5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024

വയനാട് പറയുന്നു ഞങ്ങളുടെ ശബ്ദമാകണം

ജയ്സണ്‍ ജോസഫ്
തിരുവമ്പാടി
November 3, 2024 11:04 pm

അനൗൺസ്‌മെന്റ് വാഹനം പറയുന്നതും യുഡിഎഫും ബിജെപിയും ഭയക്കുന്നതുമായ രാഷ്ട്രീയം. ‘രാഹുൽ ഗാന്ധി എംപിയാകുമ്പോൾ ഞങ്ങൾ ഏറെ പ്രതീക്ഷിച്ചിരുന്നു. എല്ലാം വെറുതെയെന്ന് തെളിയിച്ച നാളുകളായിരുന്നു പിന്നീട്. ഇന്ന് ഞങ്ങൾക്കുറപ്പുണ്ട് ലോക്‌സഭയിൽ ഞങ്ങളുടെ ശബ്ദമാകാൻ സത്യൻ മൊകേരിയെപ്പോലെയുള്ളവർ വേണം’ — എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പ്രചരണ പര്യടനത്തിന് കാത്തുനിന്ന ആൾക്കൂട്ടത്തിലെ കർഷകനായ മൊയ്തീന്റെ വാക്കുകൾ. ഞായറാഴ്ച രാവിലെ 9.30ന് പന്നിക്കോടുനിന്നായിരുന്നു തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വാഹനപ്രചരണ പര്യടനത്തിന് തുടക്കം. തങ്ങളിലൊരാളായി ജനങ്ങൾ സത്യൻ മൊകേരിയെ നെഞ്ചേറ്റുന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും അലങ്കാരങ്ങളും സ്വീകരണ ഇടങ്ങളെ വശ്യമാക്കുന്നു. ആഘോഷമാകാന്‍ പടക്കങ്ങളും പൂത്തിരികളും. വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്നവർ ഇനിവേണ്ടെന്ന പ്രഖ്യാപനവുമായാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ വരവേൽക്കാൻ ജനം ഒത്തുകൂടുന്നത്.

നാടിനെ തൊട്ടറിഞ്ഞ് പഴയ സൗഹൃദങ്ങളും പരിചയവും പുതുക്കിയാണ് ഓരോ കേന്ദ്രങ്ങളിലും പര്യടനം കടന്നുപോകുന്നത്. ചുള്ളിക്കാപ്പറമ്പ്, കുറ്റിപ്പാല കടന്ന് തുറന്ന വാഹനത്തിൽ മണാശേരിയിലെത്തുമ്പോൾ ചെറുപൂര വരവുകൾ പോലെ ചെങ്കൊടിയും സ്ഥാനാർത്ഥിയുടെ ചിത്രങ്ങളും വഹിച്ച് പ്രവർത്തകരുടെ ഒഴുക്ക്. മേളക്കൊഴുപ്പ് മുന്നേ. ചിഹ്നം പതിച്ച തൊപ്പിയേന്തിയ കുരുന്നുകൾ സ്ഥാനാർത്ഥിയെ പൊതിയുന്നു. ആനയാംകുന്നിലെ സ്വീകരണത്തിൽ വനിതകളുടെ വലിയപങ്കാളിത്തം. 

കളരിക്കണ്ടിയും കൂമ്പാറയുംകടന്ന് കൂടരഞ്ഞിയിലെത്തുമ്പോൾ ആളുന്ന കൊടുംവെയിൽ. വയനാടിന്റെ പ്രതീക്ഷയായ സ്ഥാനാർത്ഥിയെ കാണാനും കേൾക്കാനും ചൂട് മറന്ന് തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകൾ. പൂക്കള്‍ ആകാശത്തേക്കു വിതറി, പൂച്ചെണ്ട് നൽകി, ഹാരമണിയിച്ച് സ്ഥാനാർത്ഥിയെ വരവേറ്റു. ഉച്ചകഴിഞ്ഞ് 2.45ന് പര്യടനം താഴേ തിരുവമ്പാടിയിലേക്ക്, തോട്ടത്തിൽക്കടവിൽ എത്തുമ്പോൾ തുലാവർഷം തകർത്താരംഭിച്ചിരുന്നു. കാലാവാസ്ഥയുടെ പ്രതികൂലാവസ്ഥയിൽ ജനങ്ങൾ കടത്തിണ്ണകളില്‍ കൂട്ടംകൂടി.
തുടർസ്വീകരണ കേന്ദ്രങ്ങളായ പാമ്പിഴഞ്ഞപാറ, പൂല്ലൂരാംപാറ, നെല്ലിപ്പൊയിൽ മലയോരമേഖലകളിലെ സ്വീകരണകേന്ദ്രങ്ങളിൽ മഴ കൂടെ സഞ്ചരിച്ചു. പടക്കങ്ങൾ നനഞ്ഞെങ്കിലും മുദ്രാവാക്യങ്ങൾ കൂടുതൽ ആവേശത്തോടെ മുഴങ്ങി. കോടഞ്ചേരിയിൽ കർഷക പങ്കാളിത്തം പ്രകടമായിരുന്നു. കാവുംപുറം, ഈങ്ങാപ്പുഴ എന്നിവിടങ്ങളിൽ പൊതുയോഗം മണിക്കൂറുകൾ നീണ്ടു. സംസ്ഥാന സർക്കാരിന്റെ വികസനങ്ങൾ വിവരിച്ചു നേതാക്കൾ. സ്വീകരണം ഉത്സവമായി. ‘നിങ്ങളിൽ ഒരാളായി എക്കാലവും കൂടെയുണ്ടാകും’- സ്ഥാനാര്‍ത്ഥിയുടെ ആത്മാര്‍ത്ഥമായ ഉറപ്പ്.

വെസ്റ്റ് കൈതപ്പൊയിലിൽ നടന്ന സമാപനസമ്മേളനത്തിൽ ക്ഷീരവികസനമന്ത്രി ജെ ചി‍ഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്വീകരണസ്ഥലങ്ങളിൽ എംപിമാരായ പി സന്തോഷ്‌ കുമാർ, പി പി സുനീര്‍, എംഎൽഎമാരായ ഇ കെ വിജയൻ, ലിന്റോ ജോസഫ്, നേതാക്കളായ അജയ് ആവള, ചാന്ദിനി, അരുൺ കെ എസ്, നാസർ കൊളായി, വി എ സെബാസ്റ്റ്യൻ, എബ്രഹാം മാനുവേൽ, ടി എം തോമസ്, ഇ രമേശ് ബാബു , കെ കെ മോഹനൻ, കെ മോഹനൻ എന്നിവർ പ്രസംഗിച്ചു. 

TOP NEWS

November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.