23 December 2024, Monday
KSFE Galaxy Chits Banner 2

മനുഷ്യത്വം മരിക്കുന്ന ജയിലുകളും പൊലീസ് സംവിധാനങ്ങളും

Janayugom Webdesk
October 21, 2024 5:00 am

ബിജെപി സർക്കാരിനെതിരായ അഭിപ്രായപ്രകടനങ്ങളും സാധാരണ മനുഷ്യർക്കുവേണ്ടിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളും കുറ്റമായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. ഇവിടെ വിയോജിപ്പുള്ളവരെ വർഷങ്ങളോളം വിചാരണ പോലുമില്ലാതെ തടവിലിടുന്നതും വ്യാജ ഏറ്റുമുട്ടൽ നാടകങ്ങൾ സൃഷ്ടിച്ച് കൊല്ലുന്നതും പതിവായിരിക്കുന്നു. കുറ്റം ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെടുന്നവർക്കും അവകാശങ്ങൾ ഉണ്ടെന്നത് മറന്നാണ് കേന്ദ്ര സർക്കാരിന്റെ ഏജൻസികളും വിവിധ സംസ്ഥാന അന്വേഷണ സംവിധാനങ്ങളും പെരുമാറുന്നത്. ചില സംസ്ഥാനങ്ങളിലെ പൊലീസ്, വ്യാജ ഏറ്റുമുട്ടലുകളിലൂടെ കുറ്റാരോപിതരെ കൊന്നു തള്ളുകയും ചെയ്യുന്നു. ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഏഴ് മനുഷ്യാവകാശ പ്രവർത്തകർ ജയിലിൽ നിരാഹാര സമരം നടത്തുന്നുവെന്ന വാർത്ത അത്തരം അവകാശലംഘനങ്ങളുടെ ഫലമാണ്. കോവിഡ് കാലത്തുപോലും കരുണ കാട്ടാതെ പിടിച്ച് ജയിലിലിട്ടവരാണ് ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതർ. 2018 ജനുവരിയിൽ ചുമത്തിയ കേസിന്റെ അടിസ്ഥാനത്തിൽ യുഎപിഎ ഉൾപ്പെടെ കരിനിയമങ്ങളിലെ വകുപ്പുകൾ പ്രകാരം 2020 ഏപ്രിൽ മാസം അറസ്റ്റ് ചെയ്ത 16ൽ ഏഴുപേരാണ് ജയിലിൽ തുടരുന്നത്.


ഒരു നീതിമാന്‍ കൂടി ക്രൂശിക്കപ്പെടുമ്പോള്‍


ഈ കേസിലാണ് ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ വച്ച് രക്തസാക്ഷിയായത്. കേസിന്റെ വാദം കേൾക്കുന്ന വേളയിൽ കോടതിയിൽ ഹാജരാകുകയെന്നത് ഓരോ തടവുകാരന്റെയും അവകാശമാണ്. കോടതി മുമ്പാകെ എന്തെങ്കിലും പറയാനോ അഭിഭാഷകരെ വച്ച് വാദിക്കാനോ ഉണ്ടെങ്കിൽ അതിനുള്ള അവസരവും അപ്പോഴാണ് ലഭിക്കുന്നത്. എന്നാൽ കോടതി നിർദേശമുണ്ടായിട്ടും കോടതിയിൽ ഹാജരാകുന്നതിന് തടസം നിൽക്കുന്നു എന്നാരോപിച്ചാണ് ഭീമ കൊറേഗാവ് കേസിലെ ഏഴ് പേർ നിരാഹാരസമരം നടത്തുന്നത്. സുരേന്ദ്ര ഗാ‌ഡ്‌ലിങ്, ഹാനി ബാബു, റോണ വിൽസൺ, സാഗർ ഗോർഖെ, രമേഷ് ഗൈച്ചോർ, സുധീർ ധാവ്‌ലെ, മഹേഷ് റാവത്ത് തുടങ്ങിയവരാണ് നിരാഹാരസമരം നടത്തുന്നത്. തുടർച്ചയായി മൂന്നുതവണയാണ് ഇവരെ കോടതിയിൽ ഹാജരാക്കാതിരുന്നത്. തലോജ സെൻട്രൽ ജയിലിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ പ്രത്യേക കോടതിയിലേക്ക് എത്തിക്കുന്നതിന് പൊലീസ് അകമ്പടി അനുവദിക്കാത്തതാണ് കാരണമായി ജയിലധികൃതർ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും മറ്റുമാണ് വെള്ളിയാഴ്ച കാരണമായി നിരത്തിയത്. നേരത്തെ ക്രമസമാധാനത്തിന്റെയും പ്രമുഖ വ്യക്തികളുടെ സന്ദർശനത്തിന്റെയും പ്രശ്നങ്ങളാണുന്നയിച്ചത്. മുൻ ഹിയറിങ്ങിൽ ചിലരെ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാക്കിയിരുന്നു. ഇതേത്തുടർന്നാണ് എല്ലാവരെയും നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ഈ നിർദേശമാണ് നടപ്പിലാക്കാൻ പൊലീസ് വിസമ്മതിച്ചത്.


ജയിൽ, ജാമ്യം, ജനാധിപത്യം


ഛത്തീസ്ഗഢിൽ ഈ മാസം അഞ്ചിന് 30ലധികം പേ രെയാണ് വ്യാജ ഏറ്റുമുട്ടലിൽ പൊലീസ് വെടിവച്ച് കൊന്നത്. ഛത്തീസ്ഗഢിന്റെ വലിയ ഭൂഭാഗങ്ങളിൽ പാർക്കുന്നത് കൂടുതലും ആ ദിവാസി വിഭാഗങ്ങളാണ്. വനപ്രദേശങ്ങളിലും സമീപ ഇടങ്ങളിലും താമസിക്കുന്ന ഈ വിഭാഗങ്ങളിൽ പെട്ടവരെയാണ് നക്സലുകളെന്ന പേരിൽ കൊന്നുതീർക്കുവാൻ ശ്രമിക്കുന്നത്. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) എന്ന പേരിലാണ് ആദിവാസികളെ കൊലപ്പെടുത്തുന്നത്. ഒരു വർഷത്തിനിടെ സുരക്ഷാ സേന 159 പേരെയാണ് ഛത്തീസ്ഗഢിൽ മാത്രം വധിച്ചത്. ഏറ്റവും പിന്നാക്കം നിൽക്കുന്നതും അതേസമയം അസംസ്കൃത പദാർത്ഥങ്ങളുടെ കലവറയുമായ മേഖലയിൽ ചൂഷണത്തിനെത്തുന്ന കോർപറേറ്റുകൾക്കെതിരായ ചെറുത്തുനില്പിനെയാണ് മാവോയിസമെന്ന് പേരിട്ട് വേട്ടയാടുന്നതെന്നും ആരോപണമുണ്ട്.
മാവോയിസമെന്നത് മാർക്സിസത്തിന്റെ വികലമായ പതിപ്പാണ്. അതുകൊണ്ടുതന്നെ മാവോയിസത്തെ ആശയമെന്ന നിലയിലും അതിന്റെ ആക്രമണോത്സുക പ്രവർത്തന ശൈലിയോടും വിയോജിപ്പുള്ളവരാണ് നാം. ഇടതു തീവ്രവാദം അംഗീകരിക്കുവാനും സാധ്യമല്ല. ഛത്തീസ്ഗഢിലെ ചെറുത്തുനില്പിന് പിന്നിലാകട്ടെ രാഷ്ട്രീയ — സാമൂഹ്യ പ്രശ്നങ്ങളാണ് അടിത്തറയായി നിൽക്കുന്നത്. അതുകൊണ്ട് പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വഴിതെറ്റിപ്പോയ മാവോയിസ്റ്റുകളെ ശരിപാതയിലേക്ക് നയിക്കുന്നതിനുമാണ് ശ്രമിക്കേണ്ടത്.


ഭീമ കൊറേഗാവ് വാര്‍ഷികത്തിന് ആയിരങ്ങള്‍


പകരം ഏറ്റുമുട്ടലുകളിലൂടെയുള്ള കൂട്ടക്കൊലകളല്ല ഉണ്ടാകേണ്ടത്. മാവോയിസ്റ്റുകളെ പിന്തിരിപ്പിക്കാനെന്ന പേരിൽ നിരപരാധികളായ ആദിവാസികളെ കൊന്നൊടുക്കുന്നത് അനുവദനീയവുമല്ല. ഈ പശ്ചാത്തലത്തിൽ സാമൂഹികവും സാമ്പത്തികവുമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള ആത്മാർത്ഥമായ നടപടികളാണ് ഉണ്ടാവേണ്ടത്. എന്നാൽ അനിശ്ചിതകാലത്തേക്ക് ജയിലിൽ അടച്ചും വെടിവച്ചുകൊന്നും ജനാധിപത്യ — ഭരണഘടനാ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ സമീപനങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതാണ് തലോജ ജയിലിൽ നടക്കുന്ന തടവുകാരുടെ നിരാഹാരവും വിവിധയിടങ്ങളിൽ മാവോയിസ്റ്റ് വേട്ടയെന്ന പേരിലുള്ള കൊലപാതകങ്ങളും തെളിയിക്കുന്നത്. നമ്മുടെ ജയിലുകളും ചില സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനവും എത്രത്തോളം മനുഷ്യത്വ രഹിതമായാണ് പെരുമാറുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഇത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിന് നീതിപീഠങ്ങളിൽ നിന്നാണ് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.