5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024

ഏറനാട് വരവേറ്റു പ്രിയ സ്ഥാനാര്‍ത്ഥിയെ

സ്വന്തം ലേഖകന്‍
 അരീക്കോട്
November 4, 2024 11:12 pm

ഏറനാട്ടിൽ ജനങ്ങളിൽ ആവേശം വിതറി വയനാട് ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ മണ്ഡല പര്യടനം. ഓരോ പര്യടനകേന്ദ്രങ്ങളിലും ആളുകള്‍ ഒഴുകിയെത്തിയത് മണ്ഡലത്തിലെ മാറ്റം ഉറപ്പാക്കും വിധമായിരുന്നു. വയനാടിനെ ചേർത്തുപിടിച്ച് എപ്പോഴും കൂടെ ഉണ്ടാകുന്ന പ്രതിനിധിയെയാണ് മണ്ഡലത്തിനാവശ്യമെന്നാണ് ഓരോ വോട്ടർമാരും പറയുന്നത്. പതിറ്റാണ്ടുകളായി മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ എന്നും കൂടെ നിന്ന സത്യൻ മൊകേരി മണ്ഡലത്തെ കൈവിടില്ലെന്ന ഉറപ്പ് പ്രവർത്തകരെയും കൂടുതൽ ആവേശത്തിലാഴ്ത്തുന്ന കാഴ്ചയാണെങ്ങും. കിഴിശേരിയിൽ എക്കാപറമ്പിൽ നിശ്ചയിച്ചപോലെ രാവിലെ ഒമ്പതിന് സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കടകൾ സന്ദർശിച്ചും കർഷക കൂട്ടായ്മകളെ അഭിസംബോധന ചെയ്തും സത്യൻമൊകേരി എത്തുമ്പോൾ വർത്തമാന രാഷ്ട്രീയത്തിന്റെ ഉള്ളടക്കം വിശദമാക്കുന്നു ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ‘തിരുവോണ ആഘോഷവേളയിലടക്കം ഭക്ഷ്യധാന്യ വർധനവിനായുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തിരസ്കരിക്കുമ്പോൾ രാഹുൽഗാന്ധി അടക്കമുള്ള എംപിമാർ കേവലം കാഴ്ചക്കാരായിരുന്നു. എല്ലാ തിരസ്കാരങ്ങളെയും അതിജീവിച്ച് സംസ്ഥാന സർക്കാർ ഭക്ഷ്യ പൊതുവിതരണ മേഖലയിൽ അടക്കം സാധാരണജനതയുടെ ആവശ്യങ്ങൾക്ക് തൃപ്തി പകർന്ന് പരിഹാരം കണ്ടെത്തി മുന്നോട്ടുപോകുകയാണ്’- മന്ത്രി പറഞ്ഞുനിര്‍ത്തി. കത്തിക്കാളുന്ന വെയിലായതുകൊണ്ട് സ്വീകരണസമ്മേളനങ്ങൾ കൂടുതലും കൂറ്റൻ വാകമരങ്ങളുടെ ആൽമരങ്ങളുടെയും തണലിലാണ്. തടിച്ചുകൂടുന്ന ജനങ്ങൾ കൊടുംചൂട് മറന്ന് സ്ഥാനാർത്ഥിയുടെ വാക്കുകൾ ശ്രവിക്കുന്നു. ചേർത്തുപിടിച്ചും കൈകോർത്തും കവലകളിൽ പരിചയം പുതുക്കാൻ കാത്തുനിൽക്കുന്നവർ ഏറെ. ആക്കപ്പറമ്പ്, ഇളയൂർ, ഇരിവേറ്റ് എന്നിവിടങ്ങളിൽ പ്രകടനമായി സ്ഥാനാർത്ഥിയെ സ്വീകരണവേദിയിലേക്ക് ആനയിച്ചു. വാദ്യമേളങ്ങളും ചെങ്കൊടികളും, അരിവാൾ ധാന്യക്കതിർ ചിഹ്നവും ഉയർന്നുപൊങ്ങി. സൗത്ത് പുത്തലത്തേക്കുള്ള വഴിയിൽ ഊർങ്ങാട്ടിരി സർക്കാർ യുപി സ്കൂളിലെ കുട്ടികൾ സ്ഥാനാർത്ഥിയെ പൊതിഞ്ഞു. കൈകൾ ചേർത്തുപിടിച്ചുകൊണ്ട് ഒരാവശ്യവും ഉന്നയിച്ചു; ജയിച്ചുവരുമ്പോൾ ഞങ്ങൾക്ക് കളിക്കാനൊരു മൈതാനം വേണം. ഉറപ്പുനൽകി സത്യേട്ടൻ. ഉച്ചകഴിഞ്ഞ് ചെറുമഴ അന്തരീക്ഷം കുളിർപ്പിച്ചു. സ്കൂളുവിട്ടുമടങ്ങുന്ന കുട്ടികൾ സ്ഥാനാർത്ഥിയെ തിരിച്ചറിയുന്നു. കുസൃതിയോടെ ചുറ്റും കൂടുന്നു. പൂവത്തിങ്കൽ ചെത്തിപ്പൂവുകൊണ്ടു തീർത്ത പൂച്ചെണ്ടുമായി അമ്മയുടെ ഒക്കത്ത് ബാലികയുടെ സ്വീകരണം. വെറ്റിലപ്പാറയിൽ വൻജനസഞ്ചയം. വഴിയോരങ്ങളിൽ തൊഴിലുറപ്പുതൊഴിലാളികളുടെ കൂട്ടങ്ങൾ. പര്യടനം മണിക്കൂറുകൾ പിന്നിലാണ്. വഴിയോരങ്ങളില്‍ കാത്തുനിൽക്കുന്നവരോട് ഒരുവാക്കുപറയുമ്പോൾ സമയത്തിന്റെ കണക്കുകളും മാറുന്നു. കിണറടപ്പനും വടക്കുംമുറിയും വെസ്റ്റ് പത്തനാപുരവും കഴിഞ്ഞ് കിഴുപറമ്പിലെത്തുമ്പോൾ സന്ധ്യവൈകിയിരുന്നു. ചെമക്കാട്ടൂരിലെ സമാപനം രേഖപ്പെടുത്താൻ രാജ്യാന്തര മാധ്യമങ്ങളുടെ തിടുക്കം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ്, സംസ്ഥാന കൗൺസിൽ അംഗം ഇ എസ് ബിജിമോൾ, സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി എം ഷൗക്കത്ത്, ഏറനാട് മണ്ഡലം എൽഡിഎഫ് ചെയർമാൻ കെ ഭാസ്കരൻ, കൺവീനർ അഡ്വ. ഷഫീർ കിഴിശേരി, പി പ്രദീപ്കുമാർ, പി കെ കൃഷ്ണദാസ്, പി ടി മൊയ്തീൻകുട്ടി, ബാബു ഗോകുലം എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.