31 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 28, 2024
October 21, 2024
October 14, 2024
October 12, 2024
October 10, 2024
October 8, 2024
October 1, 2024
September 29, 2024
September 23, 2024

യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

Janayugom Webdesk
കൊച്ചി
October 31, 2024 5:49 pm

യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 5.21നായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു. എറണാകുളം പുത്തൻകുരിശിനടുത്ത് വടയമ്പാടിയിൽ 1929 ജൂലൈ 22നാണ് ജനനം. 1952ൽ ഇരുപത്തിമൂന്നാം വയസിൽ കോറൂയോ പട്ടം നൽകി. തുടർന്ന് ആലുവയിലെ വലിയ തിരുമേനി (പൗലൂസ് മാർ അത്താനാസിയോസ്)യുടെ സെക്രട്ടറിയും സുറിയാനി മൽപ്പാനുമായിരുന്ന ഞാർത്താങ്കൽ കോരുത് മൽപ്പാന്റെയും മൂശസലാമ റമ്പാന്റെയും (മോർ ക്രിസോസ്റ്റമോസ്) കടവിൽ പോൾ റമ്പാന്റെയും (ഡോ പൗലുസ് മാർ അത്താനാസിയോസ്) കീഴിൽ വൈദികപഠനം നടത്തി. 

1957ൽ കടമറ്റം പള്ളിയിൽവച്ച് ശെമ്മാശപ്പട്ടവും 1958 സെപ്റ്റംബർ 21ന് മഞ്ഞിനിക്കര ദയറായിൽവച്ച് അന്ത്യോഖ്യ പ്രതിനിധി യൂലിയോസ് ഏലിയാസ് ബാവയിൽനിന്നു ഫാ. സി എം തോമസ് ചെറുവിള്ളിൽ എന്ന പേരിൽ പുരോഹിത പട്ടവും സ്വീകരിച്ചു.
1974 ഫെബ്രുവരി 24 നു ദമാസ്കസിൽവച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ അദ്ദേഹത്തെ തോമസ് മോർ ദീവന്നാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. ഒപ്പം അഭിഷിക്തനായ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായി. 1999 ഫെബ്രുവരിയിൽ ദീവന്നാസിയോസിനെ സുനഹദോസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2000ത്തിൽ ചേർന്ന അഖില മലങ്കര പള്ളി പ്രതിപുരുഷയോഗം നിയുക്ത കാതോലിക്കയായി ഉയർത്തി. 

2002 ജൂലൈയിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി നിയോഗിച്ചു. സിറിയയിൽ മോർ എഫ്രേം ദയറാ കത്തീഡ്രലിൽ 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി വാഴിച്ചു. ജൂലൈ 31ന് കോതമംഗലം മർത്തോമ്മൻ ചെറിയപള്ളിയിലായിരുന്നു സുന്ത്രോണീസോ(സ്ഥാനാരോഹണം) ശുശ്രൂഷ. സംസ്കാരം ശനിയാഴ്ച മൂന്നിന് പുത്തൻ കുരിശിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.