14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

മാനന്തവാടിയുടെ മനസുറപ്പിച്ച്

പ്രത്യേക ലേഖകൻ
മാനന്തവാടി
November 10, 2024 11:22 pm

വൻ ജനക്കൂട്ടത്തിന്റെ ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ മാനന്തവാടി മണ്ഡലപര്യടനം. ഇന്നലെ രാവിലെ അപ്പപ്പാറയിൽ നിന്നാരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലൂടെ നാലാംമൈലിൽ സമാപിച്ചു. കാട്ടിക്കുളം സർവീസ് സഹകരണ ബാങ്ക് പടിക്കൽ കാത്തിരുന്ന ജനക്കൂട്ടം മുദ്രാവാക്യം വിളികളോടെ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കവലയിലെ ഓട്ടോ–ടാക്സി തൊഴിലാളികൾ കൂട്ടത്തോടെയെത്തി പിന്തുണയറിയിച്ചു. അരിവാൾ ധാന്യക്കതിർ ചിഹ്നം പതിച്ച ചെങ്കൊടികൾ ഉയർന്നുപാറി. എണ്ണാമെങ്കിൽ എണ്ണിക്കോ എന്നപോലെ ചിഹ്നവും സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ആലേഖനം ചെയ്ത ബനിയനുകൾ ധരിച്ച് യുവതീയുവാക്കളുടെ വലിയ സംഘം. പയ്യമ്പള്ളിയിൽ വീട്ടമ്മമാരുടെ നിറഞ്ഞ പങ്കാളിത്തം. സ്ഥാനാർത്ഥിയെ ശ്രദ്ധയോടെ കേൾക്കുകയാണവർ. പനമരത്ത് കവല തിങ്ങി ജനക്കൂട്ടം നിരന്നു. പുഷ്പദളങ്ങൾ വിതറി പ്രകടനമായി വാദ്യമേളങ്ങളോടെ സ്ഥാനാർത്ഥിയെ സ്വീകരണവേദിയിലേക്ക് ആനയിച്ചു.

കൊടിതോരണങ്ങളാലും ചെങ്കൊടികളാലും ചെമ്പട്ടണിഞ്ഞിരിക്കുന്നു പനമരം. വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്ന നാട്ടിൽ ജനപ്രതിനിധിയുടെ ഇടപടലിന്റെ പ്രാധാന്യം ജനങ്ങൾക്ക് ബോധ്യമുണ്ട്. ഏച്ചോം അഞ്ചുകുന്ന് തരുവണ കടന്ന് വെള്ളമുണ്ടയിലെത്തുമ്പോൾ ഊരുകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ ഉൾപ്പെടെ കനത്ത ജനസഞ്ചയം. എവിടെയും പ്രധാനചർച്ച വന്യമൃഗ ശല്യമാണ്. പൂക്കളും ഇലകളും കായ്കളും ചേർത്ത് പൂച്ചെണ്ട് ഒരുക്കിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. പത്താം മൈലിൽ വെയിലിന് രൂക്ഷതയേറുകയാണ്. അതവഗണിച്ച് സത്യൻമൊകേരിയുടെ ജയം ഉറപ്പിക്കാൻ തടിച്ചുകൂടുകയാണ് ജനം. മക്കിയാട് പ്രദേശത്ത് വർധിക്കുന്ന കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ എംപിയെ തേടിയിരുന്നു. ബന്ധപ്പെടാനേ കഴിഞ്ഞില്ലെന്ന് കർഷകനായ മാമല കുഞ്ഞപ്പൻ ചൂണ്ടിക്കാട്ടുന്നു. കണ്ണിൽക്കണ്ടതെല്ലാം നശിപ്പിച്ച് ആനകൾ പ്രദേശത്ത് വിലസുകയാണ്. കേന്ദ്ര വനം-വന്യജീവി നിയമത്തിൽ മാറ്റം വേണം. ഒരിടത്തും ഒന്നും ജനങ്ങൾക്കായി പറയാതെ ഒളിച്ചോടിയ എംപിയുടെ ചെയ്തികൾ അറിയുന്നവർ മാറ്റത്തിനൊപ്പം മാറുകയാണ്. 

കോറോം, വാളാട് സ്വീകരണകേന്ദ്രങ്ങൾ കടന്ന് പേരിയയിലെത്തുമ്പോൾ സന്ധ്യയായിത്തുടങ്ങിയിരുന്നു. ജനം പൈലറ്റ് വാഹനങ്ങളിലെത്തിയ നേതാക്കളുടെ പ്രസംഗങ്ങളുടെ ഹരത്തിൽ നിലയുറപ്പിച്ചിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പട്ടികയിൽ അതിവേഗതയിൽ നടക്കുന്ന പേരിയ ചുരം റോഡ് നിർമ്മാണം. കൂടുതൽ ജോലിക്കാരും വാഹനങ്ങളും എത്തിച്ച് നിർമ്മാണ ജോലികൾ ഊർജിതമാണ്. വനാതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ സത്യൻ മൊകേരിക്ക് സ്വീകാര്യതയേറെയാണ്. പല ഘട്ടങ്ങളായി പരസ്പരം ബന്ധപ്പെട്ടവർ, നാട്ടുകാർ. കുശലം പറയാൻ തടിച്ചുകൂടുന്നവരും ഫോട്ടോയ്ക്ക് ഒപ്പം നിൽക്കാൻ ശാഠ്യം പിടിക്കുന്നവരും ധാരാളം. സ്ഥാനാർത്ഥി സ്വീകരണം സൗഹൃദസദസുകളുമാണ്. 

കൈകൊടുത്തും ചേർത്തുപിടിച്ചും മുന്നോട്ട്. തണുപ്പ് അരിച്ചിറങ്ങുന്ന രാത്രിയായി പടിഞ്ഞാറൻ അതിർത്തിയായ തലപ്പുഴയും പിലാക്കാവും ഗാന്ധിപാർക്കും കടന്ന് സമാപന സ്ഥലമായ നാലാം മൈലിൽ എത്തുമ്പോൾ. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി. ഇടതിനൊപ്പം ഉറച്ച മാനന്തവാടിക്ക് ഇനി മാറ്റമില്ല. പി പി സുനീർ എംപി, എംഎൽഎമാരായ വാഴൂർ സോമൻ, സി കെ ആശ, ഇടതുമുന്നണി നേതാക്കളായ പി ജയരാജൻ, സി പി മുരളി, ഇ ജെ ബാബു, എ എൻ പ്രഭാകരൻ, വി കെ ശശിധരൻ, വി പി സഹദേവൻ, ഷാജി ചെറിയാൻ, ഇബ്രാഹിം തുടങ്ങിയവർ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.