3 December 2024, Tuesday
KSFE Galaxy Chits Banner 2

ദുരിതാശ്വാസ ശ്രമങ്ങൾ അട്ടിമറിക്കുന്ന യുഡിഎഫ് രാഷ്ട്രീയം

Janayugom Webdesk
November 8, 2024 5:00 am

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകളായ മേപ്പാടി പഞ്ചായത്തിലെ ജനങ്ങൾക്ക് കാലഹരണപ്പെട്ടതും പുഴുവരിച്ചുതുടങ്ങിയതുമായ അരിയും ഇതര ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിന് ഉത്തരവാദികളായവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് മനുഷ്യത്വപരവും ദുരിതബാധിതരോടുള്ള നീതി നിർവഹണവുമാണ്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെയും ഭക്ഷ്യ, റവന്യു വകുപ്പുകളുടെയും മേൽ കെട്ടിയേല്പിക്കാൻ വാർത്ത പുറത്തുവന്നയുടനെ ചില ദൃശ്യമാധ്യമങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും ശ്രമിക്കുകയുണ്ടായി. എന്നാൽ ഗുരുതരമായ വീഴ്ചയുടെ ഉത്തരവാദിത്തം മേപ്പാടി പഞ്ചായത്ത് ഭരണസമിതിക്കും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുമാണെന്നാണ് പിന്നീട് വ്യക്തമായത്. ഒക്ടോബർ 30നും നവംബർ ഒന്നിനുമായി എസ്ജെഎം
എസ് സ്കൂളിൽനിന്നും ആറ് പഞ്ചായത്തുകളിലെയും ഒരു മുനിസിപ്പാലിറ്റിയിലെയും ജനങ്ങൾക്കാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. അതിൽ രണ്ടുതരം അരിയല്ലാതെ മൈദയോ റവയോ മറ്റ് അനുബന്ധ വസ്തുക്കളോ ഉണ്ടായിരുന്നില്ലെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കിയിട്ടുണ്ട്. അനുബന്ധ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് അവസാനം വിതരണംചെയ്തത് സെപ്റ്റംബർ ഒമ്പതിനായിരുന്നു. അത് യഥാസമയം നല്‍കാതെ രണ്ടുമാസം വച്ചുതാമസിപ്പിച്ചതാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം പഞ്ചായത്തിനാണ്. അത് അങ്ങനെയല്ലെന്നും സന്നദ്ധസംഘടനകളടക്കം ദുരിതബാധിതർക്ക് വിതരണംചെയ്യാൻ എത്തിച്ച സാധനങ്ങളാണ് കാലഹരണപ്പെട്ട് കേടുവന്നതെന്നും അവയാണ് ഇപ്പോൾ പഞ്ചായത്ത് വിതരണം ചെയ്തതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാവുന്നത്. പ്രകൃതിദുരന്തത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് അടിയന്തര സഹായമായി സർക്കാരും സന്നദ്ധസംഘടനകളും അയൽ സംസ്ഥാനങ്ങളും എത്തിച്ചുനൽകിയ വസ്തുക്കൾ യഥാസമയം വിതരണംചെയ്യാതെ വച്ചുതാമസിപ്പിച്ചതിന് പിന്നിൽ ജനങ്ങളെ സഹായിക്കുക എന്നതിലുപരി രാഷ്ട്രീയ ദുഷ്ടലാക്ക് ഉണ്ടെന്നുവേണം കരുതാൻ.

ഭക്ഷ്യവകുപ്പ് അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും റേഷൻകടകൾ വഴിയാണ് വിതരണംചെയ്തിട്ടുള്ളത്. അതേപ്പറ്റി നാളിതുവരെ പരാതിയൊന്നും ഉയർന്നിരുന്നില്ല എന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ സ്ഥിരീകരിക്കുന്നു. ദുരന്തനിവാരണ നടപടികളുടെ ഭാഗമായി റവന്യു വകുപ്പ് വിതരണംചെയ്ത വസ്തുക്കൾ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരാണ് ഏറ്റുവാങ്ങിയിട്ടുള്ളത്. അവയുടെ വിതരണചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. മത സംഘടനകളും രാഷ്ട്രീയപാർട്ടികളും മറ്റും വിതരണംചെയ്ത സഹായങ്ങൾക്കുപുറമെ സർക്കാരും ജില്ലാഭരണകൂടവും വഴി സന്നദ്ധ സംഘടനകളും മറ്റും സമാഹരിച്ച് എത്തിച്ച ഭക്ഷ്യവസ്തുക്കളും ഗൃഹോപകരണങ്ങളടക്കം മറ്റ് വസ്തുക്കളുടെയും വിതരണം നിർവഹിക്കേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അക്കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് മേപ്പാടി പഞ്ചായത്തിലെ സംഭവം ബോധ്യപ്പെടുത്തുന്നത്. ദുരിതബാധിതർക്കായി അത്തരത്തിൽ മേപ്പാടി പഞ്ചായത്തിൽ എത്തിച്ച വസ്ത്രങ്ങൾ, മിക്സികൾ തുടങ്ങി അനേകം വസ്തുക്കൾ വിതരണംചെയ്യാതെ അലക്ഷ്യമായി കൂട്ടിയിട്ട് നശിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള പലവിധ തന്ത്രങ്ങളുടെ ഭാഗമായി അവ ഇപ്പോൾ വിതരണംചെയ്യുകയായിരുന്നു യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം എന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. വസ്തുത അതാണെങ്കിൽ പ്രകൃതിദുരന്തത്തെപ്പോലും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗംചെയ്യുന്ന മനുഷ്യത്വഹീനമായ കാടത്ത രാഷ്ട്രീയമാണ് തുറന്നുകാട്ടപ്പെടുന്നത്. അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും മര്യാദകളുടെയും ലംഘനമാണ്. വിഷയത്തിൽ ഒരേസമയം തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സർക്കാരും അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നിൽ എത്തിക്കാൻ തയ്യാറാവണം.

പുഴുവരിച്ച് ഉപയോഗശൂന്യമായ അരിയും ഭക്ഷ്യവസ്തുക്കളും വിതരണംചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമംനടത്തിയ യുഡിഎഫും കോൺഗ്രസും രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രത്തോടുകൂടിയ ഭക്ഷ്യ കിറ്റുകള്‍ വയനാട് മണ്ഡലത്തിൽ ഇറക്കിയ വാർത്തയും ഇന്നലെ പുറത്തുവന്നു. മണ്ഡലത്തിലെ തിരുനെല്ലിയിൽ തോൽപ്പെട്ടിയിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് അത്തരത്തിലുള്ള നൂറുകണക്കിന് കിറ്റുകളാണ് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മില്ലിൽനിന്നും പിടിച്ചെടുത്തത്. മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ വോട്ട് വിലയ്ക്കുവാങ്ങാനും കോൺഗ്രസും യുഡിഎഫും ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ട്രോളിബാഗിൽ കള്ളപ്പണം കടത്തിയെന്ന വാർത്തയ്ക്ക് മുമ്പുതന്നെ വയനാട്ടിൽ യുഡിഎഫ് പണമൊഴുക്കുന്നതിനെപ്പറ്റിയുള്ള ആരോപണം ഉയർന്നിരുന്നു. രാഷ്ട്രീയത്തിൽ പണമൊഴുക്കാൻ കോൺഗ്രസിനുള്ള പ്രവണതയും പ്രാപ്തിയും പുതിയ വിഷയമല്ല. തന്റെ വഴിവിട്ടുള്ള സ്വത്തുസമ്പാദനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിവന്നിരുന്ന അന്വേഷണം 170 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകൾ ബിജെപിക്ക് വാങ്ങിനൽകി റോബർട്ട് വാദ്ര ഒതുക്കിയതിന്റെ കഥ രാജ്യത്തിന്റെ മുന്നിലുണ്ട്. തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പിന്റെ ദുഷിച്ച ഉത്തരേന്ത്യൻ സംസ്കാരത്തെയാണ് കോൺഗ്രസും ബിജെപിയും ഒരുപോലെ കേരളത്തിലേക്കും ഇറക്കുമതി ചെയ്യുന്നത്. രാഷ്ട്രീയ പ്രബുദ്ധമായ കേരളം ഈ ദുഷിച്ച സംസ്കാരത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള അവസരമായി ഉപതെരഞ്ഞെടുപ്പുകളെ മാറ്റുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, അനേകംപേരുടെ ജീവനെടുത്ത, അനേകം കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയ ഉരുൾപൊട്ടലിനെയും ദുരന്ത നിവാരണ ശ്രമങ്ങളെയും ദുരുപയോഗം ചെയ്ത യുഡിഎഫിന്റെയും കോൺഗ്രസിന്റെയും വിലകുറഞ്ഞ രാഷ്ട്രീയം അക്ഷന്തവ്യ അപരാധമായി വിലയിരുത്തപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.