നാടറിഞ്ഞ് വീടറിഞ്ഞ് ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുകയാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ഗ്രാമവീഥികളില്‍ കാത്തുനിന്നവരോട് സ്നേഹാന്വേഷണങ്ങള്‍ നടത്തിയും കവലയിലെ കടയില്‍ ചൂടുചായയ്ക്കൊപ്പം വിളമ്പിയ നാട്ടുവര്‍ത്തമാനത്തില്‍ കൂടെക്കൂടിയും ദേശമംഗലത്തെ ഗ്രാമീണരില്‍ ഒരുവനാകുകയായിരുന്നു ഇന്നലെ സ്ഥാനാര്‍ത്ഥി. പൊതുപര്യടനത്തിന്റെ രണ്ടാം ദിവസം പിന്നിടുമ്പോള്‍ അണികളുടെയും നാട്ടുകാരുടെയും ആവേശം ഉയരുകയാണ്.
ദേശമംഗലത്തെ കുംഭാരനഗറില്‍ നിന്നും ഇന്നലെ രാവിലെ എട്ടുമണിക്കായിരുന്നു പര്യടനം ആരംഭിച്ചത്. നാട്ടുകാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും എന്തൊക്കെയാണെന്ന് പറയാതെ തന്നെ അറിയാമെന്നും അവയ്ക്ക് വേണ്ട പരിഹാരങ്ങള്‍ ചെയ്യുമെന്നും സ്ഥാനാര്‍ത്ഥി ഉറപ്പു നല്‍കി. 2018ല്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ ജീവനും ഭൂമിയും വീടും നഷ്ടമായവരെ സ്ഥാനാര്‍ത്ഥി ഓര്‍ത്തു. ദേശമംഗലം എസ്റ്റേറ്റ്പടിയിലെ 19 ഓളം കുടുംബങ്ങള്‍ക്ക് തിരികെ ജീവിതത്തിലേക്ക് വരാനായത് ഇടതുസര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലായിരുന്നു. ഈ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും വീടും നല്‍കി താക്കോല്‍ കൈമാറിയതും 2021ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നു.
ഇടത് മുന്നണിയ്ക്കൊപ്പം നിന്ന് തന്റെ സഹോദരങ്ങളോടുള്ള കടമകള്‍ നിര്‍വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇനിയും അങ്ങനെ പ്രവര്‍ത്തിക്കാൻ തയ്യാറാണെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. പര്യടനം കടന്നുചെല്ലുന്നയിടങ്ങളിലെല്ലാം രക്തഹാരവും പൂക്കളും പൊന്നാടകളുമായി പ്രായഭേദമന്യെ ജനങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. വെയിലത്ത് പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരും സഹോദരിമാരും ഒത്തൊരുമിച്ച് പറഞ്ഞത് തങ്ങളുടെ വോട്ട് പ്രദീപിനെന്നാണ്. സ്ഥാനാര്‍ത്ഥി പര്യടനത്തിനും വോട്ട് ചോദിക്കലിനുമപ്പുറം കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള പരിചയം പുതുക്കലിനു വേദിയാകുകയായിരുന്നു സ്വീകരണ കേന്ദ്രങ്ങള്‍.
കൊടക്കാരംകുന്ന്, കളവര്‍കോട്, ഊ റോല്‍, കൊറ്റമ്പത്തൂര്‍, കുന്നുംപുറം, ആറങ്ങോട്ടുകര, കോഴിക്കുന്ന് എന്നിവിടങ്ങളിലൂടെ കടന്നുപോയ പര്യടനം പാറപ്പുറത്ത് സമാപിച്ചു. ഉച്ചയ്ക്ക് ശേഷം വരവൂര്‍ പഞ്ചായത്തിലെ കൊറ്റുപറം, പുളിഞ്ചോട്, കുമരപ്പനാല്‍, ഇരുന്നിലംകോട്, കണ്ണമ്പാറ, വാഴക്കോട്, മുള്ളൂര്‍ക്കര തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം രാത്രി പാറപ്പുറത്ത് സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.