30 October 2024, Wednesday
KSFE Galaxy Chits Banner 2

തൊഴിൽത്തട്ടിപ്പിനെതിരെ ‍കർശന നിയമമുണ്ടാക്കണം

Janayugom Webdesk
October 30, 2024 5:00 am

അഭ്യസ്തവിദ്യരായ തൊഴിൽരഹിത യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധന വലിയൊരു തട്ടിപ്പിന്റെ ഇടമായിരിക്കുന്നുവെന്നാണ് സമീപകാലത്ത് പുറത്തെത്തുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ അവസരങ്ങളിലേക്ക് തൊഴിൽരഹിതരെ മോഹന വാഗ്ദാനങ്ങൾ നൽകി വലയിലാക്കുകയും വീണുപോകുന്നവരെ വഞ്ചിച്ച് വൻതുക തട്ടിയെടുക്കുകയും ചെയ്യുന്ന സംഘങ്ങൾ വ്യാപകമാണെന്നും വ്യക്തമാകുന്നു. റഷ്യ — ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആളുകളെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിച്ച് യുവാക്കളെ തിരഞ്ഞെടുത്തതും പിന്നീട് അവർക്ക് യുദ്ധമുന്നണിയിലാണ് ജോലി ലഭിച്ചതെന്ന് കണ്ടെത്തിയതും ഈയടുത്ത മാസങ്ങളിലായിരുന്നു. റഷ്യയിലെ സൈന്യത്തിലാണ് ഇവർക്ക് സേവനം അനുഷ്ഠിക്കേണ്ടിവന്നത്. അതിൽ ചിലർ യുദ്ധത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂലൈയിൽ മോസ്കോ സന്ദർശിച്ച വേളയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിക്കുകയും ഇന്ത്യക്കാരെ വിട്ടയക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. രണ്ട് മാസത്തിലധികം കഴിഞ്ഞാണ് അത് നടപ്പിലായത്. ഈ തട്ടിപ്പിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഇരകളുണ്ടായി. സംഭവത്തിൽ കഴിഞ്ഞ മാർച്ചിൽ കേസെടുത്ത സിബിഐ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളില്‍ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങൾ രാജ്യത്ത് വർധിക്കുന്നുവെന്ന വിവരം വെളിപ്പെട്ടിരിക്കുന്നത്. വലിയ തുക വേതനവും മികച്ച സേവന വ്യവസ്ഥകളും വാഗ്ദാനം നൽകിയാണ് തട്ടിപ്പ് സംഘങ്ങൾ യുവാക്കളെ കെണിയിൽപ്പെടുത്തുന്നത്. വിവര സാങ്കേതിക മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലെത്തിയ കോഴിക്കോട് വടകര സ്വദേശികളായ യുവാക്കൾ അവിടെയെത്തിയപ്പോഴാണ് തങ്ങൾ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെടുന്നത്. 

വിദേശ പഠനത്തിന്റെ പേരിലും നിരവധി വിദ്യാർത്ഥികൾ തട്ടിപ്പിനിരയാകുന്നു. വൻസംഘങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. നവമാധ്യമങ്ങളുടെ സാധ്യതകൾ നന്നായി ഉപയോഗിച്ചാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്. വ്യക്തമായ വിലാസമോ വിവരങ്ങളോ നൽകാതെ സമൂഹമാധ്യമങ്ങളിൽ തൊഴിൽലഭ്യതയെ കുറിച്ച് പ്രചരിപ്പിച്ചാണ് ഇരകളെ കണ്ടെത്തുന്നത്. പിന്നീട് വ്യാജനിയമനവും നിർദിഷ്ട രാജ്യങ്ങളിലേക്ക് യാത്രയും നടന്നുകഴിഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുകയാണ് രീതി. അതുകൊണ്ടുതന്നെ ഇത് സൈബർ തട്ടിപ്പിന്റെ പരിധിയിലാണ് വരിക എന്നതും അന്വേഷണം സങ്കീർണവും വിവിധ രാജ്യങ്ങളിൽ പരന്നുകിടക്കുന്നതുമാണ് എന്നതിനാലും തട്ടിപ്പ് സംഘങ്ങളെ കണ്ടെത്തുന്നതിന് നിരവധി കടമ്പകളുണ്ട്. ഒരുകാലത്ത് ഗൾഫ് രാജ്യങ്ങളെയായിരുന്നു ആളുകളെ ആകർഷിക്കുന്നതിനായി ഈ സംഘങ്ങൾ ഉപയോഗിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാധ്യതകൾക്ക് മങ്ങലേറ്റതോടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയും തട്ടിപ്പ് തുടരുകയുമാണ്. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ നിയമനത്തിന്റെ പേരിലുള്ള തട്ടിപ്പുകളിൽപ്പെട്ടു പോകരുതെന്ന നിർദേശം സർക്കാർ സംവിധാനങ്ങളിൽ നിന്ന് നിരന്തരം ഉണ്ടാകാറുണ്ടെങ്കിലും ഒരു തൊഴിലെന്ന മോഹവുമായി നടക്കുന്നവർ അതൊന്നും ശ്രദ്ധിക്കാതെ തട്ടിപ്പിൽ കുടുങ്ങുകയാണ്. 

പുതിയ തട്ടിപ്പ് വാർത്തകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓപ്പറേഷൻ ശുഭയാത്ര എന്ന പേരിലുള്ള കർമപദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പൊലീസ് സൂപ്രണ്ട് എന്നിവർ അംഗങ്ങളായി ടാസ്ക്ഫോഴ്സ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നടപടികളുടെ ഭാഗമായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ ചർച്ചായോഗത്തിൽ സംസ്ഥാനത്തു മാത്രം ലൈസൻസില്ലാത്ത 10,000ത്തോളം റിക്രൂട്ടിങ്, കൺസൾട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി. വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയിൽ കർശനമായ സർക്കാർ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും നിലനിൽക്കുന്ന കേരളത്തിൽ പോലും അനധികൃതമായി ഇത്രയധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഈ കുറ്റകൃത്യം തടയുന്നതിന് സംസ്ഥാനങ്ങൾക്ക് പരിമിതികളുണ്ട്. പല സംഭവങ്ങളുടെയും കണ്ണികൾ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുവരെ വേരുകളുള്ളവയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര വിദേശ — നിയമ മന്ത്രാലയങ്ങൾക്കാണ് കർശന നടപടികൾ സ്വീകരിക്കുന്നതിന് സാധിക്കുക. കർശനവ്യവസ്ഥകളുള്ള നിയമനിർമ്മാണത്തിനുള്ള അധികാരവും കേന്ദ്രത്തിനാണ്. കേന്ദ്ര എമിഗ്രേഷൻ നിയമങ്ങളനുസരിച്ച് ഇപ്പോള്‍‍ നടപടി സ്വീകരിക്കാവുന്നതാണ്. അതുകൊണ്ട് പ്രസ്തുത നിയമം കൂടുതൽ ശക്തിപ്പെടുത്തുകയോ തട്ടിപ്പിന്റെ വ്യാപ്തിയും വൈവിധ്യവും പരിഗണിച്ച് പുതിയ നിയമനിർമ്മാണം നടത്തുകയോ ചെയ്യുന്നതിന് കേന്ദ്ര സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്. കൂടാതെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവൽക്കരണത്തിനുള്ള നടപടികളും സർക്കാർ തലത്തിൽ കൈക്കൊള്ളണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.