24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 1, 2024
August 16, 2024
June 28, 2024
June 27, 2024
November 17, 2023
October 26, 2023
September 1, 2023
August 14, 2023
August 12, 2023

നാട്ടിൻപുറത്തുകാരനായി മുണ്ട്മടക്കിയുടുത്ത് മന്ത്രി; കൂടെ നാട്ടുകാരും

എ.എസ് കനാൽ ജനകീയ ശുചീകരണം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
Janayugom Webdesk
ആലപ്പുഴ
November 24, 2024 1:58 pm

നാട്ടിൻപുറത്തുകാരനായി മുണ്ട് മടക്കിയുടുത്ത് തങ്ങളിലൊരാളായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുന്നിട്ടിറങ്ങിയപ്പോൾ സ്ത്രീകളും വിദ്യാർഥികളും അടങ്ങുന്ന നാട്ടുകാരും മുൻ എംപി  അഡ്വ.എ. എം ആരിഫും ജനപ്രതിനിധികളും ആവേശത്തോടെ മന്ത്രിക്ക് ഒപ്പം കൂടി. സേവ് എ.എസ് (ആലപ്പുഴ — ചേർത്തല) കനാൽ കർമ്മപദ്ധതിയുടെ ഭാഗമായി ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ശുചീകരണം മന്ത്രി ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഉദ്ഘാടനം ചെയ്തപ്പോൾ നൂറ് കണക്കിനാൾക്കാരാണ് മന്ത്രിക്ക് ഒപ്പം ശുചീകരണത്തിൽ പങ്കാളികളായത്. ചവറുകളും മാലിന്യങ്ങളും നീക്കിയും  നാട്ടുകാരോട് പ്രത്യേകിച്ച് വിദ്യാർഥികളോട് കുശലം അന്വേഷിച്ചും കനാൽ പുനരുജ്ജീവനത്തിന് എത്തിയതിന് അവരെ അഭിനന്ദിച്ചും മന്ത്രി ശുചീകരണ യജ്ഞത്തിൽ ദീർഘനേരം പങ്കാളിയായി. ഒരിക്കൽ ചേർത്തലയുടെ ജീവ നാഡിയായിരുന്നു എ.എസ് കനാലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു എത്തിക്കുമെന്ന് ദൃഢനിശ്ചയത്തിലാണ് ഇവിടുത്തെ ആബാലവൃദ്ധം ജനങ്ങളും. ഇന്ന് രാവിലെ മുതൽ നടന്ന ശുചീകരണ യജ്ഞം അതിന് തെളിവുമായി.

ചേർത്തല നഗരസഭയുടെ ‘ചേലൊത്ത ചേർത്തല’ കർമ്മപദ്ധതിയുടെ ഭാഗമായിട്ടുള്ള ശുചീകരണത്തിൻ്റെ നഗരസഭാതല ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. കനാലുകളും കുളങ്ങളും മാലിന്യം വലിച്ചെറിയാനുള്ള കുപ്പത്തൊട്ടികളല്ലെന്നും അങ്ങനെ ആക്കിയാൽ നമ്മുടെ ജീവിതത്തിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എ.എസ് കനാൽ എത്രമാത്രം മോശമാകുന്നുവോ അത്രമാത്രം നമ്മുടെ ആരോഗ്യം വഷളാകുമെന്നും മന്ത്രി പറഞ്ഞു. കുപ്പത്തൊട്ടികൾ കാണാൻ ഒരിക്കലും വിനോദ സഞ്ചാരികൾ വരില്ലെന്നും മാലിന്യങ്ങൾ കൂടുന്നതിനനുസരിച്ച് ആൾക്കാരും നമ്മളിൽ നിന്ന് അകലുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. മുൻ എം. പി എ.എം ആരിഫ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, കൗൺസിലർ കെ പി പ്രകാശൻ, നഗരസഭാ സെക്രട്ടറി ടി.കെ സുജിത്, സി ഡി എസ് ചെയർപേഴ്സൺ. പി ജ്യോതിമോൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ സന്ദേശ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി എടുത്തു.

നഗരസഭാ പരിധിയിൽ പി.എസ്. കവല മുതൽ കുറിയുമുട്ടം കായൽ വരെയുള്ള 5 കിലോമീറ്റർ വരുന്ന എ എസ് കനാൽ ഭാഗമാണ് ശുചീകരിച്ചത്. കനാലിൻ്റെ ഇരുവശങ്ങളിലുമുള്ള  വിവിധ കേന്ദ്രങ്ങളിലായി മൂവായിരത്തിലധികം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. വിവിധ കക്ഷി രാഷ്ട്രീയ, കലാ സാംസ്‌കാരിക സംഘടനകളിലെയും യുവജന സംഘടനകളിലെയും അംഗങ്ങൾ, ജനപ്രതിനിധികൾ, നഗരത്തിലെ റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, വിമുക്തഭടന്മാർ, ഹരിതകർമ്മ സേനാംഗങ്ങൾ, ആശ പ്രവർത്തകർ, എൻ സി സി, എസ് പി സി അംഗങ്ങൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും മെഗാ ശുചീകരണത്തിൽ പങ്കാളികളായി.

നഗരസഭാതല ഉദ്ഘാടനത്തോടൊപ്പം കനാൽ കമ്മറ്റികൾ കേന്ദ്രീകരിച്ചുള്ള ഉദ്ഘാടനങ്ങളും നടന്നു. ഇരുമ്പ് പാലത്തിന് വടക്ക് നടന്ന ശുചീകരണം പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ടിബി ജെട്ടിക്ക് സമീപം  ബി ജെ പി ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ, കല്ലിങ്ങാപ്പള്ളി സൊസൈറ്റിക്ക് സമീപം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എസ്. ശിവപ്രസാദ്, ഇ.എം.എസ് വായനശാലക്ക് സമീപം സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ്  സി.കെ. ഷാജിമോഹൻ, ആഞ്ഞിലിപ്പാലത്ത് മുൻ നഗരസഭാ ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ, വാർഡ് 18 ലെ അങ്കണവാടിക്ക് സമീപം മുൻ നഗരസഭാ ചെയർപേഴ്സൺ ജയലക്ഷ്മി അനിൽകുമാർ, പി. എസ്. കവലയിൽ  ദലീമ ജോജോ എം.എൽ.എ തുടങ്ങിയവരും ശുചീകരണം ഉദ്ഘാടനം ചെയ്തു.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.