24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024
November 11, 2024
November 6, 2024
October 31, 2024
October 22, 2024
October 14, 2024

കോൺഗ്രസ്, ബിജെപി ചങ്ങാതിമാർ എൽഡിഎഫ് വിരുദ്ധ പ്രചാരവേല നടത്തുന്നു: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
October 22, 2024 7:48 pm

വയനാട്ടിലെ ദുരന്തഭൂമിയിൽ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദുരന്തബാധിതരെ സഹായിക്കാനായി കേരള സർക്കാർ നടത്തുന്ന ആത്മാർത്ഥമായ പരിശ്രമങ്ങളെയെല്ലാം അട്ടിമറിക്കാനാണ് അവർ കൂട്ടായി ശ്രമിക്കുന്നത്. ദുരന്തബാധിതർക്കു വേണ്ടി ചെയ്യാമെന്ന് പറഞ്ഞ ആശ്വാസ നടപടികൾക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാനാണ് സംസ്ഥാന സർക്കാർ യത്നിക്കുന്നത്. 

ദുരിതബാധിതർക്ക് 10,000 രൂപവീതം അടിയന്തര സഹായം നൽകി. 24 ദിവസത്തിനകം ക്യാമ്പുകളിൽ കഴിഞ്ഞവരെയെല്ലാം ക്വാർട്ടേഴ്സുകളിലും വാടക-ബന്ധു വീടുകളിലുമായി മാറ്റി പാർപ്പിച്ചു. അവർക്ക് പ്രതിമാസ വാടകയായി 6000 രൂപ അനുവദിച്ചു. ഒരു കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ വീതം പ്രതിദിന ചിലവുകൾക്കായി ഒരു മാസത്തേക്ക് നൽകി. തുടർന്നും അത് മുടങ്ങാതിരിക്കാൻ ഗവണ്മെന്റ് തീവ്ര ശ്രമത്തിലാണ്. ദീർഘകാല ചികിത്സ വേണ്ടവർക്കും കിടപ്പു രോഗികൾക്കും 300 രൂപ വീതം അധികമായി നൽകുന്നത് സംസ്ഥാന ഗവണ്മെന്റാണ്. 

പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കാൻ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സർക്കാർ മുന്നോട്ട് പോകുകയാണ്. ഇവയ്ക്കെല്ലാം നേരെ കണ്ണടച്ചുകൊണ്ടാണ് കോൺഗ്രസ്, ബിജെപി ചങ്ങാതിമാർ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചാരവേല നടത്തുന്നത്. ദുരന്തമുഖത്ത് നിൽക്കുന്ന വയനാട് ജനതയ്ക്കായി ഒരു ചില്ലിക്കാശ് പോലും തരാത്ത കേന്ദ്ര സർക്കാരിന്റെ കൊടിയ വിവേചനത്തെപ്പറ്റി കോൺഗ്രസും, ബിജെപിയും അർത്ഥഗർഭമായ മൗനമാണ് പാലിക്കുന്നത്. ഇടതുപക്ഷ വിരോധത്തോടൊപ്പം തെരഞ്ഞെടുപ്പ് പരിഭ്രാന്തിയും തലയ്ക്ക് പിടിച്ചാൽ ജനദ്രോഹത്തിന്റെ രാഷ്ട്രീയം എന്തെല്ലാം ചെയ്യുമെന്ന് ജനങ്ങൾ കാണുകയാണ്. അവരുടെ വിഷലിപ്തമായ തന്ത്രങ്ങളെ പരാജയപ്പെടുത്തി ഇടതുപക്ഷം ജനങ്ങൾക്ക് ഒപ്പം മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.