27 October 2024, Sunday
KSFE Galaxy Chits Banner 2

രക്തസാക്ഷി സ്മരണയിൽ വയലാർ തിളങ്ങി

പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് കൊടിയിറങ്ങി
Janayugom Webdesk
ആലപ്പുഴ
October 27, 2024 11:10 pm

കേരളത്തിന്റെ രാഷ്ട്രീയ‑സാമൂഹിക ജീവിതം ഉടച്ചുവാർക്കാൻ ഹൃദയരക്തം നൽകിയ വയലാർ രക്തസാക്ഷികൾക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി. ഐക്യ കേരളമെന്ന മലയാളികളുടെ സ്വപ്നത്തെ തിരുവിതാംകൂറിലെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിയ പോരാളികളെ സ്മരിക്കാൻ സമരസേനാനികളും കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമെല്ലാം പുഷ്പ ചക്രവുമായാണെത്തിയത്. ഇതോടെ പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് ഇന്നലെ കൊടിയിറങ്ങി. 

പുന്നപ്ര‑വയലാർ രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ മുന്‍ മന്ത്രി ജി സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സിപിഐ(എം) നേതാവ് കെ വി ദേവദാസും തെളിയിച്ച് നൽകിയ ദീപശിഖകൾ അത്‌ലറ്റുകൾ കൈമാറി വയലാർ സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. പുഷ്പങ്ങൾ അർപ്പിച്ചും കതിനാവെടി മുഴക്കിയും അഭിവാദ്യമർപ്പിച്ചും വഴിനീളെ പതിനായിരങ്ങൾ ദീപശിഖാറിലേയെ സ്വീകരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാര്‍ത്ഥന്‍ ദീപശിഖകൾ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍, വിപ്ലവ ഗായിക പി കെ മേദിനി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ തുടങ്ങിയവർ പുഷ്പാർച്ചനയില്‍ പങ്കെടുത്തു. 

വൈകിട്ട് 5ന് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്, സി എസ് സുജാത, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കെ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ‌്മോൻ തുടങ്ങിയവർ പങ്കെടുത്തു. എം സി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി. പി കെ സാബു സ്വാഗതം പറഞ്ഞു.

രക്തസാക്ഷി മണ്ഡപത്തിൽ നടന്ന വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനത്തിൽ വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം കെ ഉത്തമൻ സ്വാഗതം പറഞ്ഞു. ഡോ. സുനിൽ പി ഇളയിടം, ഇ എം സതീശൻ, കെ വി സുധാകരൻ, ഒ കെ മുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വയലാർ അന്തിയുറങ്ങുന്ന രാഘവപ്പറമ്പിൽ അനുസ്മരണ സമ്മേളനവും കവിയരങ്ങും നടന്നു. ഇപ്റ്റ, യുവകലാസാഹിതി, പുരോഗമന കലാസാഹിത്യസംഘം എന്നിവർ സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. രാവിലെ 8ന് പുഷ്പാർച്ചനയും കവി സമ്മേളനവും നടന്നു. വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നടി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. എസ് ആര്‍ ഇന്ദ്രന്‍ സ്വാഗതം പറഞ്ഞു. വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനം ഡോ. എസ് ശാരദക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇപ്റ്റ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചേര്‍ത്തല രാജന്‍ സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.