19 January 2026, Monday

Related news

December 27, 2025
July 30, 2025
June 18, 2025
April 7, 2025
March 24, 2025
October 26, 2024

ഐടിഐകളിൽ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തും: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം 
October 26, 2024 7:21 pm

സംസ്ഥാനത്തെ ഐടിഐകളിലെ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഐടിഐകളുടെ പ്രവർത്തനത്തിൽ കൂടുതൽ മികവ് കൈവരിക്കുന്ന തരത്തിലുള്ള അടിമുടിമാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകൈരളി ഹാളിൽ നടന്ന ഐടിഐകളുടെ സംസ്ഥാനതല കോൺവൊക്കേഷൻ പരിപാടിയിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. അനുദിനം തൊഴിൽമേഖലകൾ വികസിച്ചുവരുന്ന കാലഘട്ടത്തിൽ അധ്യാപകരും അറിവ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിദ്യാർത്ഥികളിലെ അറിവും നൈപുണ്യം വർധിപ്പിക്കാൻ അധ്യാപകരാണ് പ്രോത്സാഹനം നൽകേണ്ടത്. ഐടിഐകളുടെ പഠന നിലവാരവും പരിശീലന നിലവാരവും ഉയർത്തുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഐടിഐകളിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന ട്രെയിനികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി പ്ലെയ്സ്‌മെന്റ് സെല്ലുകൾക്ക് പുറമേ ജില്ലാ തലത്തിലുള്ള സ്പെക്ട്രം ജോബ് ഫെയറുകൾ വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുകയും ഇതിലൂടെ നിരവധി ട്രെയിനികൾക്ക് വിദേശത്തും സ്വദേശത്തുമുള്ള കമ്പനികളിൽ തൊഴിൽ ലഭ്യമാകുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 2024 ൽ നടന്ന അഖിലേന്ത്യാ ട്രേഡ് റഗുലർ പരീക്ഷയിൽ കേരളത്തിൽ നിന്നും ആകെ 29,998 ട്രെയിനികൾ പങ്കെടുക്കുകയും അതിൽ 28,385 ട്രെയിനികൾ വിജയിക്കുകയും ചെയ്തു. വിജയ ശതമാനം 94.62 ശതമാനം ആണ്. കേരളത്തിൽ പരിശീലനം നൽകുന്ന 78 ട്രേഡുകളിൽ നിന്നും 43 ട്രേഡുകളിലെ 57 ട്രെയിനികളെ നാഷണൽ ടോപ്പേഴ്സ് ആയി ഡിജിടി തെരഞ്ഞെടുത്തിട്ടുണ്ട്.

അതിൽ ഓവർ ആൾ നാഷണൽ ടോപ്പർ ആയി 600 ൽ 600 മാർക്കും നേടിയ കോഴിക്കോട് വനിതാ ഗവ. ഐടിഐയിലെ സിഎച്ച്എന്‍എം ട്രേഡിലെ അഭിനയ എൻ, പ്ലംബർ ട്രേഡിലെ നാഷണൽ ഫീമെയിൽ ടോപ്പറായി എസ്‌സി‍ഡിഡി കടകംപള്ളി ഗവ. ഐടിഐ യിലെ ദിവ്യ ആർ, ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ നാഷണൽ ടോപ്പറായി കഴക്കൂട്ടം ഗവ. ഐടിഐയിലെ ആർഷ എസ് ആർ എന്നിവരെ തെരഞ്ഞെടുത്തു. ഇവരെ അനുമോദിക്കുന്നതിനായി ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന കോൺവൊക്കേഷൻ ചടങ്ങിലേക്ക് ഡിജിടി ക്ഷണിച്ചിട്ടുള്ളത് സംസ്ഥാനത്തിന് അഭിമാനാർഹമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് , മറ്റു ഉദ്യോഗസ്ഥർ, ഇൻസ്ട്രെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.