മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നശേഷം ഇതുവരെയായി അഡാനിയുടെ 10 കമ്പനികളിലെ നിക്ഷേപകർക്ക് നഷ്ടമായത് ഏഴു ലക്ഷം കോടി രൂപ. അമേരിക്കയിൽ കൈക്കൂലി കേസ് കൂടി ചുമത്തപ്പെട്ടതോടെ ഓഹരി വിലയിലുണ്ടായ കനത്ത ഇടിവ് കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള കണക്കാണിത്. അഡാനി ഗ്രൂപ്പിന് കീഴിലെ 10 കമ്പനികളുടെ സംയോജിത വിപണി മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന്റെ തലേന്നാൾ (2023 ജനുവരി 23) 19.24 ലക്ഷം കോടി രൂപയായിരുന്നു അഡാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം. ഇന്നലത്തെ കണക്ക് പ്രകാരം 12.24 ലക്ഷം കോടി രൂപയാണ് മൂല്യം. കഴിഞ്ഞ ഒരുദിവസം കൊണ്ട് നിക്ഷേപകരുടെ 2.22 ലക്ഷം കോടി രൂപ മാഞ്ഞുപോയി. അഡാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് 20 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്. റിപ്പോർട്ട് പുറത്തുവന്ന ശേഷം താഴെ വീണ അഡാനി കമ്പനികളുടെ ഓഹരി മൂല്യം പതിയെ തിരിച്ചുകയറി. 14,000 കോടി ഡോളർ പിന്നിട്ടിരുന്ന മൊത്തം വിപണി മൂല്യം റിപ്പോർട്ട് പുറത്തുവന്നശേഷം 8,067 കോടി ഡോളറിലേക്ക് താഴ്ന്നു. എന്നാൽ പിന്നീട് മൂല്യം കുതിച്ചുയർന്ന് 2024 ജൂൺ മൂന്നിന് 22,987 കോടി ഡോളറായി.
ഹിൻഡൻബർഗ്, സെബി ചെയർപേഴ്സൺ മാധബി പുരിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചതോടെ അഡാനി കമ്പനികളുടെ ഓഹരി മൂല്യം വീണ്ടും താഴേക്ക് പതിച്ചു. എന്നാൽ മുമ്പത്തെ അത്ര പ്രതിസന്ധി ഉണ്ടായില്ല. വിപണി വലിയതോതിൽ തളർച്ച നേരിട്ട ആഴ്ചകളാണ് പിന്നിടുന്നത്. ഈ ഘട്ടത്തിലെല്ലാം അഡാനി കമ്പനികളുടെ ഓഹരി മൂല്യവും താഴേക്ക് പോയിരുന്നു. എന്നാൽ അമേരിക്കയിൽ ഫെഡറൽ ഏജൻസി ഗൗതം അഡാനിയെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതോടെ വീണ്ടും അഡാനി ഗ്രൂപ്പിന് കഷ്ടകാലം തുടങ്ങി. ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളെ 2,029 കോടി രൂപ കൈക്കൂലി നൽകി സ്വാധീനിച്ച്, സൗരോർജ പദ്ധതികൾ നേടിയെടുത്തുവെന്നും ഇതുകാണിച്ച് അമേരിക്കയിലെ നിക്ഷേപകരെ കബളിപ്പിച്ച് നിക്ഷേപം നേടിയെടുത്തുവെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. സ്ഥിരമായി വളരുന്ന സ്വഭാവമുള്ള അഡാനി കമ്പനികളുടെ ഓഹരികൾ നിക്ഷേപകർക്ക് കഴിഞ്ഞകാലങ്ങളിൽ പലപ്പോഴും വലിയ നേട്ടമായിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിലെല്ലാം നിക്ഷേപകർക്ക് തിരിച്ചടിയും ഏറ്റിട്ടുണ്ട്.
അഡാനി ഗ്രൂപ്പിന്റെ തകര്‍ച്ചയില്‍ രാജ്യത്തെ പ്രധാന പൊതുമേഖലാ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)ക്ക് നഷ്ടമായത് 12,000 കോടിയോളം രൂപ. അഡാനി എന്റര്‍പ്രൈസസ്, അഡാനി പോര്‍ട്‌സ്, അഡാനി ഗ്രീന്‍ എനര്‍ജി അടക്കം ഏഴ് കമ്പനികളിലാണ് എല്‍ഐസിക്ക് നിക്ഷേപമുള്ളത്. ഈ കമ്പനികളിലെ മൊത്തം നിക്ഷേപ മൂല്യത്തില്‍ വ്യാഴാഴ്ച മാത്രം 11,278 കോടി രൂപയുടെ ഇടിവുണ്ടായി.
അഡാനി പോര്‍ട്‌സിലെ നിക്ഷേപത്തിൽ 5,009.88 കോടിയും അഡാനി എന്റര്‍പ്രൈസസിലെ നിക്ഷേപ മൂല്യത്തില്‍ 3,012.91 കോടി രൂപയും അംബുജയിലെ മൂല്യത്തില്‍ 1,207.83 കോടിയുമാണ് നഷ്ടം. അഡാനി ടോട്ടല്‍ ഗ്യാസില്‍ 807.48 കോടിയും അഡാനി എനര്‍ജി സൊലൂഷന്‍സില്‍ 716.45 കോടിയും അഡാനി ഗ്രീന്‍ എനര്‍ജിയില്‍ 592.05 കോടിയും എസിസി നിക്ഷേപത്തില്‍ 381.66 കോടിയും നഷ്ടമായതായാണ് കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.