കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തിനെതിരെ നീക്കം നടത്തിയ ശോഭാ സുരേന്ദ്രനെ തല്‍ക്കാലം സംരക്ഷിക്കാനും നേതൃത്വത്തിൽ നിന്നുള്ള അവഗണനയ്ക്കെതിരെ പ്രതികരിച്ച സന്ദീപ് വാര്യരെ വെട്ടിനിരത്താനുമുള്ള നീക്കം സജീവമാക്കി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ.
പാര്‍ട്ടിയുടെ മുൻ തൃശൂര്‍ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിന് ശേഷവും കൊടകര വിഷയത്തിൽ ശോഭാ സുരേന്ദ്രന് ഒരു പങ്കുമില്ലെന്നും അവരെ ഒറ്റപ്പെടുത്തില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതേസമയം സന്ദീപ് വാര്യരുടെ പ്രതികരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി അദ്ദേഹം ഉപയോഗിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുമ്പോൾത്തന്നെയാണ് കെ സുരേന്ദ്രന്റെ മയപ്പെടുത്തിയുള്ള പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തിരൂർ സതീഷുമായി ശോഭയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രന്റെ നീക്കത്തോളം ഗുരുതരമല്ല സന്ദീപിന്റെ പ്രതികരണമെന്നതുകൊണ്ട് നിലനില്പിന്റെ ഭാഗമായാണ് കെ സുരേന്ദ്രന്റെ നിലപാടെന്നാണ് വിലയിരുത്തൽ.
സംഘടനാ പുനഃസംഘടന നടക്കാനിരിക്കെ ഒരു പ്രാവശ്യം കൂടി അധ്യക്ഷപദത്തിൽ തുടരാനുള്ള നീക്കത്തിലാണ് സുരേന്ദ്രൻ. ഇതേസമയം പി കെ കൃഷ്ണദാസ് വിഭാഗം എം ടി രമേശിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നുണ്ട്. ഇതിനിടയിൽ പ്രസിഡന്റാകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ശോഭാ സുരേന്ദ്രനും രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ അത്ര അനുകൂലമല്ലെന്ന് സുരേന്ദ്രനറിയാം. മഞ്ചേശ്വരം തെരശോഭാ-സുരേന്ദ്രനെ-കൂടെ-നിശോഭാ-സുരേന്ദ്രനെ-കൂടെ-നിഞ്ഞെടുപ്പ് കോഴക്കേസ്, കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തൽ എന്നിവയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ വലിയതോതിൽ വെല്ലുവിളി നേരിടുന്നുണ്ട്. ഒപ്പമുള്ള വി മുരളീധരന് പോലും കെ സുരേന്ദ്രനെ പൂർണമായി പിന്തുണയ്ക്കാനാകുന്നില്ല. ഈയൊരു ഘട്ടത്തിലാണ് ശോഭയെ അനാവശ്യമായി വിഷയത്തിലേക്ക് വലിച്ചിടുകയാണെന്നും വിവാദങ്ങളുമായി ബന്ധമുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്നുമുള്ള കെ സുരേന്ദ്രന്റെ പ്രസ്താവന. ശോഭാ സുരേന്ദ്രനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയോ അവഗണിക്കുകയോ മാത്രം ചെയ്യാറുള്ള കെ സുരേന്ദ്രൻ അനുകൂലമായി ഇത്തരമൊരു പ്രസ്താവന നടത്തിയതുതന്നെ നിലനില്പ് ഭയന്നാണെന്ന് വ്യക്തമാണ്. കൊടകര കുഴൽപ്പണ വിവാദത്തിൽ സതീഷ് നടത്തിയ വെളിപ്പെടുത്തലിനു പിന്നിൽ ശോഭയാണെന്ന പ്രചരണം ശരിവച്ചാൽ വിഷയത്തിൽ തനിക്കുള്ള പങ്കിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നാണ് സുരേന്ദ്രന്റെ ഭയം.
ഇതേസമയം സന്ദീപ് വാര്യരെ ഇല്ലാതാക്കാൻ പുതിയ സാഹചര്യം ഉപയോഗപ്പെടുത്താമെന്നതാണ് സുരേന്ദ്രന്റെ തീരുമാനം. പാലക്കാട് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇരിപ്പിടം നൽകാതെ അവഗണിച്ചതാണ് ഏറ്റവുമൊടുവിൽ സന്ദീപിനെ വിഷമിപ്പിച്ചത്. പ്രചരണത്തില്‍ നിന്ന് പിന്നോട്ടുപോയ ഇദ്ദേഹം കാലങ്ങളായി പാർട്ടിയിൽ നിന്ന് താൻ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനകൾ ഫേസ്ബുക്കിലൂടെ തുറന്നു പറയുകയായിരുന്നു. സന്ദീപിനെ അനുനയിപ്പിക്കാനും ആശ്വസിപ്പിക്കാനും മുതിർന്ന നേതാക്കളാരെങ്കിലും എത്തിയിരുന്നെങ്കില്‍ അവസാനിക്കുമായിരുന്ന പ്രശ്നം മാത്രമായിരുന്നു ഇത്. എന്നാൽ സന്ദീപിനെതിരെ നടപടി വേണമെന്ന യോഗ തീരുമാനത്തെ സമർത്ഥമായി ഉപയോഗപ്പെടുത്താനാണ് സുരേന്ദ്രന്റെ തീരുമാനം.
സംസ്ഥാന വക്താവ് സ്ഥാനത്തിരിക്കെ വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പിൻനിരയിലേക്ക് തള്ളപ്പെട്ട നേതാവാണ് സന്ദീപ് വാര്യർ. ചാനൽ ചർച്ചകളിൽ പാർട്ടിയുടെ വാദങ്ങൾ ശക്തമായി അവതരിപ്പിച്ചിരുന്ന സന്ദീപ് പിന്നീട് മുഖ്യധാരയിൽ നിന്ന് അകലുകയായിരുന്നു. നേരത്തെ തന്നെ കെ സുരേന്ദ്രന്റെ കടുത്ത എതിരാളിയായിരുന്നു സന്ദീപ് വാര്യർ. സുരേന്ദ്രന്റെ മകന്റെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ നിയമനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നിൽ സന്ദീപ് വാര്യരായിരുന്നുവെന്നായിരുന്നു സുരേന്ദ്രൻ അനുകൂലികൾ പ്രചരിപ്പിച്ചിരുന്നത്. തുടർന്ന് വാര്യരെ പൂട്ടാനുള്ള നീക്കങ്ങൾ അന്നേ ഔദ്യോഗിക വിഭാഗം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വാര്യർ അനധികൃത പണപ്പിരിന് നടത്തിയെന്ന് കാട്ടി ജില്ലാ പ്രസിഡന്റുമാരെക്കൊണ്ട് നേതൃത്വത്തിന് പരാതി നൽകിപ്പിച്ചു. ഹലാൽ വിഷയത്തിൽ പാർട്ടി വിരുദ്ധ സമീപനം സ്വീകരിച്ചതിനെ തുടർന്ന് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും സന്ദീപിനെ ഏറെക്കാലം വിലക്കിയിരുന്നു. കുറച്ചു കാലത്തിനുശേഷം തിരിച്ചെത്തിയെങ്കിലും സ്വന്തം ജില്ലയായ പാലക്കാട് പോലും അർഹമായ അംഗീകാരം ലഭിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.