ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ 64.86 ശതമാനം പോളിങ്. 43 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ലൊഹര്‍ദാഗയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്, 73.21 ശതമാനം. 59.13 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ ഹസാരിബാഗിലാണ് ഏറ്റവും കുറവ്. മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍, ഭാര്യ കല്പന സൊരേന്‍ എന്നിവര്‍ റാഞ്ചി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ചിറ്റമ്മനയവും കേന്ദ്ര ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്യുന്നതുമടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 208 കോടി രൂപയുടെ വസ്തുവകകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തിട്ടുണ്ട്. 58 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം 22നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 23നാണ് വോട്ടെണ്ണല്‍.
10 സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്നലെ പൂര്‍ത്തിയായി. 55 മുതല്‍ 90 ശതമാനം വരെ പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മേഘാലയയിൽ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ഗാൻബെഗ്രെ സീറ്റിലാണ് 90.84 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. ആറ് നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ വന്‍ സംഘര്‍ഷങ്ങളുണ്ടായി. നോർത്ത് 24 പാർഗാനസില്‍ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ അജ്ഞാതർ വെടിവച്ചുകൊന്നു. ബോംബേറിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മദാരിഹട്ടിൽ ബിജെപി സ്ഥാനാർത്ഥി രാഹുൽ ലോഹറിന്റെ കാർ അടിച്ചുതകർത്തു. നിരവധിയിടങ്ങളില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.