29 January 2026, Thursday

മദ്രസകൾക്കെതിരായ ഉത്തരവ്; ബാലാവകാശ കമ്മീഷനെതിരെ സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2024 7:39 pm

മദ്രസകൾക്കെതിരെ നിലപാടെടുത്ത ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ എന്നും കോടതി ആരാഞ്ഞു. കുട്ടികളെ സന്യാസി മഠങ്ങളിലേയ്ക്ക് അയക്കുന്നതില്‍ നിര്‍ദ്ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു. മദ്രസ മാറാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് യുപി സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മതപഠനം ഭരണഘടന വിലക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരായിരുന്നു അംഗങ്ങൾ. മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശവും കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ മദ്രസ ബോർഡുകൾ നി‍ര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നുമായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാർശ. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.