12 December 2025, Friday

Related news

December 11, 2025
November 20, 2025
November 18, 2025
October 30, 2025
October 3, 2025
October 1, 2025
August 12, 2025
July 29, 2025
July 22, 2025
June 3, 2025

വിദേശ നിക്ഷേപം പുറത്തേക്കൊഴുകുന്നു

ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍ 
ഒക്ടോബര്‍ മുതല്‍ പിന്‍വലിച്ചത് 1.14 ലക്ഷം കോടി 
Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2024 8:35 pm

ഓഹരി വിപണിയിലെ വിദേശ നിക്ഷേപം (എഫ‌്പിഐ) പുറത്തേക്ക് ഒഴുകുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളു‍ടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. ഒക്ടോബര്‍ ഒന്നിന് ശേഷം 1.14 ലക്ഷം കോടിയുടെ വിദേശ നിക്ഷേപമാണ് രാജ്യത്ത് നിന്ന് പുറത്തേക്ക് ഒഴുകിയത്. ഇതില്‍ സിംഹഭാഗവും ചൈനയിലേക്കാണ് എത്തിച്ചേര്‍ന്നതെന്നതും ശ്രദ്ധേയം. രൂപയുടെ വിലയിടിവ്, ഓഹരി വിപണിയിലെ അനിശ്ചിതത്വം, ലാഭത്തിലെ ഇടിവ്, ആഭ്യന്തര മൂല്യവര്‍ധനവ് എന്നിവ കാരണമാണ് വിദേശനിക്ഷേപം മറ്റ് രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കൂടാതെ ചൈനയിലെ അനുകൂല സാഹചര്യവും ഒഴുക്കിന് ആക്കം വര്‍ധിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക അസ്ഥിരതയുടെ നേര്‍ചിത്രമാണിതെന്നും വിലയിരുത്തപ്പെടുന്നു. 

നവംബറില്‍ ഇതുവരെ 26,533 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന വില്പന നടന്നത് ഒക്ടോബറിലായിരുന്നു. 94,017 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 57,724 കോടിയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിരുന്നു, ഈ സ്ഥാനത്താണ് ഒക്ടോബറിലും നവംബറിലും വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍ റെക്കോഡ് കണക്കുകളിലേക്ക് മാറിയത്. ഇത് സാമ്പത്തിക മേഖലയില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ധനകാര്യ ഗവേഷണ സ്ഥാപനമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജപ്പാന്‍ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വിദേശനിക്ഷേപം പുറത്തേക്ക് പോകുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലാണ് ഇത് വളരെ കൂടിയ അളവിലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നവംബറില്‍ ഇതുവരെ ദക്ഷിണ കൊറിയയില്‍ നിന്ന് 43,062 കോടിയുടെയും തായ്‌വാനില്‍ നിന്ന് 36,307 കോടിയുടെയും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. ഇതേകാലയളവില്‍ ജപ്പാനിലേക്ക് 21.7 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം എത്തിച്ചേര്‍ന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം, ഇന്ത്യയിലെ പണപ്പെരുപ്പവും പലിശനിരക്കിലെയും അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ മാറ്റം, മൂന്നാം പാദത്തിലെ ഇന്ത്യന്‍ കമ്പനികളുടെ നിരാശപ്പെടുത്തുന്ന പ്രകടനം എന്നിവയുടെ ഫലമായാണ് വിദേശ നിക്ഷേപം കടല്‍ കടക്കുന്നതെന്ന് മോര്‍ണിങ് സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യയിലെ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.