ലോകമാകെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. 2015ൽ ബാൻഡ് വേർപിരിയൽ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ ലിയാം പെയ്ൻ തന്റെ ആദ്യ ആൽബമായ ‘എൽപി1’ 2019ൽ പുറത്തിറങ്ങി. ബാൻഡിൽ നിന്നു വേർപിരിഞ്ഞ് സ്വതന്ത്രനായി കരിയർ കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം ലിയാം പെയ്നിന് ലഭിച്ചിരുന്നില്ല. ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ‘ടിയർ ഡ്രോപ്സ്’ എന്ന ട്രാക്കും വിജയമായിരുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.