25 December 2024, Wednesday
KSFE Galaxy Chits Banner 2

പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ ഫ്രഞ്ച് സര്‍ക്കാര്‍ നിലംപതിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2024 10:03 am

പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ ഫ്രഞ്ച് സര്‍ക്കാര്‍ നിലംപതിച്ചു.ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പാസായതോടെ ഏറ്റവും കുറഞ്ഞ കാലം ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായ ആള്‍ എന്ന റെക്കോര്‍ഡോടെയാണ് തീവ്രവലത്, തീവ്ര ദേശീയ നിലപാടുകള്‍ പിന്തുടരുന്ന ബാര്‍ണിയ പുറത്താകുന്നത്.

മൂന്നുമാസം മുമ്പാണ് ബാര്‍ണിയ പ്രധാനമന്ത്രിയായി ചുമതലഏറ്റത്. 60 ബില്യൺ യൂറോ നികുതി വർദ്ധനയും ചെലവ് ചുരുക്കലും മുൻനിർത്തിയുള്ള ബാർണിയയുടെ ബജറ്റ് ഫ്രഞ്ച് പാർലമെന്റിൽ ആഴ്ചകൾ നീണ്ട തർക്കതിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ തന്റെ പ്രത്യേക അധികാരം ഉപയോ​ഗിച്ച് വോട്ടെടുപ്പില്ലാതെ ധനബിൽ പാസാക്കാനുള്ള ബാർണിയയുടെ നീക്കത്തിനെതിരെയാണ് ഇടതുപക്ഷ സഖ്യം അവിശ്വാസ പ്രമേയവുമായി മുന്നോട്ട് വന്നത്. 288 വോട്ടുകളായിരുന്നു സർക്കാരിനെ അസ്ഥിരമാക്കാൻ വേണ്ടത്. എന്നാൽ പ്രമേയത്തെ 331 എംപിമാരാണ് പിന്തുണച്ചത്. ഇടതു സഖ്യത്തിന്റെ പ്രമേയത്തെ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗവും അപ്രതീക്ഷിതമായി പിന്തുണയ്ക്കുകയായിരുന്നു. അതോടെ 1962ന് ശേഷം ആദ്യമായി രാജ്യത്തെ സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ നിലംപതിച്ചു.മിഷേൽ ബാർണിയയും സർക്കാരിന്റെ ഭാ​ഗമായ മറ്റ് അം​ഗങ്ങളും ഇന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് രാജി സമർപ്പിക്കും.

ബുധനാഴ്ചത്തെ അവിശ്വാസ വോട്ടെടുപ്പിന്റെ ഫലം എന്തായാലും രാജിവെക്കില്ലെന്ന് മാക്രോൺ പറഞ്ഞിരുന്നു. മാക്രോൺ ഇന്ന് വൈകിട്ട് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ജൂലൈക്ക് മുൻപായി വീണ്ടും തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതകളില്ലാത്തതിനാൽ‌ ഇടക്കാല പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിനെ തഴഞ്ഞ് ബാർണിയയെ പ്രധാനമന്ത്രിയാക്കാനുള്ള മാക്രോണിന്റെ തീരുമാനത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു.

ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന് കൃത്യമായ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യമായിരുന്നു ഫ്രാൻസിലുണ്ടായിരുന്നത്. ഇടതുപാർടികളുടെ സഖ്യമായ പോപ്പുലർ ഫ്രണ്ട്‌ 190 സീറ്റും മാക്രോണിന്റെ എൻസെംബിൾ സഖ്യം 160 സീറ്റും മരീൻ ലെ പെന്നിന്റെ തീവ്ര വലതുപാർടി നാഷണൽ റാലി 140 സീറ്റുമാണ് നേടിയത്. സ്വാഭാവികമായും സർക്കാർ രൂപീകരണത്തിന് ക്ഷണം ലഭിക്കേണ്ട ഇടതുസഖ്യത്തെ മാക്രോൺ തഴഞ്ഞു. തീവ്ര വലതുപക്ഷത്തെ അധികാരത്തിൽ നിന്നും അകറ്റിനിർത്തുക എന്ന സന്ദേശം തെരഞ്ഞെടുപ്പിലൂടെ നൽകിയ വോട്ടർമാരെ മാക്രോൺ വഞ്ചിച്ചെന്നായിരുന്നു ഇടതുസഖ്യം പ്രതികരിച്ചത്.

ബാർണിയെക്കെതിരെ സഭയിൽ അവിശ്വാസം വന്നാൽ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപാർടി വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്ന് സഹായിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഫ്രാൻസിനെ തകർക്കുന്ന വിഷലിബ്ദമായ ബജറ്റ് ആണ് സർക്കാർ മുന്നോട്ട് വച്ചതെന്നും ബാർനിയയെ നീക്കം ചെയ്യുകയല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്നായിരുന്നു അവിശ്വാസവോട്ടെടുപ്പിന് പിന്നാലെ മരീൻ ലെ പെൻ പ്രതികരിച്ചത്. നിലവിൽ ഇമ്മാനുവൽ മാക്രോണിൻ്റെ രാജി ഞാൻ ആവശ്യപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.