ഒടുവില്‍ സ്വന്തം നാട്ടില്‍ അടിമുടി നാണംകെട്ടു. ടെസ്റ്റ് ചരിത്രത്തിലാദ്യമായി നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങി. ഇന്ത്യയുടെ വമ്പന്മാരെയെല്ലാം എറിഞ്ഞിട്ട് 25 റണ്‍സിന്റെ വിജയമാണ് സന്ദര്‍ശകരായ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. വെറും 147 റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന മത്സരത്തില്‍ ഇന്ത്യ 121 റണ്‍സിന് ഓള്‍ഔട്ടായി. വിജയത്തോടെ ന്യൂസിലാന്‍ഡ് 3–0ന് പരമ്പര തൂത്തുവാരി.
ഇന്ത്യക്കായി റിഷഭ് പന്ത് അർധ സെഞ്ചുറി നേടിയെങ്കിലും രണ്ടാം ഇന്നിങ്സിൽ മറ്റാര്‍ക്കും തിളങ്ങാൻ സാധിച്ചില്ല. 57 പന്തുകൾ നേരിട്ട താരം 64 റൺസെടുത്തു പുറത്തായി. 57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 12 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറുമാണ് റിഷഭ് പന്തിന് പുറമെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നവര്‍. ന്യൂസിലാന്‍ഡിനായി അജാസ് പട്ടേല്‍ ആറ് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്സ് മൂന്ന് വിക്കറ്റും മാറ്റ് ഹെന്‍റി ഒരു വിക്കറ്റും നേടി. സ്കോര്‍ ന്യൂസിലന്‍ഡ് 235, 174, ഇന്ത്യ 263, 121.
ഇന്ത്യയ്‌ക്കെതിരെ മൂന്നാം ദിനം കളത്തിലിറങ്ങിയ കിവീസിന് മൂന്നുറണ്‍സ് മാത്രമേ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. 174 റണ്‍സിന് ടീം പുറത്തായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 147 റണ്‍സായി മാറി. എളുപ്പത്തില്‍ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യന്‍ ക്യാമ്പ്. രോഹിത്തും യശസ്വി ജയ്‌സ്വാളും പതിവുപോലെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. എന്നാല്‍ ഇന്ത്യ വിചാരിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയാണ് അദ്യം നഷ്ടമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് ബൗണ്ടറിയടിച്ച തുടങ്ങിയെങ്കിലും മൂന്നാം ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെന്‍റിയെ പുള്‍ ചെയ്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ അടിതെറ്റി ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കി മടങ്ങി. 11 പന്തില്‍ 11 റണ്‍സായിരുന്നു രോഹിത്തിന്റെ നേട്ടം. ഗില്ലും കോലിയും അജാസ് പട്ടേലിന്റെ പന്തിൽ പുറത്തായി മടങ്ങി. യശസ്വി ജയ്സ്വാളിനെ ഫിലിപ്സ് എൽബിഡബ്ല്യുവിൽ കുടുക്കുകയായിരുന്നു. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാനെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ രചിൻ രവീന്ദ്ര ക്യാച്ചെടുത്തു പുറത്താക്കി. 71 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലാണ് റിഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും ഒന്നിച്ചത്. ഇവര്‍ ടീം സ്‌കോര്‍ 100 കടത്തിയപ്പോള്‍ ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പന്ത് വീണതോടെ ഈ പ്രതീക്ഷ അസ്തമിച്ചു.
ആദ്യ ഇന്നിങ്സില്‍ ന്യൂസിലാന്‍ഡ് 235 റണ്‍സെടുത്തിരുന്നു. ഡാരില്‍ മിച്ചലിന്റെയും (82), വില്‍ യങ്ങിന്റെയും (71) അര്‍ധസെഞ്ചുറിയാണ് കിവീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ജഡേജ അഞ്ച് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ 263 റണ്‍സ് നേടിയ ഇന്ത്യ 28 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.