3 December 2024, Tuesday
KSFE Galaxy Chits Banner 2

വിഴിഞ്ഞം തുറമുഖം; കേന്ദ്ര നിലപാട് ശത്രുതാപരം

Janayugom Webdesk
November 4, 2024 5:00 am

ല്ലാ കാര്യങ്ങളിലും കേന്ദ്രം കേരളത്തോട് കാട്ടുന്ന കടുത്ത അവഗണന സാമ്പത്തികവും സാമൂഹ്യവുമായ പ്രതിസന്ധിക്ക് കാരണമാകുന്നത് നിരന്തരം ചർച്ച ചെയ്യപ്പെടുന്നതാണ്. നൂറുകണക്കിന് മനുഷ്യജീവൻ പൊലിയുകയും ആയിരക്കണക്കിന് കോടി രൂപയുടെ നാശമുണ്ടാകുകയും ചെയ്ത വയനാട് ജില്ലയിലെ ചൂരൽമല ദുരന്തത്തിന് മൂന്ന് മാസം പിന്നിട്ടിട്ടും നയാപൈസ പ്രത്യേക സഹായമായി കേന്ദ്ര സർക്കാർ നൽകിയില്ല. കേരള ഹൈക്കോടതി ഇടപെട്ടിട്ടും കൂടുതൽ സമയം ചോദിച്ച് സഹായമനുവദിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ക്രൂരതയും തുടരുകയാണ്. ഏറ്റവും ഒടുവിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയോട് വാക്കുപറഞ്ഞിരിക്കുന്നത്. പദ്ധതി വിഹിതം കുറച്ചും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം തടഞ്ഞുവച്ചുമുള്ള ദ്രോഹങ്ങളും തുടരുന്നു. ഇതെല്ലാം നിൽക്കുമ്പോഴാണ് രാജ്യത്തിന്റെയാകെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത വിഹിതം പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് നിലപാടെടുത്തിരിക്കുന്നത്. ഈ സമീപനത്തെ അവഗണനയെന്ന സംജ്ഞകൊണ്ട് വിശേഷിപ്പിച്ചാൽ പോരാ; കൊടിയ വഞ്ചനയെന്നുവേണം പറയാൻ. അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി വിഭാവനം ചെയ്തത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പൊതു — സ്വകാര്യ പങ്കാളിത്തത്തെ (പിപിപി) പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക പിന്തുണാ സംവിധാനമെന്ന നിലയിലാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) കേന്ദ്ര സർക്കാർ അംഗീകരിച്ചത്. വിജിഎഫ് അംഗീകരിക്കുന്നതിന് പിന്നിൽ മൂന്ന് പ്രധാന ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഒന്ന്. രണ്ടാമതായി അത്തരം പദ്ധതികളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതും മൂന്നാമതായി സർക്കാരുകളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുക എന്നതും. 

വിജിഎഫ് സാധാരണയായി നൽകുന്നത് ധനസഹായമായാണ്; വായ്പയായല്ല. എന്നുമാത്രമല്ല 2023ൽ തൂത്തുക്കുടി തുറമുഖ പദ്ധതിക്ക് അംഗീകാരം നൽകിയപ്പോ­ൾ വിജിഎഫ് തിരികെ നൽകണമെന്ന വ്യവസ്ഥ വച്ചിരുന്നില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് സമാനമായ രീതിയിലാണ് തൂത്തുക്കുടി പദ്ധതിയും രൂപകല്പന ചെയ്തിരിക്കുന്നത്. പൊതു — സ്വകാര്യ പങ്കാളിത്തത്തിനുള്ള സാമ്പത്തിക സഹായ പദ്ധതിക്ക് കീഴിൽ 2015 ഫെബ്രുവരി മൂന്നിന് വിജിഎഫിന് അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. കേന്ദ്ര ധനമന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി 817.80 കോടി രൂപയുടെ വിജിഎഫ് വിഴിഞ്ഞം പദ്ധതിക്കായി അനുവദിക്കുന്നതിന് ശുപാർശ നൽകുകയും ചെയ്തിരുന്നു. ഈ തുകയാണ് ഇപ്പോ­ൾ വായ്പയായി പരിഗണിക്കുമെന്ന നിലപാടെടുത്തിരിക്കുന്നത്. തുക വായ്പയായി ലഭിച്ചാൽ പലിശ സഹിതം 12,000 കോടി രൂപയോളം കേന്ദ്രത്തിന് തിരിച്ചു നൽകേണ്ടിവരും. പദ്ധതിക്കാവശ്യമായ 8,867 കോടി രൂപയിൽ 5,595 കോടി സംസ്ഥാന സർക്കാരും അഡാനി 2,454 കോടിയുമാണ് വിനിയോഗിക്കുക. വിജിഎഫ് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായി നൽകാൻ തീരുമാനിച്ചതാണ്. അതിലെ കേന്ദ്ര വിഹിതം 817.80 കോടി കഴിച്ച് 817.20 കോടി രൂപ സംസ്ഥാന വിഹിതമായി അഡാനി പോർട്ട് കമ്പനിക്ക് നൽകണം. 

ഡിസംബറിൽ പൂര്‍ണമായും കമ്മിഷൻ ചെയ്യുന്നതോടെ രാജ്യത്തെ ആഴക്കടൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന പ്രധാന കേന്ദ്രമായി മാറാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. കൊളംബോ, സിംഗപ്പൂർ, മലേഷ്യ, സലാല, ദുബായ് തുറമുഖങ്ങളിൽ ഇപ്പോൾ കൈകാര്യം ചെയ്യുന്നവയിൽ വലിയൊരു ഭാഗം വിഴിഞ്ഞത്തേക്ക് കൊണ്ടുവരാൻ സാധിക്കും. ഇതിനുപുറമേ ഇതിൽ നിന്നുള്ള വരുമാനത്തിന്റെ വലിയ ഭാഗവും പോകുന്നത് കേന്ദ്ര സർക്കാരിലേയ്ക്കായിരിക്കും. ഇക്കാര്യം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽ നിന്നും 60 പൈസ കേന്ദ്രത്തിനാണ് ലഭിക്കുക. സംസ്ഥാനത്തിന് ഒന്ന് മുതൽ മൂന്ന് പൈസ വരെയാണ് ലഭിക്കാനിടയുള്ളത്. മിതമായി കണക്കാക്കിയാൽ പോലും കസ്റ്റംസ് തീരുവ വഴി പ്രതിവർഷം 10,000 കോടി രൂപ വിഴിഞ്ഞത്തുനിന്ന് വരുമാനമുണ്ടാകും. അതനുസരിച്ച് പ്രതിവർഷം കേന്ദ്രത്തിന് ലഭിക്കാനിടയുള്ളത് 6,000 കോടി രൂപയുടെ അധിക വരുമാനമാണ്. ഇതുകൂടാതെ തുറമുഖം സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രാദേശിക വാണിജ്യ ഇടപാടുകളിലൂടെയും ഗതാഗത സൗകര്യങ്ങളിലൂടെയുമെല്ലാം അധിക വരുമാനത്തിലുള്ള സാധ്യതയുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല. ഇതെല്ലാം കൊണ്ടുതന്നെ ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ സംസ്ഥാനത്തിനെന്നതുപോലെ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കൈ നനയാതെ മീൻപിടിക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതുകൊണ്ട് വരുമാനത്തിന്റെ ഭൂരിഭാഗവും തങ്ങൾക്കാകുമെന്ന് ബോധ്യമുണ്ടായിട്ടും കേന്ദ്രം നൽകാമെന്നേറ്റ വിഹിതത്തെ വായ്പയാക്കുവാനുള്ള തീരുമാനം ശത്രുതാപരമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.