31 October 2024, Thursday
KSFE Galaxy Chits Banner 2

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

Janayugom Webdesk
തിരുവനന്തപുരം 
October 31, 2024 7:45 pm

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് ആന്റ് എൻജിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി), ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. ആകെ പുരസ്‌കാരങ്ങളുടെ എണ്ണം പത്തിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച് ഒൻപത് പുരസ്‌കാരങ്ങൾക്കാണ് സമിതി ശുപാർശ സമർപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.