19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024

ആഗോള നിക്ഷേപക ഉച്ചകോടി മുന്നേറ്റത്തിന് പാതയൊരുങ്ങുന്നു

 ശ്രദ്ധേയമായി കേരളത്തിന്റെ റോഡ് ഷോകള്‍
 തൊഴില്‍ നൈപുണ്യവും വ്യവസായ സൗഹൃദ അന്തരീക്ഷവും പ്രയോജനപ്പെടുത്തണം: മന്ത്രി പി രാജീവ് 
Janayugom Webdesk
ന്യൂഡല്‍ഹി
December 6, 2024 9:26 pm

ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ മുന്നോടിയായി നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കുമായി നടത്തിയ റോഡ് ഷോകള്‍ ശ്രദ്ധേയമാകുന്നു. 

സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പരിചയപ്പെടുത്താനും വിവിധ മേഖലകളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി 41 പരിപാടികളാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്നത്. ഇതില്‍ റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍, ഇന്‍വെസ്‌റ്റേഴ്‌സ് കോണ്‍ക്ലേവുകള്‍, സെക്ടറല്‍ യോഗങ്ങള്‍, റോഡ് ഷോകള്‍ എന്നിവ ഉള്‍പ്പെടുന്നു. ചെന്നൈ, ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി റോഡ് ഷോകള്‍ പൂര്‍ത്തിയായി. ഇന്ത്യക്കു പുറത്തും റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ന്യൂഡല്‍ഹിയില്‍ ഇന്നലെ നടന്ന റോഡ് ഷോ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തൊഴില്‍ നൈപുണ്യവും വ്യവസായ സൗഹൃദ അന്തരീക്ഷവും പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരോട് മന്ത്രി ആവശ്യപ്പെട്ടു. കേരളത്തെ വ്യവസായ സൗഹൃദമാക്കാനായി കൈക്കൊണ്ട നിയമഭേദഗതികളെയും നയരൂപീകരണത്തെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

നൈപുണ്യശേഷിയുള്ള തൊഴിലാളികള്‍, വൈജ്ഞാനിക സമൂഹം എന്നിവ കേരളത്തിന്റെ കരുത്താണെന്നും വൈജ്ഞാനിക മൂലധനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഐടി, ഇതര നൂതന സാങ്കേതിക വിദ്യാ മേഖലയില്‍ രാജ്യത്ത് സംസ്ഥാനമാണ് മുന്‍പന്തിയില്‍. ഈ മേഖലകളില്‍ നിരവധി വിദേശ കമ്പനികള്‍ ഓഫിസുകള്‍ തുറക്കുകയും നിക്ഷേപത്തിന് തയ്യാറാകുകയും ചെയ്യുന്നു. ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകോത്തര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. പ്രതിരോധ‑ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക നിര്‍മ്മാണ കമ്പനികള്‍ക്കും വലിയ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. 

കേരളത്തിലേക്ക് തിരിച്ചെത്തി നിക്ഷേപ സംരംഭങ്ങള്‍ തുടങ്ങുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുള്ളത്. ഒരു ‘റിവേഴ്‌സ് മൈഗ്രേഷന്‍’ സംഭവിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് വ്യവസായത്തിനുള്ള ലൈസന്‍സ് ഒരു മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനമായ കെ-സ്വിഫ്റ്റ് വഴി ലഭ്യമാകും. വ്യവസായം തുടങ്ങാനുള്ള വിവിധ അനുമതികള്‍ക്കായി ഓണ്‍ലൈനില്‍ ലഭിക്കുന്ന രേഖ ഹാജരാക്കാവുന്നതാണ്. ഇത്തരം പരിഷ്‌കരണങ്ങള്‍ കൊണ്ടാണ് വ്യവസായ സൗഹൃദ നടപടികളില്‍ കേരളത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. വ്യവസായ സംരംഭകരില്‍ നിന്നുള്ള മികച്ച അഭിപ്രായവും റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചു. ഇത് ആഗോള നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കേരളം വ്യവസായസൗഹൃദമല്ലെന്ന കാഴ്ചപ്പാട് മാറി. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടത്തെ കണക്കില്‍ തൊഴിലാളി സമരങ്ങളുടെയും പണിമുടക്കിന്റെയും എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിറകിലാണ് കേരളം.

രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വലിപ്പമുള്ള കേരളം ജിഡിപിയിലേക്ക് നാല് ശതമാനം സംഭാവന ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള വ്യവസായ പദ്ധതികള്‍ ആവിഷ്കരിക്കാനും നിക്ഷേപം ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2023ലെ സംസ്ഥാന വ്യവസായ നയത്തില്‍ 22 മുന്‍ഗണനാ മേഖലകള്‍ സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ട്.

രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലും രാജ്യത്ത് ഒന്നാമതാണ്. ഈ സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിന് നിക്ഷേപക സമൂഹത്തിന്റെയും വ്യവസായ പ്രമുഖരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.