7 November 2024, Thursday
KSFE Galaxy Chits Banner 2

കടലേറ്റത്തിൽ അടിഞ്ഞുകൂടിയ മണൽ തീരദേശറോഡിൽ അപകട ഭീഷണി ഉയർത്തുന്നു

Janayugom Webdesk
ഹരിപ്പാട്
November 6, 2024 5:28 pm

കടലേറ്റത്തിൽ അടിഞ്ഞുകൂടിയ മണൽ തൃക്കുന്നപ്പുഴ‑വലിയഴീക്കൽ തീരദേശറോഡിൽ അപകട ഭീഷണി ഉയർത്തുന്നു. തറയിൽക്കടവ് ഫിഷറീസ് ആശുപത്രിയ്ക്ക് സമീപവും വലിയഴീക്കൽ അഴീക്കോടൻ നഗറിന് വടക്കുഭാഗത്തും റോഡിലേക്ക് അടിച്ചുകയറിയ മണലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. റോഡിൽ നിരന്ന് കിടക്കുന്ന മണൽ ഇരുചക്രവാഹന യാത്രികർക്ക് കെണിയാണ്. ഫിഷറീസ് ആശുപത്രിയ്ക്ക് സമീപം നൂറു മീറ്ററോളം നീളത്തിൽ നിരന്നിട്ടുണ്ട്. മണ്ണിലേക്ക് കയറുമ്പോൾ നിയന്ത്രണം തെറ്റി വീഴുന്ന സാഹചര്യമാണ്. കരിമണലായതിനാൽ രാത്രിയിൽ എളുപ്പം കാണാനും കഴിയില്ല. സ്ഥിരയാത്രക്കാരല്ലാത്തവർ രാത്രിയിൽ റോഡിന്റെ അവസ്ഥയറിയാതെയും അപകടത്തിൽപ്പെടുന്നു. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ മണ്ണിലേക്ക് കയറി ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിടുന്നുമുണ്ട്. ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. 

കടലേറ്റ സമയങ്ങളിൽ റോഡിലേക്ക് അടിച്ചു കയറുന്ന മണൽ സാധാരണ ഇരുവശങ്ങളിലേക്കും കൂനകൂട്ടി വെക്കാറാണുളളത്. ദിവസങ്ങൾ കഴിയുമ്പോൾ ഈ മണ്ണ് റോഡിലേക്ക് ഇടിഞ്ഞിറങ്ങുകയോ കടൽത്തിരയും മഴയും മൂലം റോഡിലേക്ക് വീണ്ടും ഒഴുകിയെത്തുകയോ ചെയ്യും. മണൽ റോഡിലേക്ക് വരാത്ത തരത്തിൽ നീക്കണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും റോഡിന് തൊട്ടുചേർന്ന് കൂട്ടിവെച്ച് പ്രശ്നത്തിന് താത്കാലിക പരിഹാരം കാണാറാണ് പതിവ്. ഫിഷറീസ് ആശുപത്രിയ്ക്ക് സമീപം റോഡ് തകർന്നിട്ടുണ്ട്. ഇവിടെ കടൽ ഭിത്തിയും തീരപാതയും തൊട്ടുചേർന്നാണ് പോകുന്നത്. അതിനാൽ കടലേറ്റം ശക്തമാകുമ്പോൾ തിരകൾ ഭിത്തിയ്ക്ക് മുകളിലൂടെ റോഡിലാണ് പതിക്കുന്നത്. കൂടാതെ, പാറകളുടെ വിടവകൾക്കിടയിലൂടെ വെളളം റോഡിലേക്ക് ഒഴുകിയിറങ്ങുന്നുമുണ്ട്. ഇക്കാരണങ്ങളാലാണ് ഈ ഭാഗത്തെ റോഡു തകരുന്നത്. ഇവിടെ പുലിമുട്ടു സ്ഥാപിക്കുകയോ കുറച്ചുകൂടി കടലിലേക്കിറക്കി കടൽഭിത്തി കെട്ടുകയും ചെയ്താലേ ഇതിനു പരിഹാരമാകൂ. വലിയഴീക്കൽ പാലം യാഥാർഥ്യമായതോടെ തീരദേശ റോഡിൽ തിരക്ക് വളരെ കൂടുതലാണ്.

TOP NEWS

November 7, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.