27 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 27, 2024
September 30, 2024
July 26, 2024
June 14, 2024
May 22, 2024
January 13, 2024
January 13, 2024
November 2, 2023
July 30, 2023
January 14, 2023

മലയാള സാംസ്കാരിക ലോകത്തെ ഹിമവൽസാനു; വിമർശന കലയിലെ ആചാര്യൻ

പ്രൊഫ. എം കെ സാനു 98ന്റെ നിറവിൽ
Janayugom Webdesk
October 27, 2024 6:00 am

ലയാള സാംസ്കാരിക ലോകത്തെ ഹിമവൽസാനുവാണ്‌ പ്രൊഫ. എം കെ സാനു. എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍, പ്രഭാഷകൻ, ജനപ്രതിനിധി തുടങ്ങി അദ്ദേഹം വിഹരിച്ച മേഖലകളിലെല്ലാം തന്റേതായ കൈയൊപ്പ് ചാർത്തി. ജീവചരിത്ര രചനയിലെ അഭൂതപൂർവമായ അപഗ്രഥനങ്ങളും സർഗകൃതികളും ഉൾപ്പെടെ സമഗ്രമാണ്‌ അദ്ദേഹത്തിന്റെ രചനാമേഖല. ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും സഹോദരൻ അയ്യപ്പനെയുമെല്ലാം അവരുടെ ജീവിതവഴിയിലൂടെയും കൃതികളിലൂടെയും പിന്തുടർന്ന അദ്ദേഹം വായനക്കാർക്ക്‌ നൽകിയത് പുതിയ വെളിച്ചം. എം കെ സാനു എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. ഒരു ദിവസം അധ്യാപകൻ കുട്ടികളോടു പറഞ്ഞു. ഭാവിയിൽ നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹമെന്ന് എഴുതി നൽകുവാൻ. ഡോക്ടറും പൊലീസും അധ്യാപകനുമൊക്കെ ആകുവാനായിരുന്നു കുട്ടികൾക്ക് ഏറെ ഇഷ്ടം . എന്നാൽ സാനു എഴുതി നൽകിയ മറുപടി അധ്യാപകനെ വിസ്മയിപ്പിച്ചു .

‘അന്യജീവനുതകി സ്വജീവിതം , ധന്യമാക്കുമമലേ വിവേകികൾ.’

മലയാള ഭാഷയിലെ വിശിഷ്ട രചനയെന്ന് പല നിരൂപകരും വാഴ്ത്തിയ കുമാരനാശാന്റെ ഖണ്ഡകാവ്യമായ നളിനിയിലേത് ആയിരുന്നു ആ വരികൾ . മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വജീവിതംസമർപ്പിക്കുന്നവരാണു വിവേകികളെന്ന് ദിവാകരൻ, നളിനിയോട് പറഞ്ഞ വാക്കുകൾ അക്ഷരാർഥത്തിൽ എം സാനു ജീവിതത്തിൽ പ്രാവർത്തികമാക്കി. അധ്യാപകനായി, പ്രഭാഷകനായി, സാഹിത്യ നിരൂപകനായി, സാംസ്കാരിക–ജീവകാരുണ്യ പ്രവർത്തകനായി, എല്ലാവർക്കും ഉപകാരിയായി. ഒക്‌ടോബർ 27ന് 98ന്റെ നിറവിലെത്തുമ്പോഴും അപൂർവ സിദ്ധികളോടെ ജീവിച്ച മനുഷ്യസ്‌നേഹിയായി അദ്ദേഹത്തെ കാലം അടയാളപ്പെടുത്തുന്നു. 

ആലപ്പുഴ എസ് ഡി കോളേജിലെ വിദ്യാർത്ഥി നേതാവ്

1928 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിലെ അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ആയിരുന്നു എം കെ സാനുവിന്റെ ജനനം. അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. ആലപ്പുഴ എസ് ഡി കോളേജിലെ വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ജയിലിലായ സാനു മടങ്ങിവരുമ്പോൾ ഏറ്റവും ഇഷ്ടമുള്ള അടയുമായാണ് അമ്മ കാത്തിരുന്നത്. എം കെ സാനു ആലപ്പുഴ എസ് ഡി കോളേജിൽ പഠിക്കുമ്പോൾ എഐഎസ്എഫ് ആയിരുന്നു വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള സംഘടന . കെ ഗോവിന്ദപിള്ളയായിരുന്നു പ്രധാന നേതാവ് . കെ കെ കുമാരപിള്ളയുടെ നേതൃത്വത്തിൽ പി എസ് യുവും സജീവം. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ ശക്തികേന്ദ്രത്തിൽ അവരുടെ പാനലിനെതിരെ എം കെ സാനുവിന്റെ നേതൃത്വത്തിൽ സ്വതന്ത്ര പാനൽ മത്സരത്തിനിറങ്ങി . ചെയർമാനായി മത്സരിച്ച എം കെ സാനു മാത്രമാണ് പാനലിൽ വിജയിച്ചത് . അത്രയേറെ വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനം ചിലത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

എറണാകുളത്ത് നിന്നും നിയമസഭയിലേക്ക്

ഒരു വലിയ തെരഞ്ഞെടുപ്പിന്റെ തിളങ്ങുന്ന ഓര്‍മകൾ ഇപ്പോഴുമുണ്ട് എം കെ സാനുവിന്റെ മനസില്‍. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന എം കെ സാനുവിനെ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന എറണാകുളത്ത് മത്സരിപ്പിക്കാനായിരുന്നു എൽഡിഎഫിന്റെ തീരുമാനം. എഴുത്തും വായനയും പ്രസംഗവുമെല്ലാം ദിനചര്യയാക്കി മാറ്റിയ സാനുമാഷിന് രാഷ്ട്രീയ പ്രവര്‍ത്തനത്തിനോട് അശേഷം താല്‍പ്പര്യമില്ല. സുഹൃത്തായിരുന്ന അഡ്വ. എം എം ചെറിയാന്‍ എം കെ സാനുവിനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അന്ന് ഇഎംഎസും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം നയം വ്യക്തമാക്കി- “എറണാകുളം നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സാനുമാഷ് മത്സരിക്കണം. കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലം ആണങ്കിലും മാഷ് സ്ഥാനാര്‍ത്ഥിയായാല്‍ നമുക്ക് വിജയിക്കാന്‍ കഴിയും”. തോപ്പില്‍ഭാസി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ടി കെ രാമകൃഷ്ണന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് തുടങ്ങിയവരും നിര്‍ബന്ധിച്ചു. അടുത്ത സുഹൃത്തായ ഡോ. ഗോപാലകൃഷ്ണനോട് ആലോചിച്ചേ മുറുപടി പറയാന്‍ കഴിയൂ എന്ന് വിശദീകരിച്ച് എം കെ സാനു മടങ്ങി. ഒരു കാരണവശാലും മത്സരിക്കരുത് എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതുകേട്ട് സന്തോഷത്തോടെ വീട്ടിലേയ്ക്ക് മടങ്ങിയപ്പോള്‍ കണ്ടകാഴ്ച എം കെ സാനുവിനെ ഞെട്ടിച്ചു. 

നഗരത്തില്‍ പലസ്ഥലത്തും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചുവരുകളില്‍ തന്റെ പേരെഴുതി പ്രചരണം തുടങ്ങിയിരിക്കുന്നു. സ്നേഹത്തോടെയുള്ള സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങള്‍ കൂടിയായപ്പോള്‍ മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭാര്യയടക്കം ശക്തമായി എതിര്‍ത്തു. പിന്നെ ഭാര്യയെ ആശ്വസിപ്പിക്കലായി അടുത്ത ഊഴം. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം ആയതിനാല്‍ തെരഞ്ഞെടുപ്പില്‍ നമ്മള്‍ ഏതായാലും തോല്‍ക്കുമെന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞു. വോട്ടെണ്ണി കഴിയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ നമ്മുടെ വീടിന്റെ മുന്നിലെത്തി “പൊട്ടിപ്പോയേ” എന്ന് ആക്ഷേപിക്കുകയും പടക്കം പൊട്ടിക്കുകയുമൊക്കെ ചെയ്യും. അതുകേട്ട് വിഷമിക്കരുതെന്ന് ഭാര്യയ്ക്ക് നിര്‍ദ്ദേശം നല്‍കി സാനു മാഷും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. എന്നാല്‍ ഫലം വന്നപ്പോള്‍ ആദ്യം ഞെട്ടിയത് സാക്ഷാല്‍ സാനുമാഷ് തന്നെ. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി എം കെ സാനു ചരിത്രം രചിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുവാന്‍ എല്‍ഡിഎഫ് നേതൃത്വം പറഞ്ഞെങ്കിലും എനിക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നത് എഴുത്തിലും പ്രസംഗത്തിലും മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹംഒഴിഞ്ഞു മാറുകയായിരുന്നു.

വലിയ ശിഷ്യഗണം

വലിയൊരു ശിഷ്യഗണത്തിന്റെ ഉടമയാണ് എം കെ സാനു. എറണാകുളം മഹാരാജാസിൽ എ കെ ആന്റണി, വയലാർ രവി, മമ്മൂട്ടി, ജോൺ പോൾ തുടങ്ങി അവരുടെ പട്ടിക വളരെ നീളും. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരും ഡോ.സി കെ രാമചന്ദ്രനുമായിരുന്നു അടുത്ത സുഹൃത്തുക്കൾ . വൈക്കം മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള വലിയ സൗഹൃദവലയവും അദ്ദേഹത്തിന് സ്വന്തമായിരുന്നു.

വിമർശന കലയുടെ വേറിട്ട മുഖം

ജീവചരിത്രം എഴുതുമ്പോൾ വിമർശന കലയുടെ വേറിട്ട മുഖമായി എം കെ സാനു മാറും. തൂലിക, ഭാഷയുടെ സകല വശ്യതയും ആവാഹിച്ച അത്തരം രചനകൾ മലയാള ഭാഷക്ക് മുതൽകൂട്ടായത് ചരിത്രം. സാനുമാഷ് എഴുതിയ ചങ്ങമ്പുഴയുടെ ജീവചരിത്രം കവിയുടെ വ്യക്തിത്വത്തെയും കവിതയെയും കവി നേരിട്ട ആശയസംഘർഷങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുന്നു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചെഴുതിയ ‘ഏകാന്തവീഥിയിലെ അവധൂതനും’ പി കെ ബാലകൃഷ്ണനെക്കുറിച്ചെഴുതിയ ‘ഉറങ്ങാത്ത മനീഷി‘യുമെല്ലാം സവിശേഷരീതിയാണ് പിന്തുടർന്നത്. മലയാളികൾക്ക് പരിചിതമായിരുന്നു ജീവചരിത്രങ്ങളെയാകെ നിഷ്പ്രഭമാക്കുന്ന രചനാതന്ത്രമാണ് അദ്ദേഹം ആവിഷ്കരിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.