സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഇടക്കാല ജാമ്യം തുടരും.പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയംവേണമെന്നും സിദ്ധിഖിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ വാദിച്ചു. കേസിൽ നേരത്തേ ജഡ്ജിമാരായ ബേല എംത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് സിദ്ദീഖിന് താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു.
കേസ് ഇനി പരിഗണിക്കുന്നതുവരെയായിരുന്നു ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചിരുന്നു. യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചശേഷം സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അതിജീവിതയുമായി ആശയവിനിമയം നടത്തിയ ഫെയ്സ്ബുക്, സ്കൈപ് അക്കൗണ്ടുകൾ സിദ്ദിഖ് ഡിലീറ്റ് ചെയ്തു.അക്കാലത്തെ ഫോണുകളും കംപ്യൂട്ടറുകളും ഉപേക്ഷിച്ചെന്നും പറയുന്നു. നിലവിൽ ഉപയോഗിക്കുന്ന ഫോണുകൾ അന്വേഷണ സംഘത്തിനു കൈമാറാനും വിസമ്മതിക്കുന്നു. കേസിൽ പ്രധാനമായ ഇലക്ട്രോണിക് തെളിവുകൾ മനഃപൂർവം നശിപ്പിക്കുകയായിരുന്നു. ഇവ കണ്ടെടുക്കണമെങ്കിൽ സിദ്ദിഖിനെ കസ്റ്റഡിയിൽ ലഭിക്കണമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പരാതി നൽകാൻ 8 വർഷം വൈകിയതെന്തുകൊണ്ടെന്നു നേരത്തേ സുപ്രീം കോടതി ചോദിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, സിദ്ദിഖ് അക്കാലത്ത് സിനിമയിലെ ശക്തനായിരുന്നുവെന്നും റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചു. മീ ടൂ വിവാദം ഉയർന്ന കാലത്ത് തന്റെ അനുഭവത്തിന്റെ ഒരു ചെറിയ ഭാഗം നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെങ്കിലും സൈബർ ആക്രമണം കാരണം പിന്നീട് നിശ്ശബ്ദയായി. ഈ സാഹചര്യത്തിൽ പരാതി നൽകാൻ വൈകിയത് അനുഭാവപൂർവം പരിഗണിക്കണമെന്നും സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.