14 November 2024, Thursday
KSFE Galaxy Chits Banner 2

ഭരണഘടനയുടെ പ്രസക്തിക്ക് അടിവരയിടുന്ന സുപ്രീം കോടതി വിധി

Janayugom Webdesk
November 14, 2024 5:00 am

ബിജെപി ഭരണം നടത്തുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ഗുജറാത്ത്, അസം സംസ്ഥാനങ്ങളിലും, കേന്ദ്രസർക്കാർ പൊലീസ് ഭരണം കയ്യാളുന്ന ഡൽഹിയിലും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നിയന്ത്രിക്കുന്നതിന്റെ പേരിൽ കഴിഞ്ഞ ഏഴുവർഷങ്ങളായി തുടർന്നുവന്നിരുന്ന ‘ബുൾഡോസർ രാജ്’ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും എതിരായ വെല്ലുവിളിയാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരടക്കം ബിജെപി സർക്കാരുകൾ പരിഷ്കൃത നിയമവാഴ്ചാ സംവിധാനങ്ങളെയും പ്രക്രിയകളെയും വെല്ലുവിളിച്ച് നടപ്പാക്കിവന്നിരുന്ന കിരാത നടപടികൾക്കെതിരെ രാജ്യത്തിനാകെ ബാധകമായ നടപടിക്രമം നിർദ്ദേശിക്കുന്നതിനുള്ള ഉദ്ദേശം സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബർ ഒന്നിന് വ്യക്തമാക്കിയിരുന്നു. ഹനുമാൻ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിൽ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഉണ്ടായ സംഘർഷങ്ങളെത്തുടർന്ന് അവിടെ ബുൾഡോസർ നീതി നടപ്പാക്കാനുള്ള ഡൽഹി പൊലീസിന്റെ നീക്കം കോടതി തടഞ്ഞിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽവന്ന ഒരുപറ്റം പരാതികളിലാണ് ഇന്നലെ അന്തിമ ഉത്തരവുണ്ടായത്. ബുൾഡോസർ നീതി നടപ്പാക്കുന്നത് അന്ന് തടഞ്ഞ സുപ്രീം കോടതിയോട്, ആ പ്രവണതയ്ക്ക് അറുതിവരുത്തണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു. ബുൾഡോസർ നീതി നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും ഇരകൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഉത്തരവ് വ്യവസ്ഥചെയ്യുന്നു. പക്ഷെ, അതിന് ഉത്തരവാദികളായ അധികാരദുരമൂത്ത രാഷ്ട്രീയ നേതൃത്വത്തെ നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ യാതൊന്നും ഉത്തരവ് നിർദേശിക്കുന്നില്ല. എന്നിരിക്കിലും രാഷ്ട്രീയ എതിരാളികൾക്കും മത ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള അധികാര ദുർവിനിയോഗത്തിന് ഒരു പരിധിവരെയെങ്കിലും കടിഞ്ഞാണിടാൻ സുപ്രീം കോടതി ഉത്തരവിന് കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ തീവ്രഹിന്ദുത്വ സ്വേച്ഛാധിപത്യ നയങ്ങളാണ് ബുൾഡോസർ രാജിന്റെ ഉറവിടം. കുറ്റവാളികളെ നിയന്ത്രിക്കുന്നതിന്റെയും ശിക്ഷിക്കുന്നതിന്റെയും പേരിലാണ് ഈ കിരാത നടപടികൾക്ക് തുടക്കംകുറിച്ചത്. 

അത് പിന്നീട് ഉത്തരേന്ത്യയിൽ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മതിയായ മുന്നറിയിപ്പുകളോ നിലവിലുള്ള നിയമക്രമങ്ങളോ പാലിക്കാതെ അനധികൃത നിർമ്മാണങ്ങൾ എന്ന പേരിലായിരുന്നു തലമുറകളായി താമസിച്ചുപോന്ന വസതികളും കച്ചവടസ്ഥാപനങ്ങളടക്കം ഉപജീവന മാർഗങ്ങളും ബുൾഡോസർ നീതിക്ക് വിധേയമായത്. അതാവട്ടെ സിംഹഭാഗവും മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യംവച്ചുള്ളവയായിരുന്നു. അല്ലാത്ത അപൂർവം സംഭവങ്ങൾ രാഷ്ട്രീയ പ്രതിയോഗികൾക്കെതിരായ പ്രതികാര നടപടികളുമായിരുന്നു. ഈ ഭരണകൂട ഭീകരതയാണ് ഭരണഘടനാ വിരുദ്ധവും നിയമവാഴ്ചയുടെ നിഷേധവുമായി സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. അത്തരം നടപടികൾ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന സ്വത്തവകാശ സംരക്ഷണത്തിന്റെ നിഷേധവും വിവേചനപരവുമാണെന്ന് ഉത്തരവ് വിലയിരുത്തുന്നു. രാഷ്ട്രീയ ഭരണനേതൃത്വത്തിന് വ്യക്തിയെ കുറ്റവാളിയെന്ന് വിധിക്കാനുള്ള അവകാശമോ അധികാരമോ ഇല്ല. അത് നീതിന്യായ സംവിധാനത്തിന്റെ ഭരണഘടനാപരമായ മൗലികാധികാരമാണ്. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ, ഉചിതമായ നിയമ പ്രക്രിയയിലൂടെയല്ലാതെ കുറ്റാരോപിതരുടെ സ്വത്തുവകകൾ ഭരണ നേതൃത്വം ഇടിച്ചുനിരത്തുന്നത് നിയമവാഴ്ചയ്ക്ക് വിരുദ്ധവും അനുവദനീയമല്ലാത്ത നടപടിയുമാണെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു. ബുൾഡോസർ രാജ് സ്വാഭാവിക നീതിയുടെയും ഉചിതമായ നടപടിക്രമങ്ങളുടെയും നിഷേധമാണ്. അത് നമ്മെ അനുസ്മരിപ്പിക്കുന്നത് നിയമവാഴ്ചയുടെ തകർച്ചയും കയ്യൂക്കിനെ ന്യായീകരിക്കലുമാണ്. അത്തരം ഭരണകൂട അതിക്രമങ്ങളെ നിയമത്തിന്റെ കരുത്തുപയോഗിച്ച് നേരിടണം. നമ്മുടെ ഭരണഘടന മുൻവയ്ക്കുന്ന ധർമ്മചിന്തയും മൂല്യങ്ങളും ഭരണാധികാരികളുടെ അത്തരം അധികാര ദുർവിനിയോഗവും ദുഃസാഹസികതയും അനുവദിക്കുന്നില്ല. അവയോട് സഹിഷ്ണുത പുലർത്താൻ നീതിപീഠം സന്നദ്ധമല്ലെന്ന് അടിവരയിടുന്നതാണ് സുപ്രീം കോടതി ഉത്തരവ്. 

ലോകത്തിനുമുമ്പിൽ ഇന്ത്യയെയും രാജ്യത്തെ നിയമവാഴ്ചാക്രമത്തെയും അപഹാസ്യവും അപമാനിതവുമാക്കിയ ബിജെപിയുടെ ഭരണനയ വൈകൃതത്തെയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാനവിധി തുറന്നുകാട്ടുകയും ഇടിച്ചുനിരത്തുകയും ചെയ്തിരിക്കുന്നത്. ഇത് യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെയോ മറ്റ് ബിജെപി മുഖ്യമന്ത്രിമാരുടെയോ മാത്രം നയവൈകല്യമായി വിലയിരുത്തപ്പെട്ടുകൂടാ. അത് ബിജെപിയും ആർഎസ്എസും ഉൾപ്പെട്ട ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മതപരമോ വംശീയമോ ഭാഷാപരമോ ആയ കാരണങ്ങളാൽ ശത്രുക്കളായി മുദ്രകുത്തപ്പെടുന്ന ജനവിഭാഗങ്ങളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുകയെന്നതും അവർ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നുവെന്നതിന്റെ അടയാളംപോലും അവശേഷിപ്പിക്കാതെ തുടച്ചുനീക്കുകയെന്നതും ഫാസിസത്തിന്റെ ചിരപരിചിത പ്രവർത്തനരീതിയാണ്. അതാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഹിറ്റ്ലറുടെ ജർമ്മനിയിലും യുറോപ്പിലാകെയും അരങ്ങേറിയത്. അതാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ പശ്ചിമേഷ്യയിൽ അരങ്ങുതകർക്കുന്നത്. അതുതന്നെയാണ് മോഡിയുടെയും അമിത്ഷായുടെയും അനുഗ്രഹാശിസുകളോടെ ബിരേൻസിങ്ങിന്റെ നേതൃത്വത്തിൽ മണിപ്പൂരിൽ സംഹാരതാണ്ഡവമാടുന്നത്. ഈ പശ്ചാത്തലത്തിൽ വേണം ബുൾഡോസർ രാജിനെതിരായ, പൂർണതൃപ്തി പകരുന്നതല്ലെങ്കിലും, സുപ്രീം കോടതി ഉത്തരവ് വിലയിരുത്തപ്പെടാൻ. ബുൾഡോസർ നീതിയുടെ പ്രണേതാക്കൾ നരേന്ദ്ര മോഡിയടക്കം ബിജെപിയുടെ ഉന്നത നേതൃത്വമാണ്. ഈ കിരാത നീതിക്കെതിരെ മോഡിയോ ഷായോ എന്തിനു മോഹൻ ഭാഗവതോ പോലും ഒരക്ഷരം ഉരിയാടാൻ മുതിർന്നിട്ടില്ല. ഇവിടെയാണ് ഭരണഘടന, നിയമവാഴ്ച, സ്വതന്ത്ര നീതിപീഠം ഉൾപ്പെടെ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. അവ സംരക്ഷിച്ചുകൊണ്ടല്ലാതെ ഫാസിസ്റ്റ് വിപത്തിനെതിരെ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ മുന്നോട്ട് നയിക്കാനാവില്ല. 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.