ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടുമൊരു ബൈസൈക്കിള്‍ കിക്കുമായി നിറഞ്ഞാടിയപ്പോള്‍ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം. പോളണ്ടിനെ നേരിട്ട പറങ്കിപ്പട ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ റൊണാള്‍ഡോ ഇരട്ടഗോളുകള്‍ നേടി. റഫേൽ ലിയാവോ, ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് സ്കോറർമാർ. ഡൊമിനിക്ക് മാർക്‌സുക്കാണ് പോളണ്ടിനായി വലകുലുക്കിയത്. വിജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ആറ് ഗോളുകളും പിറന്നത്. 59-ാം മിനിറ്റില്‍ റഫേൽ ലിയാവോയിലൂടെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തുന്നത്. 72-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ ഗോള്‍ നേടി. 80-ാം മിനിറ്റിൽ മൈതാന മധ്യത്ത് കൂടി പന്തുമായി കുതിച്ച ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത ലോങ്‌റേഞ്ചർ ഗോൾവല തുളച്ചു. 82-ാം മിനിറ്റിൽ റൊണാള്‍ഡോ നൽകിയ പന്തുമായി കുതിച്ച പെഡ്രോ നെറ്റോ ഗോളിയെ കാഴ്ചക്കാരനാക്കി വലകുലുക്കി. റൊണാള്‍ഡോ 87-ാം മിനിറ്റിലാണ് ബൈസൈക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നത്. ഇരട്ട ഗോളോടെ, അഞ്ച് നേഷന്‍സ് ലീഗ് മത്സരങ്ങളില്‍നിന്ന് റൊണാള്‍ഡോയുടെ ഗോള്‍നേട്ടം അഞ്ചായി.
ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ താരത്തിന്റെ ഗോള്‍നേട്ടം 135 ആയി. 88-ാം മിനിറ്റിലായിരുന്നു പോളണ്ടിന്റെ ആശ്വാസ ഗോളെത്തിയത്. നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്ന സ്പെയിൻ, കരുത്തരായ ഡെൻമാർക്കിനെ 2–1ന് തോല്പിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. കരുത്തരായ ക്രൊയേഷ്യയെ സ്കോട്‌ലൻഡ് അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്കോട്‌ലൻഡിന്റെ വിജയം. സൈപ്രസ് ലിത്വാനിയയെയും (2–1), നോർത്തേൺ അയർലൻഡ് ബെലാറൂസിനെയും (2–0), ബൾഗേറിയ ലക്സംബർഗിനെയും (1–0) തോല്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.