ശതകോടീശ്വരനായ ഇലോണ്‍ മസ്കിനും ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കും യുഎസ് ക്യാബിനറ്റില്‍ നിര്‍ണായക വകുപ്പിന്റെ ചുമതല നല്‍കി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് കാര്യക്ഷമതാ വകുപ്പിനെ ഇലോണ്‍ മസ്കും വിവേക് രാമസ്വാമിയും നയിക്കുമെന്ന് ട്രംപ് അറിയിച്ചു. സര്‍ക്കാരിന്റെ അധിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു വകുപ്പ് രൂപീകരിച്ചതെന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തില്‍ എത്തിയാല്‍ സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടി ക്കുറയ്ക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇലോണ്‍ മസ്കിനെ മഹാനെന്നും വിവേക് രാമസ്വാമിയെ അമേരിക്കന്‍ ദേശസ്‌നേഹിയെന്നും വിശേഷിപ്പിച്ച ട്രംപ് ഇരുവരും ചേര്‍ന്ന് വൈറ്റ് ഹൗസിലെ ഓഫിസ് ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് സര്‍ക്കാരിന് പുറത്തുനിന്ന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു. ഈ രണ്ട് മഹാന്മാരായ അമേരിക്കക്കാര്‍ ഒരുമിച്ച്, സര്‍ക്കാര്‍ ഉദ്യോഗസ്ഥവൃന്ദത്തെ നയിക്കും. അധിക നിയന്ത്രണങ്ങളും പാഴ്‍ച്ചെലവുകള്‍ വെട്ടിക്കുറയ്ക്കും. ഇവരിലൂടെ ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കാന്‍ ഭരണകൂടത്തിന് സാധിക്കും,’ ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം ഇലോണ്‍ മസ്‌ക് നിലയുറച്ച് നിന്നിരുന്നു. കോടിക്കണക്കിന് ഡോളറാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മസ്ക് ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാം ബീച്ച് കൗണ്ടിയില്‍ വച്ച് അണികളോട് സംസാരിച്ച ട്രംപ്, മസ്‌കിന്റെ പിന്തുണയെക്കുറിച്ച് എടുത്ത് പറയുകയും അദ്ദേഹം ഒരു അമാനുഷികനാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ ഗണപതി അയ്യരുടെയും ഗീത രാമസ്വാമിയുടെയും മകനാണ് ഇദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.