നടൻ ധനുഷ് പ്രതികാരം തീർക്കുന്നുവെന്ന് ഗുരുതര ആരോപണങ്ങളുമായി നയൻതാര. തനിക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം തീര്‍ക്കുകയാണെന്ന് നയന്‍താര ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന തുറന്ന കത്തിലാണ് ധനുഷിനെതിരെ നടിയുടെ വെളിപ്പെടുത്തൽ.
നയന്‍താര‑വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററി വൈകിയതിന് നടനാണ് കാരണമെന്ന് നയന്‍താര ഈ കുറിപ്പില്‍ പറയുന്നു. നയൻതാരയുടെ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം.
ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്ററി റിലീസിന് ഒരുങ്ങുന്നത്. വിഘ്‌നേശ് സംവിധാനം ചെയ്ത് നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നാനും റൗഡി താന്‍ നിര്‍മിച്ചത് ധനുഷായിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പ്രണയത്തിലാകുന്നതെന്ന് നയന്‍താരയും വിഘ്‌നേശും പറഞ്ഞിട്ടുണ്ട്. ഡോക്യുമെന്ററി പ്രമോയിലും ഇരുവരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.നയന്‍താരയുടെ കരിയറും ജീവിതവും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ധനുഷ് എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാതെ വൈകിപ്പിച്ചുവെന്ന് നയന്‍താര പറയുന്നു.
പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതം നല്‍കിയില്ലെന്നും ഇതാണ് ഡോക്യുമെന്ററി വൈകാനും പിന്നീട് റീ എഡിറ്റ് ചെയ്യാനും കാരണമായതെന്നും നടി പറഞ്ഞു. ഇപ്പോള്‍ ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണെന്നും നയന്‍താര പറഞ്ഞു.
നാനും റൗഡി താന്‍ സിനിമയുടെ ഷൂട്ട് സമയത്ത് ചിലര്‍ ഷൂട്ട് ചെയ്ത ലൊക്കേഷന്‍ വീഡിയോകള്‍ മൂന്ന് സെക്കന്റ് സമയം ഡോക്യുമെന്ററിയില്‍ കാണിച്ചിട്ടുണ്ട്. ഇതിന്റെ പേരിലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര കത്തില്‍ പറയുന്നു.നാനും റൗഡി താന്‍ സിനിമയുടെ സമയത്തും ധനുഷിന്റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായെന്നും സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് പിന്നീട് ചിത്രത്തിനുണ്ടായ വലിയ വിജയത്തില്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.