സിബിഐ ചമഞ്ഞ് പാളിയത്തു വളപ്പ് സ്വദേശിയുടെ മൂന്നേകാൽ കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനകണ്ണി പൊലീസ് പിടിയിലായി. കോഴിക്കോട് സ്വദേശി എംപി ഫഹ്മിം ജവാദിനെ (22)യാണ് കണ്ണൂർ റൂറൽ പൊലീസ് ചീഫ് അനുജ് പലിവാലിന്റെ നിര്‍ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പാളിയത്തുവളപ്പ് സ്വദേശി കെ വി ഭാർഗവനിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ മൂന്ന് വരെയുള്ള തീയതികളില്‍ മൂന്നുകോടിയിലേറെ രൂപ തട്ടിയെടുത്തത്. മുംബൈ ടെലികോം സർവീസിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാൾ ആദ്യം വീഡിയോ കോളിൽ ബന്ധപ്പെട്ടു. ഗൾഫിലായിരുന്ന ഭാർഗവന്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിം കാർഡ് എടുത്തിരുന്നുവെന്നും ആ നമ്പർ ഓൺലൈൻ നിക്ഷേപ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടത്തിയിട്ടുണ്ടെന്നും തട്ടിപ്പിൽ കുടുങ്ങിയ ഒരു കുടുംബം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അതിനാൽ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. പിന്നീട് മുംബൈ പൊലീസാണെന്നു പറഞ്ഞ് മറ്റൊരാൾ
ഫോണിൽ ബന്ധപ്പെട്ടു. ഇതിന്റെ തൊട്ടുപിറകെ സിബിഐ ഓഫീസറാണെന്നു പറഞ്ഞ് മറ്റൊരാളും വിളിച്ചു. അതോടെ ഭയന്നുപോയ ഭാർഗവൻ ഇവർ ആവശ്യപ്പെട്ടപ്രകാരം അക്കൗണ്ടു വിവരങ്ങൾ കൈമാറി.
പിന്നീട് ഭാർഗവനെ ഭീഷണിപ്പെടുത്തി ബാങ്കിലേക്ക് പറഞ്ഞയച്ച് അയാളുടെ അക്കൗണ്ടിൽ നിന്നും ഭാര്യയുടെ അക്കൗണ്ടിൽ നിന്നുമുള്ള പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. ഇക്കാര്യം പുറത്തറിയിക്കരുതെന്നും പുറത്തറിയിച്ചാൽ വിദേശത്തുള്ള മകനെയടക്കം അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ വിവരം മറ്റൊരാളോടും പറഞ്ഞില്ല. 3,15,50,000 രൂപയാണ് ഭാർഗവനിൽ നിന്ന് തട്ടിയെടുത്തത്. പണം കൈമാറിയശേഷമാണ് തട്ടിപ്പാണെന്ന് ഭാർഗവന് മനസിലായത്. ഇതേത്തുടർന്ന് കഴിഞ്ഞ നാലിന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
കോടികളുടെ തട്ടിപ്പായതിനാൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പിടിയിലായ ഫഹ്മി ജവാദിന്റെ അക്കൗണ്ടിൽ ഇങ്ങനെ വൻ തുക എത്തിയതായും വ്യക്തമായിട്ടുണ്ട്. പയ്യന്നൂരിലെ ടാക്സ് ഓഫിസര്‍ എഗാർ വിൻസെന്റില്‍ നിന്ന് സമാനരീതിയിൽ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായും തെളിഞ്ഞിട്ടുണ്ട്. വയനാട് വൈത്തിരി വെച്ചാണ് ഇയാളെ പിടികൂടിയത്. സംഘം തട്ടിയെടുത്ത പണത്തിൽ 32 ലക്ഷം രൂപ കണ്ടെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.