ചണ്ഡീഗഢ്: പുതിയ ഇനം നെല്‍വിത്ത് വിതച്ച പഞ്ചാബിലെ നെല്‍പ്പാടങ്ങളില്‍ കര്‍ഷകരുടെ കണ്ണുനീര്‍. പിആര്‍ 126 എന്ന വിത്താണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. വിളവ് ഗണ്യമായി ഇടിഞ്ഞതോടെ പഞ്ചാബ് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ നെല്‍വിത്ത് പരീക്ഷിച്ച മുഴുവന്‍ കര്‍ഷകരും പ്രതിസന്ധിയിലായി.
നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് മറ്റൊരു ഇടിത്തീയായി വിളവും ഇടിഞ്ഞത്. ശാസ്ത്രീയമായ പരീക്ഷണം നടത്താതെ വിത്ത് അവതരിപ്പിച്ചതാണ് വിളവ് കുറയാന്‍ പ്രധാനകാരണമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. പുതിയ വിത്തില്‍ നിന്നുള്ള നെല്ല് സംഭരിക്കുന്നതില്‍ മില്ലുടമകളും മുഖം തിരിച്ചതോടെയാണ് കര്‍ഷകര്‍ നിലയില്ലാക്കയത്തിലേക്ക് മുങ്ങിയത്. പിആര്‍ 126 പരീക്ഷണം തെറ്റായ ഉപദേശത്തിന്റെ ഫലമാണെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തി.
എന്നാല്‍ വിത്തിന്റെ പ്രശ്നമല്ല വിളവ് കുറയാന്‍ കാരണമെന്നും സങ്കര വിത്തുകളുടെ ഉപയോഗമാണ് തിരിച്ചടി സൃഷ്ടിച്ചതെന്നുമാണ് കാര്‍ഷിക സര്‍വകലാശാല അധികൃതരുടെ വിശദീകരണം. കര്‍ഷകരുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്നും പിഎയുവിലെ നെല്‍ക്കൃഷി ശാസ്ത്രജ്ഞന്‍ പ്രതികരിച്ചു. അഞ്ച് മുതല്‍ ആറ് ശതമാനം വരെ പിആര്‍ വിത്താണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ആവശ്യത്തിന് നെല്ല് സംഭരിക്കുന്നതില്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പഠനത്തില്‍ 67 ശതമാനം വിളവെടുപ്പ് രേഖപ്പെടുത്തിയിരുന്നതാണ്. വിളവ് ഗണ്യമായി ഇടിഞ്ഞതോടെയാണ് പുതിയ വിത്ത് പരീക്ഷണം നടത്തിയത്. 2019ലാണ് പിആര്‍ വിത്ത് പുറത്തിറക്കിയത്. 123 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുപ്പിന് പര്യാപ്തമായ വിത്തുകളാണിത്. നേരത്തെയിറക്കിയ പിയുഎസ്എ വിത്ത് പാകമാകാന്‍ 160 ദിവസമെടുക്കുന്നത് പരിഗണിച്ചാണ് പിആര്‍ 126 പരീക്ഷിച്ചതെന്ന് സര്‍വകലാശാല പറയുന്നു.
എന്നാല്‍ പരീക്ഷണം പാളിയെന്നാണ് കര്‍ഷകരും സംഘടനകളും പ്രതികരിക്കുന്നത്. പിആര്‍ 126 നെല്ലും സങ്കരയിനം നെല്ലും തിരിച്ചറിയാന്‍ സാധിക്കാതെ വന്നതോടെ മില്ലുടമകള്‍ ഉല്പന്നം സ്വീകരിക്കുന്നില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റായ ശ്യാംലാല്‍ ദലെവാള്‍ പറഞ്ഞു. നെല്ല് സംഭരണം കൃത്യമായി നടക്കാതെ വന്നതോടെ കടുത്ത പ്രതിസന്ധിയിലാണെന്ന് കര്‍ഷകര്‍ വിലപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.