27 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 14, 2024
November 12, 2024
November 10, 2024

അഡാനി വിഷയവുമായി പ്രതിപക്ഷം; ഒളിച്ചോടി കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2024 11:05 pm

അഡാനി കൈക്കൂലി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍. ഇതോടെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചു. രാജ്യസഭയില്‍ 18 അടിയന്തര പ്രമേയ നോട്ടീസുകളാണ് പ്രതിപക്ഷം സമര്‍പ്പിച്ചത്. അഡാനി കൈക്കൂലി, ഉത്തര്‍ പ്രദേശിലെ സംഭാലിലുണ്ടായ അക്രമം, ഡല്‍ഹിയിലെ വര്‍ധിച്ചു വരുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് റൂള്‍ 267 പ്രകാരം പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍ഖര്‍ നോട്ടീസുകള്‍ നിഷേധിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 

ആദ്യം 11.30 വരെ നിര്‍ത്തിയ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.
ലോക്‌സഭയില്‍ ചോദ്യവേള ആരംഭിച്ചയുടന്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് അനുമതി നല്‍കാത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിരോധം തീര്‍ത്തതോടെ സഭ ആദ്യം 12 വരെ നിര്‍ത്തിവച്ചു. പിന്നീട് സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പിന്‍വാങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു.

മണിപ്പൂരിലെ ഇനിയും തീരാത്ത കലാപം, ഉത്തര്‍പ്രദേശിലെ സംഭാലില്‍ പള്ളി സര്‍വേയുമായി ബന്ധപ്പെട്ട പൊലീസ് വെടിവയ്പ്, സൗരോര്‍ജം വാങ്ങാന്‍ കേന്ദ്ര ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന വൈദ്യുത വിതരണ കമ്പനികളെ വരുതിയിലാക്കാന്‍ ഉല്പാദന കമ്പനിയായ അഡാനിയുടെ ഊര്‍ജ കമ്പനി കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന കുറ്റത്തിന് യുഎസ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട്, വയനാട് ദുരിതാശ്വാസം, രാജ്യത്തെ വിലക്കയറ്റം ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഭരണ പ്രതിപക്ഷ പോരാട്ടങ്ങളുടെ ചൂടിലാണ് മുന്നേറുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇരുസഭകളിലും സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിരോധം സൃഷ്ടിക്കുന്ന കാഴ്ചയാണ് ദൃശ്യമായിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.