20 November 2024, Wednesday
KSFE Galaxy Chits Banner 2

കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ രാജസ്ഥാൻ രണ്ടിന് 71 റൺസെന്ന നിലയിൽ

Janayugom Webdesk
ജയ്പൂര്‍
November 20, 2024 6:17 pm

കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 148 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 71 റൺസെന്ന നിലയിലാണ്. ജയ്പ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അക്കൌണ്ട് തുറക്കാതെ മടങ്ങിയ അക്ഷയ് എസ് എസിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടർന്നെത്തിയ കാർത്തിക്കിനും ക്യാപ്റ്റൻ അഹമ്മദ് ഇമ്രാനും അധികം പിടിച്ചുനില്ക്കാനായില്ല. എന്നാൽ ഓപ്പണർ അഹമ്മദ് ഖാനും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അദ്വൈത് പ്രിൻസും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. അഹ്മദ് 41ഉം അദ്വൈത് പ്രിൻസ് 31ഉം റൺസെടുത്തു. ആറാമനായെത്തിയ അൽത്താഫും ഒരറ്റത്ത് ചെറുത്തു നിന്നു. അൽതാഫ് 39 റൺസെടുത്താണ് പുറത്തായത്. രാജസ്ഥാന് വേണ്ടി ഗുലാബ് സിങ് നാലും ആഭാസ് ശ്രീമലി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു. തുടക്കത്തിൽ തന്നെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. മനയ് കടാരിയ 18 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ തോഷിത് റണ്ണൊന്നുമെടുക്കാതെ മടങ്ങി. എബിന്‍ ലാലും തോമസ് മാത്യുവുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്. കളി നിർത്തുമ്പോൾ പാർഥ് യാദവ് 36 റൺസോടെയും ആകാഷ് മുണ്ടെൽ 17 റൺസോടെയും ക്രീസിലുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.