18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024

ആർ സാംബന് അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡ്

Janayugom Webdesk
തിരുവനന്തപുരം
December 4, 2024 4:33 pm

പട്ടികജാതി ‑പട്ടികവര്‍ഗ വിഷയങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഡോ. ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നാളെ ഉച്ചക്ക് 12 ന് കെടിഡിസി ചൈത്രം ഓഡിറ്റോറിയത്തിൽ സ്പീക്കർ എ എൻ ഷംസീർ സമ്മാനിക്കുമെന്ന് മന്ത്രി ഒ ആർ കേളു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

‘പൂമാലയിലെ പൂക്കൾ’ എന്ന ശീർഷകത്തിൽ ജൂൺ 11 മുതൽ ഒൻപതു ദിവസങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് അച്ചടി മാധ്യമ വിഭാഗത്തിൽ സാംബനെ അവാർഡിന് അർഹനാക്കിയത്. ഇടുക്കി ജില്ലയിലെ പൂമാല ട്രൈബൽ സ്കൂൾ കേന്ദ്രീകരിച്ചു നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആ ഗ്രാമത്തിലുണ്ടാക്കിയ മാറ്റം പ്രതിപാദിക്കുന്നതാണ് പരമ്പര. പിആർഡി ഡയറക്ടര്‍ ടി വി സുഭാഷ്, മാധ്യമ പ്രവര്‍ത്തകരായ കെ പി രവീന്ദ്രനാഥ്, പ്രിയ രവീന്ദന്‍, സരസ്വതി നാഗരാജന്‍, രാജേഷ് കെ എരുമേലി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

മുമ്പ് ദേശാഭിമാനിയിലും പ്രവർത്തിച്ചിട്ടുള്ള സാംബന് ലഭിക്കുന്ന അമ്പതാമത്തെ അവാർഡാണിത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡിന് രണ്ടു വട്ടം അർഹനായി. രാംനാഥ്‌ ഗോയങ്ക, സ്റ്റേറ്റ്സ്മാൻ അവാർഡിന്റെ ഒന്നാം സ്ഥാനം, സരോജിനി നായിഡു അവാർഡ്,ജർമൻ എംബസി അവാർഡ്, കുഷ്റോ ഇറാനി അവാർഡ്, കെ സി കുലിഷ് രാജ്യാന്തര അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ. മക്കൾ: സാന്ദ്ര, വൃന്ദ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.