31 October 2024, Thursday
KSFE Galaxy Chits Banner 2

കണക്കിലെ കളികളിൽ പാലക്കാട്

സ്വന്തം ലേഖകൻ
പാലക്കാട്
October 31, 2024 3:15 pm

പകൽച്ചൂടുപോലെ തിളയ്ക്കുകയാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയം. ഇടതുപക്ഷത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ഡോ. സരിൻ എത്തിയതാേടെ രാഷ്ട്രീയനിരീക്ഷകർ പരമ്പരാഗത കണക്കുകളെല്ലാം തിരുത്തിയെഴുതുന്ന തിരക്കിലാണ്. നിലവിൽ ഇടതുപക്ഷം മൂന്നാംസ്ഥാനത്താണെങ്കിലും നഗരസഭയിലെ 52 വാർഡുകളും മൂന്നു പഞ്ചായത്തുകളിലായുള്ള 52 വാർഡുകളുമടക്കം 104 വാർഡുകളിൽ നിന്ന് 7,000 മുതൽ 10,000 വോട്ടുകൾവരെ എൽഡിഎഫിന് കൂടുതൽ സമാഹരിക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പാക്കാനാവും.
യുഡിഎഫ് ജില്ലാ നേതൃത്വത്തിന് അസ്വീകാര്യനായ സ്ഥാനാർത്ഥി പത്തനംതിട്ടയിൽ നിന്ന് വന്നതും ബിജെപിയിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുണ്ടായ കലഹം അടിത്തട്ടിൽ തുടരുന്നതും ഇടതുപക്ഷത്തിന് അനുകൂല തരംഗമാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിലായിരുന്നപ്പോൾ ഡോ. സരിനൊപ്പമുണ്ടായിരുന്ന ചിലർ യുഡിഎഫിനെതിരെ റിബലാകാനൊരുങ്ങി പിന്നീട് സരിനൊപ്പം ചേരുകയായിരുന്നു. 

പോളിങ് ശതമാനം കൂടിയ 2011ൽ ആദ്യമായി വിജയിച്ച ഷാഫി പറമ്പിൽ 47,641 വാേട്ട് നേടിയപ്പോൾ രണ്ടാമതുവന്ന എൽഡിഎഫിലെ കെ കെ ദിവാകരൻ 40,238 വോട്ട് നേടി. 2006ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ച കെ കെ ദിവാകരൻ നേടിയത് 41,166 വോട്ടായിരുന്നു. വെറും 928 വോട്ടിന്റെ കുറവേ 2011ൽ ഉണ്ടായുള്ളുവെങ്കിലും ബിജെപി വോട്ടിലുണ്ടായ ചോർച്ചയടക്കം എൽഡിഎഫ് പരാജയത്തിനു കാരണമായി. 2006ൽ ഒ രാജഗോപാൽ 27,667 വോട്ട് നേടിയപ്പോൾ 2011ലെ ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയത് 22,317 വോട്ടായിരുന്നു. അഞ്ച് ശതമാനത്തിന്റെ കുറവ്.
പിന്നീട് 2016ലും 2021ലും നടന്ന തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് പരാജയപ്പെട്ടെങ്കിലും നേരിയ വ്യത്യാസമൊഴിച്ചാൽ ഇടതുപക്ഷ വോട്ടുകൾ ഭദ്രമായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. യഥാക്രമം 38,675, 36,433 എന്നിങ്ങനെയായിരുന്നു എൽഡിഎഫ് വോട്ടുകൾ. 2021ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് പാലക്കാട് നഗരസഭ, പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ നിന്നായി 35,622 വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞു. 

കഴിഞ്ഞ ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡല പരിധിയിൽ നിന്ന് ഇടതു സ്ഥാനാർത്ഥി എ വിജയരാഘവന്‍ 34,640 വോട്ട് നേടി. കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടിൽ അന്ന് ഗണ്യമായ കുറവുണ്ടായത് ശ്രദ്ധേയമാണ്. മൂന്ന് പഞ്ചായത്തുകളിൽ മാത്തൂരും കണ്ണാടിയിലും നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ലീഡ് ചെയ്തത് എൽഡിഎഫായിരുന്നു. മാത്തൂരിൽ യുഡിഎഫിന് ഭരണമുള്ളപ്പോഴായിരുന്നു ഇത്.
യുഡിഎഫിന് സ്വാധീനമുള്ള പിരായിരി പഞ്ചായത്തിലടക്കം കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ പ്രചരണത്തിലാണ് ഡോ. സരിൻ. ഇടതുമുന്നണിയുടെ സംസ്ഥാനതല നേതാക്കൾ ഒരോ പ്രദേശത്തും ക്യാമ്പ് ചെയ്ത് വിലയേറിയ ഓരോ വോട്ടും അനുകൂലമാക്കാൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ എ
ന്നിവർ ഏറെ ദിവസങ്ങളായി മണ്ഡലത്തിലുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കൾ അടുത്തയാഴ്ച പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളും അടുത്തയാഴ്ചയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.