ടൈറ്റിൽ കാർഡിൽ ‘സംവിധാനം ഐ വി ശശി‘എന്ന് തെളിയുമ്പോൾ തീയേറ്ററുകളിൽ ആരവം നിറഞ്ഞ കാലം . തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമയിലെ ഹിറ്റ്മേക്കറായിരുന്നു ഐ വി ശശി. മനുഷ്യന്റെ വൈകാരിക തലങ്ങളെ ഒപ്പിയെടുത്ത അദ്ദേഹത്തിന്റെ സിനിമകളിൽ പ്രണയവും പ്രതികാരവും രതിയുമെല്ലാം നിറഞ്ഞു നിന്നു. മാസ് സിനിമകളുടെ വ്യത്യസ്ത രുചിക്കൂട്ടുകളിലൂടെ അദ്ദേഹം സഞ്ചരിച്ചപ്പോൾ ചലച്ചിത്ര വ്യവസായത്തിന് മുതൽക്കൂട്ടായി. താര മൂല്യം നോക്കാതെ പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിക്കുവാൻ കഴിഞ്ഞതാണ് ഐ വി ശശി സിനിമകളുടെ പ്രധാന സവിശേഷത. വർഷത്തിൽ പത്തും പതിനഞ്ചും സിനിമകൾ വരെ ചെയ്ത അദ്ദേഹം സൂപ്പർ താരങ്ങളേക്കാൾ തിരക്കുള്ള സംവിധായകനായി മാറി. ആ പ്രതിഭ ഓർമ്മയിൽ മറഞ്ഞിട്ട് ഇന്ന് ഏഴ് വർഷം.
നസീറും മധുവും ഇല്ലാതെ ഒരു ഹിറ്റ് ചിത്രവും ഇല്ലാത്ത കാലത്താണ് പ്രതിനായക കഥാപാത്രങ്ങളിൽ കുടുങ്ങിക്കിടന്ന കെ പി ഉമ്മറിനെ നായകനാക്കി തന്റെ ആദ്യചിത്രം ‘ആവേശം’ ഐ വി ശശി ഒരുക്കിയത്. ശ്രീവിദ്യയായിരുന്നു നായിക. ചെറിയ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സോമനും സുകുമാരനും രാഘവനുമായിരുന്നു മറ്റ് പ്രധാന താരങ്ങൾ. കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാത്ത കൊച്ചിയിലെ ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞ സിനിമയെ ആദ്യഘട്ടത്തിൽ മലയാളി പ്രേക്ഷകൾ കൈയൊഴിഞ്ഞു. പിന്നീട് ചിത്രം കാണുവാൻ പ്രേക്ഷകർ ഒഴുകിയെത്തിയപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിൽ ഐ വി ശശി എന്ന പേരും എഴുതി ചേർത്തു . പിന്നീട് ജനപ്രിയ നായകൻ ജയനെ വെച്ച് ‘അങ്ങാടി’ എന്ന സിനിമ സംവിധാനം ചെയ്തു. അത് ജയന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു. 1977ൽ പന്ത്രണ്ട് സിനിമകളാണ് ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തുവന്നത്. അതിൽ തന്നെ എല്ലാ സിനിമകളും സാമ്പത്തിക വിജയം നേടിയ ഹിറ്റ് സിനിമകളുമായിരുന്നു.
ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ ഇടംനേടി. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സീമയായിരുന്നു ചിത്രത്തിൽ ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലെത്തിയത്. സീമ ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു അവളുടെ രാവുകൾ. അന്നുവരെ നൃത്തരംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശാന്തി എന്ന നർത്തകിയെ സംവിധായകൻ ഐ വി ശശി സീമ എന്ന പേരിൽ മലയാള സിനിമയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. പല നടിമാരും ഏറ്റെടുക്കാൻ വിസമ്മതിച്ച കഥാപാത്രം സീമ ഏറ്റെടുത്ത് മികവുറ്റതാക്കുകയും മലയാളത്തിലെ മുൻനിര നടിയായി സീമ വളരുകയും ചെയ്തു. ഒടുവിൽ ഐ വി ശശിയുടെ ജീവിത സഖിയായും സീമ മാറി. രവി കുമാർ, സുകുമാരൻ, തോപ്പിൽ ഭാസി, ബഹദൂർ, കവിയൂർ പൊന്നമ്മ, ഉമ്മർ, സോമൻ, മാള അരവിന്ദൻ, ജനാർദനൻ, ശങ്കരാടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല’ എന്ന എസ് ജാനകി പാടിയ ചിത്രത്തിലെ ഗാനം ഇന്നും മലയാളികൾ ഏറ്റു പാടുന്നുണ്ട്. മലയാളത്തിൽ ഹിറ്റായ ചിത്രം പിന്നീട് തമിഴ്, ഹിന്ദി ഭാഷകളിലും പുറത്തിറക്കി.
മമ്മുട്ടിയും മോഹൻലാലുമടക്കം ഒട്ടേറെ സൂപ്പർ താരങ്ങൾക്ക് സിംഹാസനമൊരുക്കിയ സംവിധായകനായിരുന്നു ഐ വി ശശി . മമ്മൂട്ടിയെയും മോഹൻലാലിനേയും ഒരുമിച്ച് കൊണ്ടുവന്ന ആദ്യ സംവിധായകൻ കൂടിയാണ് ഐ വി ശശി. അഹിംസ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ഐ വി ശശി സംവിധാനം ചെയ്ത തൃഷ്ണയാണ് മമ്മൂട്ടി ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രം . ഈ ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് മമ്മൂട്ടിയും ഐ വി ശശിയും ചേര്‍ന്ന് ഹിറ്റുകൾ വാരിക്കൂട്ടി. മിഥ്യ, മൃഗയ, ആവനാഴി, മുക്തി, 1921, ഇൻസ്പെക്ടർ ബൽറാം, അബ്‌കാരി, നാൽക്കവല, വാർത്ത,അനുബന്ധം, അടിയൊഴുക്കുകൾ, അതിരാത്രം, ഈ നാട്, നീലഗിരി തുടങ്ങി മുപ്പത്തി അഞ്ചോളം സിനിമകളിൽ മമ്മൂട്ടിയും ഐ വി ശശിയും ഒരുമിച്ചു. ഇവയിൽ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയവയാണ്. മമ്മൂട്ടി-ടി ദാമോദരൻ- ഐ വി ശശി കൂട്ടുകെട്ട് ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ അനിഷേധ്യമായ കച്ചവട സമവാക്യമായിരുന്നു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ദേവാസുരത്തിന്റെ ശിൽപി ഐ വി ശശിയായിരുന്നു. മലയാളികളെ വിസ്മയിപ്പിച്ച എത്രയോ സിനിമകൾ ആ കൂട്ടുകെട്ടിൽ പിറന്നു . ആറാം തമ്പുരാൻ, നരസിംഹം, രാവണ പ്രഭു തുടങ്ങിയ ചിത്രങ്ങൾ ബോക്സോഫീസിൽ ചരിത്രം രചിച്ചു.
ജനപ്രീയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ ഐ വി ശശിയെ നിരവധി പുരസ്‌ക്കാരങ്ങളും തേടിയെത്തി . 1983 ൽ ആരൂഢത്തിന് ദേശിയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1989 ൽ മൃഗയ എന്നാ ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1984 ൽ ആൾക്കൂട്ടത്തിൽ തനിയേ മലയാളത്തിലെ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 1921 എന്ന ചിത്രം 1988 ലെ ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടി. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014ലെ ജെ സി ഡാനിയല്‍ പുസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. കലാസംവിധായകനായി സിനിമയിലേക്ക് എത്തി പിന്നീട് സംവിധായകനായി മാറിയ ഐ വി ശശിയുടെ സിനിമാ ലോകത്തേക്കുള്ള കടന്ന് വരവ് പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ട് തന്നെയായിരുന്നു. കലാമൂല്യമുള്ള സിനിമകളെ തന്റെ കാന്‍വാസില്‍ ജനകീയമാക്കി മാറ്റാനുള്ള മാന്ത്രിക വിദ്യയില്‍ വിജയിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.