സമൂഹത്തിലെ മറ്റുവിഭാഗങ്ങളെ അപേക്ഷിച്ചു നിത്യജീവിതത്തിൽ വ്യത്യസ്തമായ വെല്ലുവിളികൾ നേരിടുന്നവരാണ് ഭിന്നശേഷിക്കാർ. സാധാരണ മനുഷ്യർക്കു പൊതുവെ നിർവഹിക്കാൻ കഴിയുന്ന മാനസികവും ശാരീരികവും, സാമൂഹികവുമായ പ്രവർത്തനങ്ങൾ അതേപടി നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണ് ഭിന്നശേഷി. 2021 വർഷത്തെ സെൻസസ് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 2.1ശതമാനത്തോളം അംഗപരിമിതരാണ്.
കേരളത്തിൽ 2015ൽ പ്രസിദ്ധീകരിച്ച ഭിന്നശേഷി സർവ്വേ റിപ്പോർട്ടിൽ പറയുന്നത് 22തരം ഭിന്നശേഷി വിഭാഗത്തിൽ നിന്നായി 7,95,000ത്തോളം അംഗപരിമിതരെ കണ്ടെത്തിയിട്ടുണ്ട്. 1975ൽ ഐക്യരാഷ്ട്രസഭ ഭിന്നശേഷിക്കാരുടെ അവകാശപ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആചരിച്ചു. തുടർന്ന് 1983–92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു.
1992ലാണ് എല്ലാവർഷവും ഡിസംബർ മൂന്ന് ഭിന്നശേഷി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഈ വിഭാഗത്തിലുള്ളവർ ജീവിതത്തിൽ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎൻ ഈ ദിവസം ആചരിക്കാൻ ആഹ്വാനം ചെയ്തത്. അംഗപരിമിതർക്ക് മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്നതാണ് ഓരോ ദിനാചാരണവും മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
1995ൽ പേഴ്സൺസ് വിത്ത് ഡിസബിലിറ്റി ആക്ട് ഇന്ത്യ ഗവണ്മെന്റ് പാസാക്കി. ഭിന്നശേഷിയുള്ള വ്യക്തികൾക്ക് തുല്യ അവസരം, അവകാശ സംരക്ഷണം, പൂർണപങ്കാളിത്തം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ നയം. വൈകല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സാസൗകര്യങ്ങൾ ഒരുക്കുക, സൗജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തുക, അംഗപരിമിതരായ കുട്ടികളെ പരിശീലിപ്പിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെ ഉറപ്പാക്കുക, സർക്കാർ ജോലികളിൽ മൂന്നുശതമാനം സംവരണം നടപ്പിലാക്കുക, ആരോഗ്യ പരിരക്ഷ നൽകുക, സ്വയംതൊഴിലിനായി സഹായം നൽകുക, വിവേചനം അവസാനിപ്പിക്കുക എന്നിവയ്ക്ക് 95ലെ നയം പ്രത്യേക പരിഗണന നൽകിയെങ്കിലും ഈ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം രാജ്യത്തിന്റെ പല മേഖലകളിൽ നിന്നുമുയർന്നു. അങ്ങനെ ആ നിയമത്തിലെ ന്യൂനതകൾ പരിഹരിച്ചും ശാരീരിക അവശതകൾ അനുഭവിക്കുന്ന കൂടുതൽ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി ഇന്ത്യൻ പാർലമെന്റ് 2016 ഡിസംബർ 22ന് Right of Persons With Disability Act (RPWD) എന്നൊരു പുതിയ നിയമം പാസാക്കി. 2017 ഏപ്രിൽ 19ന് നിയമം പ്രാബല്യത്തിൽ വന്നു. മുമ്പുള്ള നിയമത്തിൽ ഏഴുതരത്തിലുള്ള വൈകല്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ 2016ലെ നിയമത്തിൽ 22 തരത്തിലുള്ള വൈകല്യങ്ങൾ ഉൾപ്പെടുത്തി. ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ തുല്യത, വിദ്യാഭ്യാസ അവകാശം, ആരോഗ്യസംരക്ഷണം, ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവ സാധ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നതാണ് RPWD ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികൾ ആരംഭിച്ചത് ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ്. അവശരായ വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള പൊതു വിദ്യാലയങ്ങളിൽ പഠിക്കുവാൻ ‘ഇൻക്ലൂസ്സീവ് സ്കൂൾ’ എന്ന വേറിട്ടൊരാശയം ഭിന്നശേഷി വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വല്ലാത്തൊരാശ്വാസമാണ്. ഈ ലക്ഷ്യങ്ങളെല്ലാം സാക്ഷാത്കരിക്കണമെങ്കിൽ കേന്ദ്രസംസ്ഥാന ഗവണ്മെന്റുകൾ കൃത്യമായ ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണെന്നും അത് സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും നിയമം നിഷ്കർഷിക്കുന്നു. സർക്കാർ നിയമനങ്ങളിൽ നാല് ശതമാനം സംവരണം നൽകണമെന്ന് RPWD നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ദൗർഭാഗ്യവശാൽ ഭരണകൂടങ്ങൾ ഈ സംവരണം കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണ്.
ഭിന്നശേഷിയുള്ളവരെ എങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാം എന്നത് വളരെക്കാലമായി ചർച്ചയിലുള്ള വിഷയമാണ്. അവരുടെ കഴിവുകൾ എങ്ങനെ ആത്മസാക്ഷാത്ക്കാരത്തിനും സാമൂഹ്യപുരോഗതിക്കും ഉപയോഗപ്പെടുത്താം എന്നതും വിശാലമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. ജീവിതവിജയത്തിന് ഭിന്നശേഷി തടസമല്ലെന്ന് തെളിയിച്ച് ലോകപ്രശസ്തരായവരുടെ ജീവചരിത്രം ഭിന്നശേഷിയുള്ള വ്യക്തികൾക്ക് എന്നും പ്രചോദനം നൽകുന്നതാണ്. ജർമനിയിൽ ജനിച്ച ലോകപ്രശസ്തനായ പിയാനോ സംഗീതജ്ഞൻ ബിഥോവൻ കേൾവിക്കുറവുള്ളയാളായിരുന്നു. അമേരിക്കൻ എഴുത്തുകാരി ഹെലൻകെല്ലർ കാഴ്ചവെല്ലുവിളി നേരിടുന്നവളായിരുന്നു. സ്റ്റീഫൻ ഹോക്കിങ്, സ്റ്റീവ് ജോബ്സ് ഫ്രാങ്കിലിൻ ഡി റൂസ്വെൽറ്റ് തുടങ്ങിയവർ പ്രതിസന്ധികളെ തോൽപ്പിച്ച് മഹത് വ്യക്തികളായവരാണ്. ഇന്ത്യാക്കാരിയായ അരുണിമ സിൻഹ സ്വന്തം ശാരീരിക അവസ്ഥകളെ അതിജീവിച്ച് ലോകത്തിലെ മികച്ച പാർവതാരോഹകരിൽ ഒരാളായി. എവറസ്റ്റ് കൊടുമുടി കീഴടക്കി അവർ ചരിത്രത്തിന്റെ ഭാഗമായി. 2014ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ ഇറ സിംഗാൽ, ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിനെ 2012 ടി20മത്സരത്തിൽ വിജയത്തിലേക്ക് നയിച്ച ശേഖർ നായിക്ക് ഉൾപ്പെടെയുള്ളവരും പ്രതിസന്ധികളെ അതിജീവിച്ച് പോരാടിയവരാണ്. ഭിന്നശേഷി ഒരു പോരായ്മ അല്ലെന്നും അത് സാധ്യതയായി കണ്ട് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നുമുള്ള സന്ദേശം കൂടിയാണ് ഇവർ നൽകുന്നത്. ആനുകൂല്യങ്ങൾ നൽകി അടിച്ചമർത്തപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാർ.
സഹതാപമല്ല വേണ്ടത്, മറിച്ച്, സ്നേഹവും കരുതലുമേകി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഭിന്നശേഷിക്കാരും മനുഷ്യരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.